മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

Misleading കായികം

വിവരണം

ഖത്തറില്‍ നടന്ന ലോകകപ്പ് കിരീടത്തില്‍ അര്‍ജന്‍റീന മുത്തമിട്ടെന്ന വാര്‍ത്തയാണ് ഇപ്പോഴും പ്രധാന ചര്‍ച്ച വിഷയമായി മുന്നിലുള്ളത്. മെസ്സിയുടെ ലോകകപ്പ് സ്വപ്നം യാഥാര്‍ത്ഥ്യമായത് ആരാധകരെയും ഏറെ ആവശത്തിലാക്കിയിരിക്കുകയാണ്. അര്‍ജന്‍റീന ടീം അംഗങ്ങള്‍ക്ക് ജന്മനാട് അവിശ്വസനീയമായ സ്വീകരണമായിരുന്നു നല്‍കിയത്. ഇപ്പോള്‍ ഇതാ മെസ്സിക്ക് മറ്റൊരു അംഗീകാരം കൂടി അര്‍ജന്‍റീന നല്‍കാന്‍ ഒരുങ്ങുന്ന എന്ന ഒരു പ്രചരണമാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. മെസ്സിയുടെ ചിത്രമുള്ള 1000 അര്‍ജെന്‍റീന്‍ പെസോ കറന്‍സി അര്‍ജെന്‍റീന പുറത്തിറക്കാന്‍ പോകുകയാണെന്നാണ് പ്രചരണം. 1000 പെസോ നോട്ടിന്‍റെ ചിത്രം സഹിതമാണ് പോസ്റ്റുകള്‍ പങ്കുവെച്ചിട്ടുള്ളത്. മെസ്സിയുടെ വേൾഡ് കപ്പ് നേടിയിട്ടുള്ള ചിത്രം കൊണ്ടുള്ള കറൻസി ഇറങ്ങുന്നു അർജന്റീനയിൽമെസ്സിയുടെയും അർജന്റീന ടീമിന്റെയും ചിത്രത്തിനൊപ്പം, പതിനായിരം ഡോളറിന് തുല്യമായ “ആയിരം അർജന്റീന പെസോകളുടെ”കറൻസിയാണ്. ലാറ്റിനമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഫിസിക്കൽ കറൻസി എന്ന തലക്കെട്ട് നല്‍കി മെസ്സി ഫാന്‍സ് കേരള എന്ന ഗ്രൂപ്പില്‍ നിയു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 83ല്‍ അധികം റിയാക്ഷനുകളും 17ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ അര്‍ജന്‍റീന ഗവ. മെസ്സിയുടെ ചിത്രമുള്ള കറന്‍സി ഇറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

മെസ്സി, കറന്‍സി എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും തന്നെ പല ദേശീയ-അന്തര്‍ദേശിയ മാധ്യമങ്ങളും മെസ്സിയുടെ ചിത്രമുള്ള കറന്‍സിയുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അര്‍ജന്‍റീനയിലെ സാമ്പത്തിക ദിനപത്രമായ എല്‍ ഫിനാന്‍സിയെറോ റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയെ ഉദ്ദരിച്ച് ദ് ഹിന്ദുവിന്‍റെ  സ്പോര്‍ട്‌സ് സ്റ്റാര്‍ എന്ന കായിക വാര്‍ത്ത വെബ്‌സൈറ്റ് നല്‍കിയിരിക്കുന്ന വാര്‍ത്ത ഇതാണ്-

അര്‍ജെന്‍റീന സെന്‍ട്രല്‍ ബാങ്ക് അധികാരികള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ആ യോഗത്തില്‍ തമാശ രൂപേണ മെസ്സിയുടെ ചിത്രം നോട്ടില്‍ ഉള്‍പ്പെടുന്നതിനെ കുറിച്ച് പറഞ്ഞത് മാത്രമാണ് എന്നതാണ് വസ്‌തുത. മാത്രമല്ല അര്‍ജന്‍റീന-ഫ്രാന്‍സ് ഫൈനല്‍ മത്സരം നടക്കുന്നതിന് മുന്‍പാണ് ഈ യോഗം നടന്നതെന്നും ഇത് തമാശ മാത്രമാണിതെന്നും യാഥാര്‍ത്ഥ്യമാകുന്നതല്ലെന്നും എല്‍ ഫിനാന്‍സിയെറോ റിപ്പോര്‍ട്ട് ചെയ്തു. പ്രചരിക്കുന്ന 1000 പെസോ നോട്ടിന്‍റെ ചിത്രങ്ങള്‍ ഫോട്ടോഷോപ്പില്‍ ആരോ നിര്‍മ്മിച്ചതാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

നിഗമനം

അര്‍ജന്‍റീനയുടെ ഫിഫ ലോകകപ്പ് വിജയത്തിന് ശേഷം ടീം ക്യാപ്റ്റന്‍ മെസ്സിയുടെ ചിത്രം പതിച്ച കറന്‍സി ഇറക്കുമെന്നത് തെറ്റായ പ്രചരണമാണെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മെസ്സിയുടെ ചിത്രം അടങ്ങിയ കറന്‍സി നോട്ടുകള്‍ അര്‍ജന്‍റീന പുറത്തിറക്കുമെന്ന പ്രചരണം തെറ്റ്.. വസ്‌‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •