ഗുജറാത്തിലെ പാലം തകര്‍ന്ന് ‘റോഡ് അരികില്‍’ ചികിത്സയില്‍ കഴിയുന്നവരുടെ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics സാമൂഹികം

വിവരണം

രാജ്യത്തെ നടുക്കിയ അപകടമാണ് കഴിഞ്ഞ ദിവസം ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്ന് 135 പേരുടെ ജീവന്‍ വെടിയാന്‍ കാരണമായ അതിദാരുണമായ ദുരന്തം. എന്നാല്‍ ഈ അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് യാതൊരു സൗകര്യങ്ങളും ഗുജറാത്തിലെ ഭരണകൂടം നല്‍കുന്നില്ലാ എന്ന പേരില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഗുജറാത്തില്‍ പാലം തകര്‍ന്നപ്പോള്‍ ജനങ്ങളുടെ അവസ്ഥ എന്ന വിവരണം നല്‍കിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു മേല്‍പ്പലത്തിന്‍റെ അപ്രോച്ച് റോഡിലെ ഭിത്തിയില്‍ നടപ്പാതയില്‍ ഡ്രിപ്പ് തൂക്കിയിട്ട് രോഗികളെ നിരത്തി ഇരുത്തിയിരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഞങ്ങളുടെ വാട്‌സാപ്പ് ഫാക്‌ട് ലൈന്‍ നമ്പറിലേക്കും നിരവധി പേരാണ് ഈ ചിത്രത്തിന്‍റെ സത്യാവസ്ഥ അന്വേഷിച്ച് മെസേജ് അയച്ചത്. ഫെയ്‌സ്ബുക്കിലും ഡിഫറന്‍റ് തിങ്കേഴ്‌സ് എന്ന ഗ്രൂപ്പിലും ഇതെ ചിത്രം അഷ്റഫ് എന്‍.പി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിട്ടുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്-

Archived Screenshot 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗുജറാത്തിലെ മോര്‍ബി പാലം തകര്‍ന്നതിനെ തുടര്‍ന്ന് പരുക്കേറ്റവരെ നടുറോഡില്‍ ഡ്രിപ്പ് നല്‍കി ചികിത്സിക്കുന്നതിന്‍റെ ചിത്രം തന്നെയാണോ ഇത്? വസ്‌തുത എന്താണെന്ന് അറിയാം.

വസ്‌തുത വിശകലനം

പ്രചരിക്കുന്ന ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ഇതെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ യുപിയിലെ ഫിറോസബാദില്‍ 2021ല്‍ ഡെങ്കിപ്പനിയും വൈറല്‍ പനിയും വ്യാപകമായി പടര്‍ന്ന സാഹചര്യത്തില്‍ അസുഖ ബാധിതര്‍ ചികിത്സ തേടി എത്തിയ ഒരു സ്വകാര്യ ക്ലിനിക് അധികൃതര്‍ രോഗികളെ ചികിത്സിക്കാന്‍ കണ്ടെത്തിയ സ്ഥലമാണ് റോഡരികെന്നതാണ് വാര്‍ത്തയുടെ വിശദാംശം. 32 രോഗികളെയാണ് ഇത്തരത്തില്‍ മേല്‍പ്പാലത്തിന്‍റെ ഭിത്തിയോട് ചേര്‍ന്നുള്ള നടപ്പാതയില്‍ ചികിത്സിച്ചതെന്നാണ് മീഡിയ വിജില്‍ എന്ന മാധ്യമ സ്ഥാപനം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരാതിയെ തുടര്‍ന്ന് എസിഎംഒ ഡോ. അശോക് കുമാറിന്‍റെ നേതൃത്വത്തിലുള്ള ആരോഗ്യവകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി ക്ലിനിക്ക് പരിശോധന നടത്തിയ ശേഷം അടച്ചു പൂട്ടിയതായും പ്രെസ് വയര്‍ 18 റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രെസ് വയര്‍ 18 റിപ്പോര്‍ട്ട്-

നിഗമനം

ഗുജറാത്തിലെ മോര്‍ബി തൂക്ക് പാലം തകര്‍ന്ന് പരുക്കേറ്റവരെ റോഡ് അരികില്‍ ചികിത്സിക്കുന്ന എന്ന തരത്തില്‍ പ്രചരിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരു വര്‍ഷം മുന്‍പ് യുപിയിലെ ഫിറോസബാദില്‍ ഡങ്കിപ്പനിയും വൈറല്‍ പനിയും ബാധിച്ച് എത്തിയവരെ ഒരു സ്വകാര്യ ക്ലിനിക് അധികൃതര്‍ ചികിത്സിക്കുന്നതിന്‍റെ ചിത്രമാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് തന്നെ അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഗുജറാത്തിലെ പാലം തകര്‍ന്ന് ‘റോഡ് അരികില്‍’ ചികിത്സയില്‍ കഴിയുന്നവരുടെ ചിത്രമാണോ ഇത്.. വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading