മുസ്‌ലിം മത വിശ്വാസ പ്രകാരമുള്ള വേഷം ധരിച്ചാണോ വൈറല്‍ ചിത്രത്തിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നത്? വസ്‌തുത അറിയാം..

സാമൂഹികം

വിവരണം

മതപരമായ വസ്ത്രം ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് ജോലി ചെയ്യാമോ എന്ന ചോദ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. തൊപ്പി വെച്ച് നീണ്ട താടി വളര്‍ത്തി ഒറ്റനോട്ടത്തില്‍ വെള്ള നിറത്തിലെ ഫുള്‍സ്ലീവ് ഷര്‍ട്ടും മുണ്ടും ധരിച്ച് കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്ന ഡ്രൈവര്‍ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. മുസ്‌ലിം വിശ്വാസ പ്രകാരമുള്ള വസ്ത്രം ധരിച്ച് യൂണിഫോമില്ലാതെ കെഎസ്ആര്‍ടിസി ബസ് ഓടിക്കാനുള്ള അനുവാദം ആരാണ് കേരളത്തില്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നതെന്നും തുടങ്ങിയുള്ള വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയരുന്നത്. ഇത്‌ കേരളം തന്നെയാണോ ????തമ്പാനൂർ KSRTC ബസ് സ്റ്റേഷനിൽനിന്ന് 24/5/2022 വൈകുന്നേരം പുറപ്പെട്ട മാവേലിക്കര ഫാസ്റ്റ് പാസഞ്ചർ ബസിൽ നിന്നുള്ളതാണ് ഈ ദൃശ്യം.യൂണിഫോം ധരിച്ചാണ് ഈ ഡ്രൈവർ വാഹനമോടിക്കുന്നത്. ആരുടെ യൂണിഫോം? എന്ന തലക്കെട്ട് നല്‍കി ഹിന്ദു പ്രൊട്ടെക്‌ഷന്‍ ഫോറം എന്ന പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 156ല്‍ അധികം റിയാക്ഷനുകളും 91ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുസ്‌ലിം മതവിശ്വാസ പ്രകാരമുള്ള വസ്‌ത്രം ധരിച്ചാണോ ചിത്രത്തിലുള്ള ഡ്രൈവര്‍ കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നത്? എന്നാല്‍ എന്താണ് ഈ പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

കെഎസ്ആര്‍ടിസിയിലെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പരിശോധിച്ചതില്‍ നിന്നും പ്രചരണത്തെ കുറിച്ചുള്ള കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക വിശദീകരണം കണ്ടെത്താന്‍ സാധിച്ചു. കെസ്ആര്‍ടിസിയുടെ വിശദീകരണം ഇപ്രാകരമാണ്-

വീണ്ടും തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണം …..

ഡ്രൈവർ ധരിച്ചിരുന്നത് ശരിയായ  യൂണിഫോം.

കെ.എസ്. ആർ. ടി. സി ബസ്സിൽ യൂണിഫോം ധരിക്കാതെ ഡ്രൈവർ  ജീവനക്കാരൻ ഡ്യൂട്ടി നിർവ്വഹിക്കുന്നു എന്ന്  തെറ്റിധാരണ പരത്തുന്ന രീതിയിൽ പ്രചരിക്കുന്ന ചിത്രം തെറ്റിദ്ധാരണ പരത്തുന്നതെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി.

ഇത്തരം ഒരു   ചിത്രം പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ കെ.എസ്.ആർ ടി സി  വിജിലൻസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കെ.എസ്.ആർ ടി സി മാവേലിക്കര യൂണിറ്റിലെ ഡ്രൈവർ  പി.എച്ച് അഷറഫ് , എ.റ്റി. കെ 181 ആം നമ്പർ ബസ്സിൽ മേയ് 24 ന്   തിരുവനന്തപുരം – മാവേലിക്കര സർവ്വീസിൽ  ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടെയാണ്  തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിലർ ചിത്രമെടുത്ത്  പ്രചരിപ്പിച്ചതായി കണ്ടെത്തിയത്.

