ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖറിന്‍റെ ഒരു അഭിമുഖ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയുടെ ഒരു ഭാഗമാണ് ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം പ്രചരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ഷാജന്‍ സ്കറിയ രാജീവ് ചന്ദ്രശേഖറിനെ അഭമുഖം ചെയ്യുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഇരുവരും ചിപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഭാഗത്തില്‍ 2,000 രൂപയുടെ കറന്‍സി നോട്ടില്‍ ചിപ്പ് കണ്ടുപിടിച്ച മഹാനും സഹായിയും എന്ന തലക്കെട്ടോടെയാണ് വീ‍ഡിയോയുടെ പ്രചരണം.

മുഹമ്മദ് ഖട്ടൂണ്‍ എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് 72ല്‍ അധികം റിയാക്ഷനുകളും 59ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Screen Record 

എന്നാല്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചാണോ അഭിമുഖത്തില്‍ രാജീവ് ചന്ദ്രശേഖറും സാജന്‍ സ്കറിയയും സംസാരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ രാജീവ് ചന്ദ്രശേഖര്‍, മറുനാടന്‍ മലയാളി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും മറുനാടന്‍ എക്‌സ്ക്ലൂസീന് എന്ന യൂട്യൂബ് ചാനലില്‍ നിന്നും 38:18 ദൈര്‍ഘ്യമുള്ള  അഭമുഖത്തിന്‍റെ പൂര്‍ണ്ണരൂപം  കണ്ടെത്താന്‍ കഴിഞ്ഞു. വീഡിയോയുടെ 12:18 മുതലാണ് ചിപ്പിനെ കുറിച്ചുള്ള ഭാഗം. രാജീവ് ചന്ദ്രശേഖര്‍ പില്‍കാലത്ത് താന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തെ കുറിച്ചാണ് ഈ ഭാഗത്തില്‍ സംസാരിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ സാന്‍റ ക്ലാര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കപ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയായ ഇന്‍റലിലാണ് (Intel) താന്‍ ആറ് വര്‍ഷം ജോലി ചെയ്തിരുന്നതെന്നും ജോലിയില്‍ പ്രവേശിച്ചത് ഡിസൈന്‍ എന്‍ജിനീയറായിട്ടാണെന്നും പിന്നീട് സീനിയര്‍ എന്‍ജിനീയറാകുകയും തുടക്കം ഇന്‍റല്‍ 486 മോഡല്‍ ചിപ്പിന്‍റെ ‍ഡിസൈനിലായിരുന്നു എന്നും അതിന് ശേഷം ഇന്‍റല്‍ പെന്‍റിയം ചിപ്പിന്‍റെ സിപിയു ആര്‍കിടെക്‌ട് ആയി സ്ഥാനകയറ്റം ലഭിച്ചു എന്നുമാണ് രജീവ് ചന്ദ്രശേഖറിന്‍റെ വാക്കുകളുടെ പൂര്‍ണ്ണരൂപം. ഇതിലെവിടെയും 2,000 രൂപ നോട്ടിനെ കുറിച്ചോ അതിന്‍റെ ചിപ്പിനെ കുറിച്ചോ അല്ലാ ഇരുവരും സംസാരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

വീഡിയോയുടെ പൂര്‍ണ്ണരൂപത്തില്‍ നിന്നും പ്രസക്ത ഭാഗം കാണാം –

Marunadan Full Video | Archive

നിഗമനം

രാജീവ് ചന്ദ്രശേഖര്‍ അമേരിക്കയിലെ ഇന്‍റല്‍ ചിപ്പ് നിര്‍മ്മാണ കമ്പനിയില്‍ ജോലി ചെയ്തിരുന്ന കാലഘട്ടത്തെ കുറിച്ച് അഭമുഖത്തില്‍ പറയുന്ന വീഡിയോയുടെ ഭാഗമാണ് യഥാര്‍ത്ഥത്തില്‍ ക്രോപ്പ് ചെയ്ത് സമൂഹമാധ്യമത്തിലൂടെ തെറ്റായ തലക്കെട്ട് നല്‍കി പ്രചരിപ്പിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം വ്യാജമാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

Avatar

Title:ഈ വീഡിയോയില്‍ 2,000 രൂപ നോട്ടിലെ ചിപ്പിനെ കുറിച്ചല്ലാ രാജീവ് ചന്ദ്രശേഖര്‍ സംസാരിക്കുന്നത്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading