
വിവരണം
ഭരണപക്ഷത്തെ പ്രശംസിച്ച് ഇതര പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍ നടത്തിയ പ്രസ്താവനകളും പരാമര്‍ശങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വളരെ വേഗം വൈറല്‍ ആകാറുണ്ട്. ഇത്തരത്തില്‍ പ്രചരിച്ച നിരവധി പോസ്റ്റുകള്‍ക്ക് മുകളില്‍ ഞങ്ങള്‍ വസ്തുതാ അന്വേഷണം നടത്തുകയും പല പ്രചാരണങ്ങളും തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി എം പി ഇ ടി മുഹമ്മദ് ബഷീറിന്റെ പേരില്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത ഇന്ന് ഞങ്ങള്‍ പരിശോധിച്ചു. പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്: പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ സംതൃപ്തനാണ്. ഇ ടി മുഹമ്മദ് ബഷീര്‍. അദ്ദേഹത്തിന്‍റെ ചിത്രവും ഒപ്പം നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഫാക്റ്റ് ക്രസന്റോ ഈ പോസ്റ്റിനെ പറ്റി അന്വേഷിച്ചപ്പോള്‍ ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചാരണമാണെന്ന് തെളിഞ്ഞു.
വസ്തുത ഇതാണ്
ഞങ്ങള്‍ ഈ പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം അറിയാനായി വാര്‍ത്തകള്‍ തിരഞ്ഞപ്പോള്‍ വാര്‍ത്താ മാധ്യമങ്ങളിലൊന്നും ഇങ്ങനെ ഒരു വാര്‍ത്ത പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്ന് വ്യക്തമായി. അതിനാല്‍ തുടര്‍ന്നുള്ള അന്വേഷണത്തിന്‍റെ ഭാഗമായി ഞങ്ങള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയുടെ ഫേസ്ബുക്ക് പേജ് പരിശോധിച്ചു. ആനുകാലിക സംഭവങ്ങളെ കുറിച്ചും രാഷ്ട്രീയ സംഭവ വികാസത്തെ കുറിച്ചുമെല്ലാം നിത്യേന അദ്ദേഹം പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നയങ്ങളെ ചോദ്യം ചെയ്തും വിമര്‍ശിച്ചും കൊണ്ടുള നിരവധി പോസ്റ്റുകള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാരിനെ പ്രശംസിക്കുന്ന ഒരു പോസ്റ്റ് പോലും അതിലില്ല.
അതിനാല്‍ കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി അദ്ദേഹത്തോട് തന്നെ നേരിട്ട് സംസാരിച്ചു. അദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയാണ്: “ഇത് വെറും തെറ്റായ പ്രചാരണമാണ്. കോവിഡ് മഹാമാരി പടരാന്‍ ആരംഭിച്ച ശേഷം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവായിരുന്നല്ലോ. കോവിഡ് മഹാമാരി പടര്‍ന്നു തുടങ്ങിയ കാലത്ത് സംസ്ഥാനത്ത് രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു എന്ന് മാത്രം ഞാന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. പറഞ്ഞത് അക്കാലത്തായിരുന്നു. അല്ലാതെ ഇപ്പോഴൊന്നുമല്ല. ഇതല്ലാതെ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തിയോ പ്രശംസിച്ചോ ഞാന്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ല. തെറ്റിദ്ധാരണ സൃഷിക്കാന്‍ വേണ്ടി നടത്തുന്ന വ്യാജ പ്രചരണം മാത്രമാണിത്.”
ഇ ടി മുഹമ്മദ് ബഷീര്‍ എംപി സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ചു എന്ന തരത്തിലുള്ള പ്രചരണം തെറ്റാണ് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കോവിഡ് മഹാമാരി പടര്‍ന്നു തുടങ്ങിയ കാലത്ത് സംസ്ഥാനത്ത് രോഗികളുടെ എണ്ണം പിടിച്ചു നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു എന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി അക്കാലത്ത് പറഞ്ഞിരുന്നു. അതല്ലാതെ സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തി ഇ ടി മുഹമ്മദ് ബഷീര്‍ എംപി ഒരു പരമാര്‍ശം പോലും നടത്തിയിട്ടില്ല എന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Title:പിണറായി സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തനാണെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞതായി തെറ്റായ പ്രചരണം…
Fact Check By: Vasuki SResult: Partly False
