FACT CHECK – അല്‍കബീര്‍ എന്ന പ്രമുഖ മാംസ കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമ അമുസ്‌ലിം ആണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

രാഷ്ട്രീയം | Politics

വിവരണം

അൽ- കബീർ! ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതി സ്ഥാപനം.. മുസ്ലിമിന്റെ സ്ഥാപനമല്ല ഉടമ നല്ല ഒന്നാന്തരം സംഘിയാണ്..സ്റ്റിക്കർ കണ്ടോ “ഹലാൽ” കബീർ എന്ന പേരും ഇട്ട് ഹലാൽ സ്റ്റിക്കർ അടിക്കുന്നത് മുസ്ലിങ്ങൾക്ക് പണം ഉണ്ടാക്കി കൊടുക്കാൻ അല്ല. മുസ്ലിങ്ങളുടെ പണം സ്വന്തം കീശയിൽ ആക്കാൻ ആണ് ഈ കച്ചവട തന്ത്രം… എന്ന തലക്കെട്ട് നല്‍കി ഒരു പോസ്റ്റ് കഴിഞ്ഞ കുറച്ച ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. താമരവാടി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 20ല്‍ അധികം റിയാക്ഷനുകളും 112ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

Facebook PostArchived Link

എന്നാല്‍ പോസ്റ്റില്‍ പ്രചരിക്കുന്നത് പോലെ അല്‍-കബീര്‍ എന്ന പ്രശസ്‌തമായ മാംസ കയറ്റുമതി സ്ഥാപനം മുസ്‌ലിം സമുദായത്തില്‍പ്പെട്ടവരുടെ ഉടമസ്‌തതയിലുള്ളതല്ലേ? സംഘപരിവാര്‍ പ്രവര്‍ത്തകനാണോ സ്ഥാപനത്തിന്‍റെ ഉടമ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

‘Owner of Al Kabeer’ എന്ന് കീ വേര്‍ഡ് ഉപയോഗിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതില്‍ നിന്നും കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. ഇതില്‍ നിന്നും ഹൈദരബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ ഉടമയുടെ പേര് ഗുലാമുദ്ദീന്‍ എം. ഷെയ്ഖ് എന്നാണെന്ന് മനസിലാക്കാന്‍ സാധിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ കയറ്റുമതി-ഇറക്കുമതി ലൈസന്‍സ് രേഖയിലും ഗുലാമുദ്ദീന്‍ ഷെയ്ഖിന്‍റെ പേരും ചിത്രവും തന്നെയാണ് നല്‍കിയിരിക്കുന്നത്. ഇതിന്‍റെ പകര്‍പ്പും വെബ്‌സൈറ്റില്‍ ലഭ്യമാണ്. അല്‍-കബീര്‍ പൂര്‍ണ്ണമായും മുസ്‌ലിം ഉടമസ്‌ഥത സ്ഥാപനമാണെന്നാണ് അവരുടെ വെബ്‌സൈറ്റില്‍ തന്നെ വിശേഷിപ്പിച്ചിരിക്കുന്നത്.

സ്റ്റോറി ഓഫ് അല്‍കബീര്‍ എന്ന തലക്കെട്ട് നല്‍കി അവര്‍ തന്നെ യൂട്യൂബില്‍ പങ്കുവെച്ചിട്ടുള്ള ഒരു യൂട്യൂബ് വീഡിയോയിലും അല്‍-കബീര്‍ ഒരു മുസ്‌ലിം ഉടമസ്‌ഥ സ്ഥാപനമാണെന്ന് ആവര്‍ത്തിക്കുന്നുണ്ട്. കമ്പനിയുടെ ചെയര്‍മാനും എംഡ‍ിയും എന്ന സ്ഥാനം വഹിക്കുന്നത് ഗുലാമുദ്ദീന്‍ ഷെയ്ഖ് ആണെന്നും ഡയറക്‌ടര്‍ ആസിഫ് ഗുലാമുദ്ദീന്‍ ഷെയ്ഖ് ആണെന്നും വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. അറബ് രാജ്യങ്ങളിലേക്ക് ഉള്‍പ്പടെ കയറ്റുമതി ചെയ്യുന്ന ഇറച്ചി കശാപ്പ് ചെയ്യുന്നത് ഹലാല്‍ മാനദണ്ഡം പാലിച്ച് മുസ്‌ലിം മതസ്ഥര്‍ തന്നെയാണെന്നും വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

അതെ സമയം ഇക്‌ണോമിക്‌സ് ടൈംസ്  കമ്പനിയുടെ രേഖകള്‍ ആധാരമാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ഡയറക്‌ടര്‍മാരുടെ ലിസ്റ്റില്‍ ആദ്യകാലം മുതല്‍ തന്നെ അമുസ്‌ലിമായ ഒരു വ്യക്തിയുടെ പേര് നല്‍കിയിട്ടുണ്ട്. സതീഷ് സുബ്ബര്‍വാള്‍ എന്നതാണ് അദ്ദേഹത്തിന്‍റെ പേര്. എന്നാല്‍ കമ്പനി സ്ഥാപിതമായത് 1979ല്‍ ആണെന്നും അന്ന് ഗുലാമുദ്ദീന്‍ മഖ്ബുല്‍ ഷെയ്ഖ് അഥവ ഗുലാമുദ്ദീന്‍ എം ഷെയ്ഖ് ആണ് കമ്പനിയുടെ ഉടമയെന്നതിന് തെളിവായി ചുമതലയിലെത്തിയ വര്‍ഷം ഉള്‍പ്പടെയുള്ള പട്ടികയും റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുണ്ട്. 1981ല്‍ ആണ് സതീഷ് സുബ്ബര്‍വാള്‍ ഡയറക്‌ടര്‍മാരില്‍ ഒരാളായി ചുമതലയേറ്റതെന്ന് രേഖകളില്‍ നിന്നും വ്യക്തമാണ്. പിന്നീട് ക്രമേണ കമ്പനിയുടെ നടത്തിപ്പിനായി പില്‍ക്കാലത്തായി നിരവധി പേര്‍ ഇവര്‍ക്കൊപ്പം പങ്കുചേര്‍ന്നതായും ലിസ്റ്റില്‍ നിന്നും വ്യക്തം.

ഗൂഗിള്‍ കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തപ്പോള്‍ ലഭിച്ച റിസള്‍ട്ട്-

കമ്പനി വെബ്‌സൈറ്റില്‍ നിന്നും ലഭിച്ച വിവരം-

Al Kabeer Offcial WebsiteArchived Link

യൂട്യൂബ് വീഡിയോയില്‍ കമ്പനിയുടെ ചരിത്രം വിശദീകരിക്കുന്നു-

എക്ണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ടില്‍ കമ്പനി സ്ഥാപിതമായ വര്‍ഷം കാണാം-

സ്ഥാപിതമായ 1979ല്‍ തന്നെ ഗുലാമുദ്ദീന്‍ ഷെയ്ഖ് ചുമതലയിലുണ്ടെന്നത് രേഖപ്പെടുത്തിയിട്ടുണ്ട്. സതീഷ് സുബ്ബര്‍വാള്‍ 1981ല്‍ ഡയറക്‌ടര്‍മാരില്‍ ഒരാളായി ചുമതലയേറ്റു എന്നത് രേഖയില്‍ വ്യക്തം-

Economic Times ReportArchived Link

നിഗമനം

ഹൈദരബാദിലെ ഒരു മുസ്‌ലിം കുടുംബം ആരംഭിച്ച സ്ഥാപനമാണ് അല്‍കബീര്‍ എന്ന മാംസ കയറ്റുമതി സ്ഥാപനം. ഗുലാമുദ്ദീന്‍ എം. ഷെയ്ഖാണ് സ്ഥാപനത്തിന്‍റെ സ്ഥാപകനെന്നും വ്യക്തമാണ്. അദ്ദേഹമാണ് ചെയര്‍മാന്‍-എംഡി സ്ഥാനങ്ങള്‍ വഹിക്കുന്നത്. എന്നാല്‍ സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് പില്‍ക്കാലങ്ങളില്‍ അമുസ്‌ലിങ്ങളായ ചിലര്‍ ചുമതലയേറ്റു എന്നത് വസ്‌തുത തന്നെയാണ്. എന്നാല്‍ ഇവര്‍ക്ക് ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടി ബന്ധമുള്ളതായി യാതൊരു വിവരവും ലഭ്യമല്ല. അതുകൊണ്ട് തന്നെ അല്‍കബീര്‍ ഒരു മുസ്‌ലിം സ്ഥാപനമല്ലയെന്ന വാദം നിലനില്‍ക്കുന്നതല്ലെന്നും വിവരങ്ങള്‍ പോസ്റ്റിലെ ആരോപണങ്ങള്‍ ഭാഗികമായി തെറ്റാണെന്നും അനുമാനിക്കാം.

Avatar

Title:അല്‍കബീര്‍ എന്ന പ്രമുഖ മാംസ കയറ്റുമതി സ്ഥാപനത്തിന്‍റെ ഉടമ അമുസ്‌ലിം ആണോ? എന്താണ് വസ്‌തുത എന്ന് അറിയാം..

Fact Check By: Dewin Carlos 

Result: Partly False