കെ.എസ്.ആർ.ടി.സി. വിജിലൻസിന്റെ അന്വേഷണത്തിൽ  ഡ്രൈവർ പി. എച്ച് അഷറഫ്   കൃത്യമായി യൂണിഫോം തന്നെ ധരിച്ച് ജോലി ചെയ്തതായി കണ്ടെത്തി.   ജോലി ചെയ്യവെ യൂണിഫോം  പാന്റിന് മുകളിലായി അഴുക്ക് പറ്റാതിരിക്കുവാൻ മടിയിൽ വലിയ ഒരു തോർത്ത് വിരിച്ചിരുന്നത് പ്രത്യേക ആംഗിളിൽ ഫോട്ടോ എടുത്ത് തെറ്റിധാരണ ഉണ്ടാക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് ചെയ്തത് എന്നും വ്യക്തമായിട്ടുണ്ട്.

അനുവദനീയമായ രീതിയിൽ  യൂണിഫോം ധരിച്ച്  കൃത്യനിഷ്ഠയോടെ ജോലി ചെയ്യുന്ന ജീവനക്കാരനെ തെറ്റിധാരണ പരത്തുന്ന രീതിയിൽ ചിത്രമെടുത്ത് ദുരുദ്ദേശത്തോടെ  പ്രചരിപ്പിക്കുകയാണ് ഉണ്ടായത് എന്നും അന്വേഷണത്തിൽ വെളിവായിട്ടുണ്ട്.

പ്രചരിപ്പിച്ചിരിക്കുന്ന ചിത്രം സൂം ചെയ്ത് നോക്കിയാൽ അഷറഫ്  നിഷ്കർഷിച്ചിരിക്കുന്ന സ്കൈ ബ്ലു ഷർട്ടും, നേവി ബ്ലു പാന്റും തന്നെയാണ്  ധരിച്ചിരിക്കുന്നത് എന്നും  വ്യക്തമാകുന്നതാണ്.

കെഎസ്ആര്‍ടിസി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook Post 

സ്ഥിരീകരിക്കാനായി ഞങ്ങളുടെ പ്രതിനിധി കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റുമായി ഫോണില്‍ ബന്ധപ്പെട്ടു. പി.എച്ച്.അഷ്റഫ് എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ കൃത്യമായി യൂണിഫോം ധരിച്ച് ഡ്യൂട്ടി ചെയ്യുന്ന വ്യക്തിയാണെന്നും പ്രചരണം അടിസ്ഥാന രഹിതവുമാണെന്നും അവര്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയില്‍ ഒരാളെയും യൂണിഫോമില്ലാതെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ആരോപണ വിധേയനായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ പി.എച്ച്.അഷ്റഫ് യൂണിഫോം ധരിച്ച് തന്‍റെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ബസ് ഓടിക്കുന്ന ചിത്രവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കെഎസ്ആര്‍ടിസി ഡ്രൈരവര്‍ അഷ്റഫിന്‍റെ ചിത്രങ്ങള്‍-

നിഗമനം

കെഎസ്ആര്‍ടിസി മാവേലിക്കര യൂണിറ്റിലെ പി.എച്ച്.അഷ്റഫ് എന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെയാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് കെഎസ്ആര്‍ടിസി വിജിലന്‍സ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കൂടാതെ ഡ്രൈവര്‍ യൂണിഫോം ധരിച്ച് തന്നെ ബസ് ഓടിക്കുന്ന ചിത്രങ്ങളും ലഭിച്ചിട്ടുണ്ട്. വസ്‌ത്രത്തില്‍ അഴുക്ക് പിടിക്കാതിരിക്കാന്‍ മടിയില്‍ ടവ്വല്‍ വിരിച്ചിട്ടതും ആകാശനീല നിറമുള്ള ഷര്‍ട്ട് വെള്ള ജുബ്ബയായും തെറ്റ്ദ്ധരിപ്പിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണമെന്നും ഇതോടെ വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധാരണ പരത്തുംവിധമുള്ളതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുസ്‌ലിം മത വിശ്വാസ പ്രകാരമുള്ള വേഷം ധരിച്ചാണോ വൈറല്‍ ചിത്രത്തിലെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •