സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ടി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരവ് നടത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

രാഷ്ട്രീയം

വിവരണം

ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ പേരില്‍ സ്കൂളുകളില്‍ സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പിരിവ് നടത്തുന്നു എന്ന പേരിലുള്ള പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നു. ആലപ്പുഴ കാട്ടൂര്‍ ഹോളി ഫാമിലി ഹൈസ്‌കൂളിലെ പ്രധാന അധ്യാപികയായ പി.റോസമ്മ സ്കൂളില്‍ ഇറക്കിയ നോട്ടീസാണ് വിവാദമായിരിക്കുന്നത്. നോട്ടിസിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്-

പ്രിയ അധ്യാപകരെ, വിദ്യാര്‍ത്ഥികളെ ബഹു. എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ അഭ്യര്‍ത്ഥന പ്രകാരം നമ്മുടെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളില്‍ നിന്നും 10 രൂപ പ്രകാരവും അധ്യാപകരില്‍ നിന്നും 100 രൂപ പ്രകാരവും ഓഗസ്റ്റ് രണ്ടാം തീയതിക്ക് മുന്‍പായി എംഎല്‍എ ഓഫിസില്‍ എത്തിക്കേണ്ടതാണ്. അതിനാല്‍ ക്ലാസ് അധ്യാപകര്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. എന്നതാണ് സ്കൂളില്‍ നല്‍കിയ നോട്ടീസിന്‍റെ പൂര്‍ണ്ണരൂപം. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത് സ്വാതന്ത്ര്യം ദിനത്തോട് അനുബന്ധിച്ച എംഎല്‍എ സ്കൂളില്‍ നടത്തുന്ന പിരിവാണിതെന്നും എന്തിനു വേണ്ടിയാണ് എംഎല്‍എയുടെ ഓഫിസില്‍ ഇത്തരത്തിലൊരു പിരിവ് നടത്തി പണം എത്തിക്കുന്നതെന്നുമൊക്കയായി ചോദ്യങ്ങള്‍.

അങ്ങനെ സ്വാതന്ത്ര്യ ദിനാഘോഷം ഈ നില വരെയായി എന്ന തലക്കെട്ട് നല്‍കി അഡ്വ വി.ആര്‍.പ്രമോദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 176ല്‍ അധികം റിയാക്ഷനുകളും 609ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Post 

എന്നാല്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് വേണ്ടിയാണോ എംഎല്‍എ ഓഫിസ് സ്കൂളില്‍ പിരിവ് നടത്തിയത്? ഇത് നിര്‍ബന്ധിതമായി ആലപ്പുഴ മണ്ഡലത്തിലെ എല്ലാ സ്കൂളുകളിലും പിരിവ് നടത്തിയിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആദ്യം തന്നെ ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജന്‍റെ ഓഫിസുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ട് വിവാദത്തെ കുറിച്ച് അന്വേഷിച്ചു. പി.പി.ചിത്തരഞ്ജന്‍ തന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വിഷയത്തിന്‍റെ സത്യാവസ്ഥ വിശദമായി പങ്കുവെച്ചിട്ടുണ്ടെന്ന് ഓഫിസ് പ്രതിനിധി അറിയിച്ചു. ഇതുപ്രകാരം ചിത്തരഞ്ജന്‍റെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും ലഭിച്ച   വിശദീകരണ കുറിപ്പ് ഇങ്ങനെയാണ്-

“ദുഷ്പ്രചരണം തിരിച്ചറിയുക..

ബഹുമാന്യരേ,

കഴിഞ്ഞ രണ്ടു ദിവസമായി കാട്ടൂർ ഹോളി ഫാമിലി സ്‌കൂളിലെ ഹെഡ് മിസ്ട്രസ്  തയ്യാറാക്കിയ ഒരു കത്തുമായി ബന്ധപ്പെട്ട് നിരവധി അഭിപ്രായ പ്രകടനങ്ങളും ദുഷ്പ്രചാരവേലയും സാമൂഹ്യ മാധ്യമങ്ങളിലൂടെ നടന്നുവരുകയാണ്. വസ്തുത എന്താണ് എന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഞാൻ ഈ പോസ്റ്റ് ഇടുന്നത്. ആലപ്പുഴ മണ്ഡലത്തിൽ എംഎൽഎ എന്ന നിലയിൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ കൂടാതെ ജനകീയ പങ്കാളിത്തത്തോടെ നിരവധി കാര്യങ്ങൾ ചെയ്ത് കൊണ്ടിരിക്കുകയാണ്. സാമ്പത്തികമായ ഏറെ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഉപരിപഠനത്തിന് സഹായം, ചികിത്സാ സഹായം, ഉയർന്ന മാർക്ക് വാങ്ങി വിജയിക്കുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങുകൾ, ഇതോടൊപ്പമാണ് ഇത്തവണ ‘സഹപാഠിക്ക് ഒരു വീട്’ എന്ന പദ്ധതി കൂടി നടപ്പിലാക്കുവാൻ നിശ്ചയിച്ചത്.

ഇതിന് പ്രേരിപ്പിക്കപ്പെട്ടത് പാട്ടുകളം എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ജെസ്‌വിന്റെ ദയനീയാവസ്ഥയായണ്. ഈ കുട്ടിയുടെ പിതാവ് റോയ് ഒരു മത്സ്യത്തൊഴിലാളിയാണ്. കാൻസർ രോഗബാധയെ തുടർന്ന് രണ്ടുവർഷമായി ജോലിക്ക് പോകുവാൻ കഴിയുന്നില്ല. ഇവർ താമസിക്കുന്ന വീട് വളരെ ജീർണ്ണാവസ്ഥയിലാണ്. തീരദേശ നിയന്ത്രണ നിയമ പ്രകാരം ലൈഫ് പദ്ധതിയിലും വീട് ഇവർക്ക് ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് നിലവിലുള്ള വീട് പുതുക്കി പണിയുന്നതിന് ആവശ്യമായ തുക കണ്ടെത്തുവാൻ തീരുമാനിക്കുന്നത്.

ഇതിനായി ആലപ്പുഴ മണ്ഡലത്തിൽ ഉൾപ്പെടുന്ന സ്‌കൂളുകളിലെ വിദ്യാർത്ഥികളോട് 10 രൂപ സഹായമായി അഭ്യർത്ഥിക്കുവാനും അധ്യാപകരുടെയും സുമനസ്സുകളായ മറ്റുള്ളവരുടെയും സഹായവും ഇതിനായി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇങ്ങനെ സമാഹരിക്കുന്ന തുക പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്‌കൂൾ പി.ടി.എ പ്രസിഡന്റിന്റെയും പേരിൽ ജോയിന്റ് അകൗണ്ട് ആയി ബാങ്കിൽ നിക്ഷേപിച്ച് കൊണ്ട് വീടിന്റെ നിർമ്മാണം പൂർത്തീകരിക്കുവാനാണ് ലക്ഷ്യംവെച്ചിട്ടുള്ളത്.

നിർഭാഗ്യമെന്ന് പറയട്ടെ, കാട്ടൂർ സ്‌കൂളിലെ ഹെഡ് മിസ്ട്രസിന്റെ കത്തിൽ എന്ത് ആവശ്യത്തിനാണെന്നതിനെ സംബന്ധിച്ച് ഒന്നും പ്രതിപാദിച്ചിട്ടില്ല. എന്നുമാത്രമല്ല എംഎൽഎ ഓഫീസിൽ തുക എത്തിക്കണമെന്നും പറഞ്ഞിരിക്കുന്നു. ഇത് തികച്ചും തെറ്റാണ്. ഒരു സ്‌കൂളിൽ നിന്നും യാതൊരുവിധ സാമ്പത്തികവും ഞാനോ എന്റെ ഓഫീസോ സ്വീകരിച്ചിട്ടുമില്ല. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയും വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനും വേണ്ടി ചിലർ തെറ്റായ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. നിസ്സഹായരായ ഒരു കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി നടക്കുന്ന ഈ പ്രവർത്തനത്തെ അവഹേളിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ നാട്ടിലെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ജീവിത ദുരിതം അനുഭവിക്കുന്ന സാധാരണക്കാരായ മനുഷ്യരെ സഹായിക്കുന്നതിന് വേണ്ടിയും കക്ഷി രാഷ്ട്രീയത്തിന് അധീതമായി പ്രവർത്തിക്കാനാണ് ഈ കാലമത്രയും ഞാൻ പരിശ്രമിച്ചിട്ടുള്ളത്. അത് ഇനിയും തുടരും.. കുപ്രചരണങ്ങളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും യാഥാർഥ്യം മനസ്സിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു.”

ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം –

കാട്ടൂര്‍ ഹോളി ഫാമിലി ഹൈസ്കൂളിലെ പ്രധാന അധ്യാപകിയുടെ വിശദീകരണം-

എംഎല്‍എ ഓഫിസില്‍ നിന്നും സ്കൂളുകളില്‍ നല്‍കിയ അഭ്യര്‍ത്ഥനയുടെ പകര്‍പ്പ്-

നിഗമനം

സഹപാഠിക്കൊരു വീട് എന്ന പേരില്‍ നിര്‍ധനരായ ഒരു കുട്ടിയുടെ കുടുംബത്തിന് വീട് വെച്ചുനല്‍കാനായി ആലപ്പുഴ മണ്ഡലത്തിലെ സ്കൂളുകളില്‍ നടത്തുന്ന പിരിവിനെ കുറിച്ചാണ് തെറ്റായ തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. തീരദേശ നിയന്ത്ര നിയമ പ്രകാരം വീട് സ്ഥിതി ചെയ്യുന്നത് തീരപ്രദേശത്തായതിനാല്‍ കുട്ടിക്ക് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ച് നല്‍കാന്‍ നിയമപരമായ തടസം നിലിനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് എംഎല്‍എ ഇത്തരമൊരു സഹായ പദ്ധതിക്ക് തുടക്കമിട്ടത്. കാട്ടൂര്‍ സ്കൂളിലെ പ്രധാന അധ്യാപിക വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് എംഎല്‍എ ഓഫിസില്‍ നിന്നും ലഭിച്ച അഭ്യര്‍ത്ഥന നോട്ടീസിന് തയ്യാറാക്കിയ കവര്‍ ലെറ്ററാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധമായും എല്ലാവരും പണം നല്‍കണമെന്ന് എംഎല്‍എയുടെ അഭ്യര്‍ത്ഥനയില്‍ എഴുതിയിട്ടില്ല എന്നും വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിക്കപ്പെടുന്നതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:സ്വാതന്ത്ര്യ ദിനാഘോഷത്തിന് വേണ്ടി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ സ്കൂളുകളില്‍ നിര്‍ബന്ധിത പണപ്പിരവ് നടത്തിയോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.