
വിവരണം
കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ രാത്രിയില്‍ വീട്ടില്‍ കയറി പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോ എന്നതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറലായ പ്രചരണം. ആന്ധ്രപ്രദേശില്‍ രജിസ്ടര്‍ ചെയ്ത കേസിലായിരുന്നു അറസ്റ്റെന്നും കര്‍ണാടകയിലെ ഭരണത്തിന്‍റെ തണലില്‍ പിടികൊടുക്കാതിരുന്ന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയെ കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഭരണത്തില്‍ ഏറിയപ്പോള്‍ തന്നെ പിടികൂടിയെന്നും ഇത് ഡി.കെ.ശിവകുമാറിന്‍റെ കഴിവാണെന്നും അവകാശവാദം ഉന്നയിച്ചാണ് സമൂഹമാധ്യമങ്ങളിലെ പ്രചരണം. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-
*കർണാടക ബി ജെ പി അധ്യക്ഷനെ അർധരാത്രി വീട്ടിൽ കയറി പോലീസ് അറസ്റ്റ് ചെയ്തു*
ബംഗളുരു; കർണാടക ബി ജെ പി അധ്യക്ഷനെ 1 അർധരാത്രി വീട് വളഞ്ഞു ആന്ധ്രാ പോലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തു
ആന്ധ്രായിൽ രജിസ്റ്റർ ചെയ്ത കേസിൽ ഭരണത്തിന്റെ തണലിൽ പിടികൊടുക്കാതിരുന്ന ബി ജെ പി അധ്യക്ഷൻ ബന്ധി സഞ്ജയ് കുമാറിനെയാണ് വീട്ടിൽ കയറി പിടിച്ചിറക്കി അറസ്റ്റ് ചെയ്തു കൊണ്ടുപോയത്
വിവരമറിഞ്ഞു വീട്ടിൽ എത്തിയ ബി ജെ പി പ്രവർത്തകർ പ്രതിരോധം തീർത്തെങ്കിലും ആന്ധ്രാ കർണാടക പോലീസ് സംയുക്ത സംഘം തോക്കെടുക്കുകയായിരുന്നു
ഇതോടെ പിന്മാറിയ പ്രവർത്തകർ അറസ്റ്റിന് സാഹചര്യം ഒരുക്കുകയായിരുന്നു.. DK കളി തുടങ്ങി മക്കളെ
ഷൈനി രഞ്ജന്‍ മോളി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഇതെ പോസ്റ്റിന് ഇതുവരെ നിരവധി റിയാക്ഷനുകളും ഷെയറുകളും ലഭിച്ചിട്ടുണ്ട്-
എന്നാല്‍ യതാര്‍ത്ഥത്തില്‍ ബിജെപി കര്‍ണാടക സംസ്ഥാന അധ്യക്ഷനെ തെലങ്കാനയില്‍ രജിസ്ടര്‍ ചെയ്ത കേസില്‍ കര്‍ണാടക പോലീസും ആന്ധ്ര പോലീസും ചേര്‍ന്ന് പിടികൂടുന്നതിന്‍റെ വീഡിയോ തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.
വസ്‌തുത ഇതാണ്
Bandi Sanjay Kumar arrested എന്ന കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിള്‍ സെര്‍ച്ച് ചെയ്തപ്പോള്‍ തന്നെ അറസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ കണ്ടെത്താന്‍ കഴിഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും 2023 ഏപ്രില്‍ 5നാണ് ബന്ദി സജ്ഞയ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. മാത്രമല്ലാ ഇദ്ദേഹം തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷനാണെന്നും അറസ്റ്റ് ചെയ്തത് തെലങ്കാന പോലീസുമാണെന്നതാണ് വസ്‌തുത. സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സജ്ഞയ് കുമാറിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു തെലങ്കാന പോലീസ് ഹൈദരബാദ് കരീംനഗറിലെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. നല്‍ഗോണ്ട ജില്ലയിലെ ബൊമ്മല രാമറാം പോലീസ് സ്റ്റേഷനിലേക്കാണ് സജ്ഞയെ കൊണ്ടുപോയതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളത്തില്‍ മീഡിയ വണ്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത റിപ്പോര്‍ട്ടും ഇവിടെ വായിക്കാം.
മാത്രമല്ല തെലങ്കാന ഭരിക്കുന്ന പാര്‍ട്ടി ബിആര്‍എസ് (ഭാരത് രാഷ്ട്ര സമിതി) ആണ്. ബിആര്‍എസ് സ്ഥാപകന്‍ കൂടിയായ കെ.ചന്ദ്രശേഖര്‍ റാവുവാണ് തെലങ്കാന മുഖ്യമന്ത്രി. ആഭ്യന്തര വകുപ്പ് മന്ത്രി മൊഹമ്മദ് മഹ്‌മൂദ് അലിയെന്നുമാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത് മെയ് 20നാണ്. ഏപ്രില്‍ 5ന് തെലങ്കാനയില്‍ നടന്ന ബന്ദി സഞ്ജയ് കുമാറിന്‍റെ അറസ്റ്റുമായി കര്‍ണാടക കോണ്‍ഗ്രസിനോ മുഖ്യമന്ത്രിക്കോ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനോ യാതൊരു ബന്ധവുമില്ല.
2019 മുതല്‍ നളിന്‍ കുമാര്‍ കട്ടീലാണ് ബിജെപിയുടെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍.
ഹിന്ദുസ്ഥാന്‍ ടൈംസ് വാര്‍ത്തയുടെ വീഡിയോ-
നിഗമനം
സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ തെലങ്കാന പോലീസ് 2023 ഏപ്രിലില്‍ അറസ്റ്റ് ചെയ്ത വീഡിയോയാണ് തെറ്റായ തലക്കെട്ടോടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കര്‍ണാടക ബിജെപി അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീലായിട്ടോ ആഴ്ച്ചകള്‍ക്ക് മുന്‍പ് സത്യപ്രതിജ്ഞ ചെയ്ത കോണ്‍ഗ്രസ് സര്‍ക്കാരുമായിട്ട് പ്രചരിക്കുന്ന വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ലാ. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:കര്‍ണാടക ബിജെപി സംസ്ഥാന അധ്യക്ഷനെ പോലീസ് അറസ്റ്റ് ചെയ്യുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..
Written By: Dewin CarlosResult: Misleading
