കുരിശിന് മുന്നില്‍ കൈ കൂപ്പി തൊഴുത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

ഇപ്പോ എങ്ങനെ ഇരിക്കുന്നു… ഗുരുദേവനും, ഗുരുവായൂരപ്പനും, അയ്യപ്പനുമൊക്കെ മാത്രമേ മൂപ്പർക്ക് പ്രശ്നമുള്ളൂ… മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രി വീണ ജോര്‍ജിനൊപ്പം കുരിശിന് മുന്നില്‍ തൊഴുത് നില്‍ക്കുന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. കണ്ണൂര്‍ എസ്എന്‍ കോളജിലെ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മുഖ്യമന്ത്രി ഗുരുസ്തുത ചൊല്ലിയപ്പോള്‍ വേദിയില്‍ നിന്നും എഴുനേറ്റില്ലെന്ന വിവാദമാണ് ഇപ്പോള്‍ ചിത്രം പ്രചരിക്കാന്‍ ഇടയാക്കിയ കാരണം. ഹിന്ദു ആരാധന രീതിയോട് മാത്രമെ മുഖ്യമന്ത്രിക്ക് വിരോധമുള്ളു എന്നും കുരിശിന് മുന്നില്‍ നിന്ന് പ്രാര്‍ത്ഥിക്കുന്നതില്‍ കുഴപ്പമില്ലെന്നും ആരോപിച്ചാണ് രാഷ്ട്രവാദി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 1,300ല്‍ അധികം റിയാക്ഷനുകളും 1,000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്‍ ക്രിസ്ത്യന്‍ ആരാധാലയത്തില്‍ പോയി കുരിശിന് മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം.

വസ്‌തുത ഇതാണ്

ചിത്രം റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് പങ്കുവെച്ച ഒരു പോസ്റ്റ് കണ്ടെത്താന്‍ കഴിഞ്ഞു. പ്രചരിക്കുന്ന ചിത്രത്തിന്‍റെ എതിര്‍വശത്ത് നിന്നും പകര്‍ത്തിയ ചിത്രമാണ് മാച്ചിങ് റിസള്‍ട്ടായി ഇത്തരത്തില്‍ ലഭിച്ചത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് 2021 ജൂലൈ 21ന് വീണ ജോര്‍ജ്ജ് പങ്കുവെച്ച പോസ്റ്റിലാണ് ചിത്രം കണ്ടെത്താന്‍ കഴിഞ്ഞത്. പത്തനംതിട്ടയിലെ പരുമുലയില്‍ നടന്ന പൊതുദര്‍ശന ചടങ്ങിലെത്തിയ മുഖ്യമന്ത്രി മൃതദേഹത്തെ വണങ്ങി അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചിത്രമാണ് വീണജോര്‍ജ്ജ് പങ്കുവെച്ചിരിക്കുന്നത്.

വീണ ജോര്‍ജ്ജിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് –

Facebook Post 

മറ്റ് മതത്തില്‍പ്പെട്ടവരുടെ മരണ ചടങ്ങുകളിലും പിണറായി വിജയന്‍ ഇത്തരത്തില്‍ കൈകൂപ്പി അന്ത്യാഞ്ജലി അര്‍പ്പിക്കാറുണ്ടോ എന്ന് പരോക്ഷമായി ചോദ്യം പ്രചരണത്തിലുള്ളതിനാല്‍ മറ്റ് ഏതെങ്കിലും പ്രമുഖ വ്യക്തികളുടെ മരണച്ചടങ്ങില്‍ പിണറായി വിജയന്‍ ഇത്തരത്തില്‍ കൈകൂപ്പി വണങ്ങുന്നതായി ചിത്രമുണ്ടോയെന്നും പരിശോധിച്ചു. 2021ല്‍ മരണപ്പെട്ട ചലച്ചിത്രതാരം നെടുമുടി വേണുവിന്‍റെ മൃതദേഹത്തിന് അരികിലും കൈകൂപ്പി അന്ത്യാഞ്ജലി അര്‍പ്പിക്കന്ന ചിത്രം റെഡിഫ് ന്യൂസിന്‍റെ വെബ്‌സൈറ്റില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞു.

നെടുമുടി വേണുവിന്‍റെ മൃതദേഹത്തിന് അരികില്‍ കൈകൂപ്പി അന്ത്യാഞ്ജലി അര്‍പ്പിക്കന്ന മുഖ്യമന്ത്രി പിണറായി വിജയന്‍-

ചിത്രം  മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മരണച്ചടങ്ങില്‍ പങ്കെടുത്ത ചിത്രം തന്നെയാണിതെന്ന് സ്ഥിരീകരിക്കാന്‍ ഞങ്ങളുടെ പ്രതിനിധി മുഖ്യമന്ത്രിയുടെ പ്രെസ് സെക്രട്ടറിയുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

നിഗമനം

മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായിരുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മരണച്ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന ചിത്രമാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കുരിശിന് മുന്നില്‍ കൈ കൂപ്പി തൊഴുത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading