മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

സാമൂഹികം

വിവരണം

റോഡ് നിയമ ലംഘനത്തിന് പോലീസ് ഒരു ബൈക്ക് യാത്രികനില്‍ നിന്നും ഈടാക്കിയ പിഴയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. എറണാകുളം പൂക്കാട്ടുപടിയില്‍ ഇരുചക്രവാഹനം ഒടിച്ചയാളില്‍ നിന്നും മതിയായ ഇന്ധനം വാഹനത്തിനില്ല എന്ന കാരണം ചെല്ലാനില്‍ രേഖപ്പെടുത്തി പോലീസ് 250 പിഴ ഈടാക്കി എന്നതാണ് പ്രചരണം. പിഴ ഈടാക്കിയ ശേഷം പോലീസ് നല്‍കിയ ഇ-ചെല്ലാന്‍റെ പകര്‍പ്പ് സഹിതമാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പോലും ഇതെ കുറിച്ച് വാര്‍ത്ത നല്‍കി. ഒരു ബൈക്ക് യാത്രികന്‍ അദ്ദേഹത്തിന്‍റെ വാഹനത്തില്‍ ഇന്ധനം ആവശ്യത്തിന് നിറച്ചിട്ടില്ല എന്ന പേരില്‍ പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ വകുപ്പുണ്ടോ എന്ന സംശയത്തിലും ആശ്ചര്യത്തിലുമാണ് ഇ-ചെല്ലാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ചോദ്യം ഉന്നയിക്കുന്നത്. മാങ്കുഴി മുരളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിരിക്കുന്നത്-

Facebook Post Archived Screenshot 

എന്നാല്‍ പോലീസ് യുവാവില്‍ നിന്നും പിഴ ഈടാക്കിയത് ഇരുചക്രവാഹത്തില്‍ ആവശ്യത്തിന് ഇന്ധനം ഇല്ലാ എന്ന കാരണത്താലാണോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത.

വസ്‌തുത വിശകലനം

ആദ്യം തന്നെ ഞങ്ങളുടെ പ്രതിനിധി കേരള ട്രാഫിക് പോലീസ് സൗത്ത് സോണ്‍ എസ്‌പി എ.യു. സുനില്‍ കുമാറുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹം സംഭവത്തെ കുറിച്ച് നല്‍കിയ മറുപടി ഇങ്ങനെയാണ്-

കഴിഞ്ഞ ദിവസം പൂക്കോട്ടുപടിയില്‍ വാഹന പരിശോധനയ്ക്കിടയില്‍ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഇ-ചെല്ലാനില്‍ നല്‍കിയ നിയമലംഘനം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉടന്‍ തന്നെ ഇതെ കുറിച്ച് റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഇപോസ് മെഷീനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിയമലംഘനം സംബന്ധിച്ച് എന്‍റര്‍ ചെയ്ത കോഡ് തെറ്റിയെന്നതിനാലാണ് മറ്റൊരു വകുപ്പ് ചെല്ലാനില്‍ പ്രിന്‍റ് ചെയ്ത് വന്നതെന്നാണ് പ്രാധമികമായി തനിക്ക് ലഭിച്ച വിവരമെന്നും അദ്ദേഹം പറഞ്ഞു. യുവാവിനെ വണ്‍ വേ തെറ്റിച്ച് എതിര്‍ദിശയില്‍ വാഹനം ഓടിച്ചതിനാണ് പിഴ ഈടാക്കിയതെന്നും ഇന്ധനം ഇല്ലാ എന്ന കാരണത്താല്‍ അല്ലാ എന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ഇന്ധനം ഇല്ലാത്ത ഏത് തരം വാഹനങ്ങള്‍ക്കാണ് മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ഈടാക്കാന്‍ കഴിയുന്നതെന്ന ചോദ്യത്തിനുള്ള മറുപടി ലഭിക്കാന്‍ ഞങ്ങളുടെ പ്രതിനിധി മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ടു. അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

പാസഞ്ചര്‍ വാഹനങ്ങളില്‍ നിന്നും ഈടാക്കുന്ന പിഴയാണ് ഇത്. മഞ്ഞയില്‍ കറുത്ത അക്ഷരങ്ങളില്‍ രജിസ്ടര്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ മതിയായ ഇന്ധനം നിറച്ച ശേഷം മാത്രമെ സഞ്ചാരികളുമായി യാത്ര ചെയ്യാന്‍ പാടുള്ളു എന്ന് നിയമമുണ്ട്. ഒരു ടൂറിസ്റ്റ് ബസ് സഞ്ചാരികളെ കയറ്റിയ ശേഷം ഇന്ധനം നിറയ്ക്കാന്‍ പെട്രോള്‍ പമ്പില്‍ എത്തിയാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഈ വകുപ്പ് പ്രകാരം പിഴ ഈടാക്കാറുണ്ടെന്നും ഇത് സ്വകാര്യ വാഹനങ്ങള്‍ക്ക് ബാധകമല്ലെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

അതെസമയം 250 രൂപ പിഴ നല്‍കിയ ബൈക്ക് യാത്രികനായ ബേസില്‍ ശ്യാം തന്‍റെ പേരില്‍ പ്രചരിക്കുന്ന ഇ-ചെല്ലാന്‍ പകര്‍പ്പിനെ കുറിച്ചുള്ള പ്രതികരണം അദ്ദേഹത്തിന്‍റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുണ്ട്. താന്‍ ജോലി സ്ഥലത്തേക്ക് പോകുമ്പോള്‍ ദൂരം കുറഞ്ഞ വഴിയിലൂടെ പോകാമെന്ന ഉദ്ദേശത്തില്‍ പൂക്കാട്ടുപടി ജംക്ഷനിലെ വണ്‍ വേ ലംഘിച്ച് എതിര്‍ദിശയില്‍ യാത്ര ചെയ്തതിനാലാണ് പോലീസ് തടഞ്ഞതെന്നും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ നിയമ ലംഘനം എന്‍റര്‍ ചെയ്തപ്പോള്‍ ഒരുപക്ഷെ മാറി പോയതാകാമെന്നും ബേസില്‍ പോസ്റ്റില്‍ പറയുന്നു. താന്‍ ഒരു കൗതുകത്തില്‍ വാട്‌സാപ്പ് സ്റ്റാറ്റസാക്കിയതാണെന്നും ഇതാരോ സ്ക്രീന്‍ഷോട്ട് എടുത്ത ശേഷം മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് താന്‍ അറിയാതെ വൈറലായതാണെന്നും ബേസില്‍ വിശദീകരിച്ചിട്ടുണ്ട്.

ബേസില്‍ ശ്യാമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post 

നിഗമനം

ഇരുചക്രവാഹനത്തില്‍ മതിയായ ഇന്ധനം ഇല്ലാത്തതിനാലാണ് യുവാവിന് പോലീസ് 250 രൂപ പിഴ ഈടാക്കിയതെന്ന പ്രചരണം തെറ്റാണെന്ന് ഇതോടെ വ്യക്തമായിട്ടുണ്ട്. വണ്‍ വേ ലംഘിച്ച് വാഹനം ഓടിച്ചതിന് പോലീസ് തടഞ്ഞ യുവിവിന് ഇപോസ് മെഷീനില്‍ വകുപ്പ് തെരഞ്ഞെടുത്ത് പ്രിന്‍റ് നല്‍കിയപ്പോള്‍ തെറ്റായി വകുപ്പ് സെലക്‌ട് ചെയ്തതാണ് ഇത്തരത്തില്‍ ഒരു നിയമ ലംഘനം ഇ ചെല്ലാന്‍ പകര്‍പ്പില്‍ അച്ചടിച്ച് വരാന്‍ കാരണമായത്. അതുകൊണ്ട് തന്നെ പ്രചരം തെറ്റിദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മതിയായ ഇന്ധനമില്ലാ എന്ന കാരണത്താലാണോ പോലീസ് ഇരുചക്രവാഹന യാത്രികനില്‍ നിന്നും പിഴ ഈടാക്കിയത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.