FACT CHECK – പൈപ്പ് ഉദ്ഘാടനത്തിന് വേണ്ടിയാണോ രാഹുല്‍ ഗാന്ധി എംപി വയനാട് സന്ദര്‍ശിച്ചത്? വസ്‌തുത അറിയാം..

രാഷ്ട്രീയം

വിവരണം

വയനാട് എംപി രാഹുല്‍ ഗാന്ധി തന്‍റെ മണ്ഡലം സന്ദര്‍ശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ കഴിഞ്ഞു ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്‍റെ ഒരു ചിത്രം എതിര്‍ പാര്‍ട്ടിയുടെ പേജുകളിലും ഗ്രൂപ്പുകളിലുമെല്ലാം വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. രാഹുല്‍ ഗാന്ധി തന്‍റെ സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും മറ്റ് ചില ആളുകളുടെയും ഒപ്പം ഒരു പൈപ്പ് തുറന്ന് പരിശോധിക്കുന്നതാണ് ഈ ചിത്രം. എന്താല്ലേ.. ഭാവി പ്രധാനമന്ത്രിയാകാന്‍ വയനാട്ടിലേക്ക് രക്ഷപെട്ട ആളാണ് ഇപ്പോള്‍ വെള്ളം വരുന്ന പൈപ്പിന്‍റെ ഉദ്ഘാടനത്തിന് വിമാനം പിടിച്ച് അങ്ങ് ദില്ലിയില്‍ നിന്ന്.. എന്ന തലക്കെട്ട് നല്‍കി പോരാളി ഷാജി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം റിയാക്ഷനുകളും 265ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

ചിത്രത്തില്‍ കാണുന്നത് പഞ്ചായത്ത് പൈപ്പിന്‍റെ ഉദ്ഘാടനമാണോ? ഈ ഒരു ഉദ്ഘാടന ചടങ്ങിന് പങ്കെടുക്കാന്‍ വേണ്ടി മാത്രമാണോ രാഹുല്‍ ഗാന്ധി വായനാട്ടില്‍ എത്തിയത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനവും ചിത്രത്തിന് ആസ്പദമായ പരിപാടികളെയും കുറിച്ച് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി രാഹുല്‍ ഗാന്ധിയുടെ വായാനാട്ടിലെ ഓഫിസില്‍ ഫോണില്‍ ബന്ധപ്പെട്ടു. സ്റ്റാഫ് അംഗമായ അഗസ്റ്റിന് ചിത്രത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്-

വയനാട് പടിഞ്ഞാറത്തറ കൂവളത്തോട് കോളനിയിലെ നാല്‍പതോളം കുടുംബങ്ങള്‍ക്ക് വേണ്ടിയുള്ള കുടിവെള്ള പദ്ധതിയാണ് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് കൂവളത്തോട് കോളനിയില്‍ സന്ദര്‍ശിച്ചപ്പോള്‍ ടാപ്പ് തുറക്കുന്നതാണ് വീഡിയോയും ചിത്രവുമെല്ലാം. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ശിലാഫലകകം ആനാശ്ചാദനം ചെയ്താണ് നിര്‍വഹിച്ചത്. ഇത് കൂടാതെ മാനന്തവാടിയിലെ ഗാന്ധി പാര്‍ക്കില്‍ മഹാത്മ ഗാന്ധി പ്രതിമയുടെ അനാശ്ചാദനം, കാട്ടുനൈക കോളനിയിലെ കുടിവെള്ള പദ്ധതി ഉദ്ഘാടനം,  നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്‍റല്‍ യൂണിറ്റ് ഉദ്ഘാടനവും ഫിസിയോതെറാപ്പി ഉപകരണങ്ങളുടെ വിതരണം തുടങ്ങിയ പദ്ധതികള്‍ എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വയനാട്ടില്‍ നടപ്പിലാക്കിയെന്നും രാഹുല്‍ ഗാന്ധിയുടെ ഓഫിസ് അറിയിച്ചു.

രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത പദ്ധതിയെ കുറിച്ച് അദ്ദേഹത്തിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലില്‍ വയനാട് ഡയറീസ് എന്ന പേരില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്-

YouTube Video

നിഗമനം

കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന വയനാട്ടിലെ രണ്ട് കോളനികളിലേക്കുള്ള കുടുംബങ്ങള്‍ക്കായുള്ള കുടിവെള്ള പദ്ധതി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്തു. ഇതുകൂടാതെ മറ്റ് പദ്ധതികളും എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് വയനാട്ടില്‍ നടപ്പിലാക്കിയതിന്‍റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഒരു പഞ്ചായത്തിലെ പൊതുപൈപ്പ് ഉദ്ഘാടനത്തിന്‍റെ ചിത്രമല്ല ഇതെന്നും കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനമാണെന്നും വ്യക്തമായി കഴി‍ഞ്ഞു. മറ്റ് വികസന പദ്ധതികളും ഉദ്ഘാടനം ചെയ്യുക ലക്ഷ്യത്തോടെയാണ് രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയത്. അതിനാല്‍ സമൂഹമാധ്യമങ്ങളിലെ  പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമാണെന്ന് അനുമാനിക്കാം.

Avatar

Title:പൈപ്പ് ഉദ്ഘാടനത്തിന് വേണ്ടിയാണോ രാഹുല്‍ ഗാന്ധി എംപി വയനാട് സന്ദര്‍ശിച്ചത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •