FACT CHECK – ആലപ്പുഴ എംഎല്‍എയും എസ്‌ഡിപിഐ നേതാവും തമ്മിലുള്ള രഹസ്യ സംഗമത്തിന്‍റെ ചിത്രമാണോ ഇത്? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലുള്ള വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

എസ്‌ഡിപഐയും സിപിഎമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ട് മറനീക്കി പുറത്ത് വരുന്നു എന്ന പ്രചരണമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. ഒരു ഫോട്ടോയാണ് ഈ ചര്‍ച്ചകളുടെ തുടക്കം. ആലപ്പുഴ എംഎല്‍എ പി.പി.ചിത്തരഞ്ജനെ എസ്‌ഡിപിഐ നേതാവും പോപ്പുലര്‍ ഫ്രണ്ട് നേതാവും സൗഹൃദ സംഭാഷണത്തിനിടയില്‍ ആലിംഗനം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ വിമര്‍ശനങ്ങളാണ് എംഎല്‍എയ്ക്ക്‌ എതിരെയും സിപിഎമ്മിനെതിരെയും എതിര്‍ കക്ഷികള്‍ ഉന്നയിക്കുന്നത്.

പോരാളി വാസു എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നല്‍കിയിരിക്കുന്ന തലക്കെട്ട് ഇങ്ങനെയാണ്-

“ലാൽസലാമു വ അലൈക്കും” കേരളം പേടിക്കണം CPM – SDPI – PDP- BJP സഖ്യം ഒന്നിക്കുന്നു. ഈരാറ്റുപെട്ടയിലെ വർഗീയ ശക്തി കൂട്ടുകെട്ട് കേരളത്തിൽ വ്യാപിക്കുന്നു അതിന്റെ മറ്റൊരു ഉദാഹരണം ആണ് ഈ ചിത്രം. ആലപ്പുഴ എംഎൽഎ, സിപിഎം നേതാവ് സഖാവ് പി.പി.ചിത്തരഞ്ചൻ എസ് ഡി പി ഐ  ആലപ്പുഴ ജില്ലാ സെക്രട്ടറി, പോപ്പുലർ ഫ്രണ്ട് നേതാവ്. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് എന്ന സ്ഥലത്ത് കണ്ടുമുട്ടിയപ്പോൾ .അന്തർധാരാതിഷ്ഠിതമായ ആലിംഗന, ആസ്ളേഷ നിമിഷങ്ങൾ. സഖാപ്പി-സുഡാപ്പി സംഗമ  നിമിഷങ്ങൾ കേരളത്തിന്റെ ഭാവിയുടെ പ്രവചനമായി വിലയിരുത്തിയതായി കമ്മികേന്ദ്രങ്ങൾ വിലയിരുത്തി.കേരളാ താലിബാനിസത്തിന്റ വിപ്ലവമരമായ തുടക്കമാണ് ഈ സംഗമം… 

പ്രചരിക്കുന്ന പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം-

Facebook PostArchived Link

വാട്‌സാപ്പില്‍ പ്രചരിക്കുന്ന പോസ്റ്റര്‍-

എന്നാല്‍ എസ്‌ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുമായിട്ടുള്ള എംഎല്‍എയുടെ സംഗമത്തിനിടയില്‍ പകര്‍ത്തിയ ചിത്രമാണോ ഇത്? ഇത്തരത്തില്‍ രഹസ്യമായി പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ ഒരു കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ടോ? ചിത്രത്തിന്‍റെ ഉറവിടം എവിടെ നിന്നാണ്? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

പ്രചരണത്തില്‍ പരാമര്‍ശിക്കുന്ന ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്തില്‍ ഞങ്ങളുടെ പ്രതിനിധി വിഷയവുമായി ബന്ധപ്പെട്ട് നേരിട്ട് നടത്തിയ അന്വേഷണത്തില്‍ യഥാര്‍ത്ഥ വസ്‌തുത ഞങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചു. പി.പി.ചിത്തരഞ്ജന്‍ എംഎല്‍എ, പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ സ്ഥാപനത്തിലെ പ്രാദേശിക ലേഖകന്‍ തുടങ്ങി നിരവധി പേരില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ കണ്ടെത്തിയ വസ്‌തുതകള്‍ ഇപ്രകാരമാണ്-

സെപ്റ്റംബര്‍ 14ന് ഉച്ചയ്ക്ക് 3.30 മുതല്‍ മണ്ണഞ്ചേരി പൊന്നാട് ഗവ. എല്‍പി സ്കൂളില്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ആലപ്പുഴ എംഎല്‍എയായ പി.പി.ചിത്തരഞ്ജനാണ് ശിലാഫലകം അനാശ്ചാദനം ചെയ്തത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വാര്‍ഡ് മെമ്പര്‍മാര്‍, പ്രദേശത്തെ വിവിധി രാഷ്ട്രീയ പാര്‍ട്ടിയിലെ നേതാക്കള്‍, സ്കൂള്‍, അധികൃതര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടിരുന്നു. പരിപാടിയുടെ നോട്ടീസ് അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു.

രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ സിപിഐ മണ്ഡലം സെക്രട്ടറി, സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ബിജെപി വാര്‍ഡ് പ്രസിഡന്‍റ്, എസ്‌ഡിപിഐ മണ്ഡലം പ്രസിഡന്‍റ്, മുസ്‌ലിം ലീഗ് വാര്‍ഡ് പ്രസിഡന്‍റ് എന്നിവരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.

നോട്ടീസിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍-

ഇനി വിവാദമായി ചിത്രത്തെ കുറിച്ചുള്ള എംഎല്‍എയുടെ പ്രതികരണവും ചിത്രത്തിലുള്ള വ്യക്തിയുടെ ആരാണെന്ന് പരിശോധിക്കാം-

മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് അംഗവും എസ്‌ഡിപിഐ നേതാവുമായ നവാസ് നൈനയാണ് ചിത്രത്തില്‍ എംഎല്‍എയെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത്. താന്‍ അംഗമായ പഞ്ചായത്തിലെ സര്‍ക്കാര്‍ സ്കൂളിലെ കെട്ടിടത്തിന്‍റെ ഉദ്ഘാടനത്തിന് വാര്‍ഡ് മെമ്പര്‍ എന്ന നിലയില്‍ ക്ഷണിക്കപ്പെട്ട അംഗമാണ് നവാസ് നൈന. നോട്ടീസ് ഇയാളുടെ പേരും നല്‍കിയിട്ടുണ്ട്-

പി.പി.ചിത്തരഞ്ജന്‍ എംഎല്‍യുമായി ഞങ്ങളുടെ പ്രതിനിധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച പ്രതികരണം ഇപ്രകാരമാണ്-

ഒരു ജനപ്രതിനിധിക്ക് ഒരു ദിവസം തന്നെ നിരവധി പൊതുപരാപാടികളില്‍ പങ്കെടുക്കേണ്ടതായി വരും. പല സ്ഥലങ്ങളിലും പലരെയും കണ്ടുമുട്ടും. അവര്‍ ആരാണെന്നോ ഏത് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധിയാണെന്നോ നോക്കിയല്ല ഇടപെടാറുള്ളത്. പൊന്നാട് സ്കൂളിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെ വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മണ്ണഞ്ചേരി പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍ ഒപ്പം നിന്ന് ഫോട്ടോയെടുക്കാനായി അരികി‌ലേക്ക് എത്തി. ചിലര്‍ കൂട്ടമായി നിന്ന് ഫോട്ടോയെടുത്ത് ചിലര്‍ ഒറ്റയ്ക്കും. അത്തരത്തില്‍ പകര്‍ത്തിയ ഒരു ചിത്രം മാത്രമാണിത്. ഈ ചിത്രമാണ് ദുര്‍വ്യാഖ്യാനിച്ച് പ്രചരിപ്പിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.

പൊന്നാട് ഗവ. എല്‍പി സ്‌കൂളില്‍ നടന്ന ചടങ്ങിന്‍റെ ചില ചിത്രങ്ങള്‍ കാണാം-

ചിത്രം-1

ചിത്രം – 2

ചിത്രം – 3

നിഗമനം

ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് എല്‍പി സ്കൂളില്‍ ഒരു കോടി രൂപ പ്ലാനിങ് ഫണ്ടില്‍ നിന്നും അനുവദിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. പരിപാടി കഴിഞ്ഞ് മടങ്ങവെ സ്കൂളിലെ അധ്യാപകരും വാര്‍ഡ് മെമ്പര്‍മാരും തനിക്ക് ഒപ്പം ഫോട്ടോ എടുക്കാന്‍ എത്തിയതായും എംഎല്‍എ പറഞ്ഞു. അതില്‍ ഒരാളായിരുന്നു പ്രദേശത്തെ വാര്‍ഡ് മെമ്പറും എസ്‌ഡിപിഐ പ്രതിനിധിയുമായ നവാസ് നൈന. ഇയാളുമൊത്തുള്ള എംഎല്‍എയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്നും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം ദുര്‍വ്യാഖ്യാനിച്ച് തെറ്റ്ദ്ധരിപ്പിക്കും വിധം പങ്കുവയ്ക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ആലപ്പുഴ എംഎല്‍എയും എസ്‌ഡിപിഐ നേതാവും തമ്മിലുള്ള രഹസ്യ സംഗമത്തിന്‍റെ ചിത്രമാണോ ഇത്? പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലുള്ള വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading