ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്ര വകഭേദമാണോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത ഇതാണ്..

Coronavirus Misleading ആരോഗ്യം

വിവരണം

ഒരു ഇടവേളയ്ക്ക് ശേഷം ജനങ്ങളെ അസ്വസ്ഥമാക്കുന്ന ആ വാര്‍ത്ത വീണ്ടും വന്നിരിക്കുകയാണ്. ചൈനയില്‍ കോവിഡിന്‍റെ പുതിയ വകഭേദം വ്യാപിക്കാന്‍ തുടങ്ങിയിരിക്കുന്നതിനാല്‍ ലോക രാജ്യങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നത്. ബിഎഫ്.7 എന്ന ഒമിക്രോണ്‍ വകഭേദമാണ് ചൈനയില്‍ വ്യാപകമായി പടര്‍ന്നരിക്കുന്നത്. ഒമിക്രോണിന്‍റെ മറ്റൊരു വകഭേദമായ എക്‌സ്ബിബിയും പടരുന്നുണ്ട്. എന്നാല്‍ ഈ സാഹചര്യത്തില്‍ ജനങ്ങളെ പരിഭ്രാന്തരകും വിധത്തില്‍ എക്‌സിബിബി വകഭേദത്തെ കുറിച്ച് ഒരു വാട്‌സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുകയാണ്. ഇതാണ് പ്രചരിക്കുന്ന സന്ദേശം-

XBB വേരിയന്‍റ്

ഇനിപ്പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കാം:

COVID-Omicron XBB കൊറോണ വൈറസിന്റെ പുതിയ വകഭേദം വ്യത്യസ്‌തവും മാരകവും ശരിയായി കണ്ടുപിടിക്കാൻ എളുപ്പമല്ലാത്തതും ആയതിനാൽ എല്ലാവരും മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നു.

COVID-Omicron XBB എന്ന പുതിയ വൈറസിന്റെ ലക്ഷണങ്ങൾ ഇനിപ്പറയുന്നവയാണ്:

      1. ചുമ ഇല്ല.

      2. പനി ഇല്ല.

    ഇവയിൽ പരിമിതമായ എണ്ണം മാത്രമേ ഉണ്ടാകൂ:

      3. സന്ധി വേദന.

      4. തലവേദന.

      5. കഴുത്തിൽ വേദന.

      6. മുകളിലെ നടുവേദന.

      7. ന്യുമോണിയ.

      8. സാധാരണയായി വിശപ്പ് ഇല്ല.

  COVID-Omicron XBB ഡെൽറ്റ വേരിയന്റിനേക്കാൾ 5 മടങ്ങ് കൂടുതൽ വൈറൽ ആണ്, അതിനേക്കാൾ ഉയർന്ന മരണനിരക്കും ഉണ്ട്.

  ഈ അവസ്ഥ വളരെ തീവ്രതയിലെത്താൻ കുറച്ച് സമയമെടുക്കും, ചിലപ്പോൾ വ്യക്തമായ ലക്ഷണങ്ങളൊന്നും ഉണ്ടാകില്ല.

  നമുക്ക് കൂടുതൽ ശ്രദ്ധിക്കാം!

  വൈറസിന്റെ ഈ സമ്മർദ്ദം നാസോഫറിംഗൽ മേഖലയിൽ കാണപ്പെടുന്നില്ല, താരതമ്യേന കുറഞ്ഞ സമയത്തേക്ക് ശ്വാസകോശത്തെ നേരിട്ട് ബാധിക്കുന്നു.

  Covid-Omicron XBB രോഗനിർണയം നടത്തിയ നിരവധി രോഗികളെ അഫെബ്രൈൽ, വേദന രഹിതം എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്, എന്നാൽ എക്സ്-റേയിൽ നേരിയ തോതിൽ നെഞ്ച് ന്യുമോണിയ കണ്ടെത്തി.

  നസാൽ സ്വാബ് പരിശോധനകൾ പലപ്പോഴും കോവിഡ്-ഒമിക്‌റോൺ എക്സ്ബിബിക്ക് നെഗറ്റീവ് ആണ്, കൂടാതെ തെറ്റായ നെഗറ്റീവ് നസോഫോറിൻജിയൽ ടെസ്റ്റുകളുടെ കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

  ഇതിനർത്ഥം, വൈറസ് സമൂഹത്തിൽ പടരുകയും ശ്വാസകോശങ്ങളെ നേരിട്ട് ബാധിക്കുകയും വൈറൽ ന്യുമോണിയയ്ക്ക് കാരണമാവുകയും അത് കടുത്ത ശ്വാസകോശ സംബന്ധമായ അസുഖത്തിന് കാരണമാകുകയും ചെയ്യും.

  Covid-Omicron XBB വളരെ സാംക്രമികവും അത്യന്തം മാരകവും മാരകവുമായ ഒന്നായി മാറിയത് എന്തുകൊണ്ടാണെന്ന് ഇത് വിശദീകരിക്കുന്നു.

  ജാഗ്രത പാലിക്കുക, തിരക്കേറിയ സ്ഥലങ്ങൾ ഒഴിവാക്കുക, തുറസ്സായ സ്ഥലങ്ങളിൽ പോലും 1.5 മീറ്റർ അകലം പാലിക്കുക, ഡബിൾ ലെയർ മാസ്‌ക് ധരിക്കുക, അനുയോജ്യമായ മാസ്‌ക് ധരിക്കുക, കൈകൾ ഇടയ്‌ക്കിടെ കഴുകുക, എല്ലാവരും രോഗലക്ഷണങ്ങളില്ലെങ്കിൽ (ചുമയോ തുമ്മലോ ഇല്ല).

  കോവിഡ്-19-ന്റെ ആദ്യ തരംഗത്തേക്കാൾ മാരകമാണ് ഈ Covid-Omicron XBB തരംഗം.  അതിനാൽ കൊറോണയ്‌ക്കെതിരെ നാം വളരെ ജാഗ്രത പാലിക്കുകയും നിരവധി ശക്തമായ മുൻകരുതലുകൾ എടുക്കുകയും വേണം.

  നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ജാഗ്രതയോടെ ആശയവിനിമയം നടത്തുക.

  ഈ വിവരം നിങ്ങളുടേതായി സൂക്ഷിക്കരുത്, മറ്റ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഇത് പങ്കിടുക.

നിരവധി പേരാണ് ഈ സന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എക്‌സ്ബിബി ഒമിക്രോണ്‍ വകഭേദം കൂടുതല്‍ ഇന്‍ഫെക്‌ഷന് കാരണമാകുന്ന തീവ്ര സ്വഭാവമുള്ള വൈറസാണോ? എന്താണ് പ്രചരിക്കുന്ന സന്ദേശത്തെ കുറിച്ചുള്ള യാഥാര്‍ത്ഥ്യമെന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രചരിക്കുന്ന ഈ വാട്‌സാപ്പ് സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് ട്വീറ്റ് ചെയ്തിട്ടുള്ളതായി ഞങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞു.

എന്താണ് യഥാര്‍ത്ഥത്തില്‍ എക്‌സ്ബിബി വകഭേദം?

ആദ്യം തന്നെ മനസിലാക്കേണ്ടത് എക്‌സ്ബിബി എന്നത് കോവിഡ് 19ന്‍റെ നേരിട്ടുള്ള വകഭേദമല്ല എന്നതാണ്. ഒമിക്രോണ്‍ വകഭേദത്തിന്‍റെ ഉപവകഭേദമാണ് എക്‌സ്ബിബി. ബിഎ.2.10.1, ബിഎ 2.75 എന്ന ഒമിക്രോണ്‍  ഉപ വകഭേദങ്ങള്‍ ചേര്‍ന്നതാണ് എക്‌സ്ബിബി എന്നാണ് ലോകാരോഗ്യ സംഘടനയുടെ വിശദീകരണം. കൂടുതല്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

എന്നാല്‍ ഇവ സാധരണ ടെസ്റ്റിങ് കിറ്റുകളിലൂടെ കണ്ടെത്താമെന്ന് ഒരു വിഭാഗം വിദഗ്ധ സംഘം പറയുമ്പോള്‍ ഇവ ആര്‍ടിപിസിആര്‍ ടെസ്റ്റിലൂടെ മാത്രമെ കൃത്യമായി കണ്ടെത്താന്‍ കഴിയുകയുള്ളു എന്നാണ് ഫിലിപ്പൈന്‍സ് ആരോഗ്യ മന്ത്രാലയം അവകാശപ്പെടുന്നതെന്ന് സിഎന്‍എന്‍ ഫിലിപ്പൈന്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എക്‌സ്ബിബിയുടെ ലക്ഷണങ്ങളും തീവ്രതയും

ഒമിക്രോണ്‍ ഉപവകഭേദങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകാറുള്ള സാധരണ ലക്ഷണങ്ങള്‍ തന്നെയാണ് എക്‌സ്ബിബി വകഭേദം ബാധിച്ചാലും ഉണ്ടാകുന്നതെന്നതാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം അധികമുള്ള ഇന്തോനേഷ്യയിലെ കോവിഡ് സംബന്ധമായ വിവരവിനിമയം നടത്തുന്ന പ്രതിനിധി എക്‌സിബിബി ഇന്‍ഫെക്ഷനെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. എക്‌സ്ബിബി വകബേധം ബാധിച്ചാല്‍ രോഗ തീവ്രത കുറവാണ് അതുകൊണ്ട് തന്നെ ഭയപ്പെടേണ്ടതില്ലെന്നും എന്നാല്‍ ഇവയ്ക്ക് വ്യാപന ശേഷി അധികമാണെന്നും പറഞ്ഞു. കൂടുതല്‍ വിശദമായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ലോകാരോഗ്യ സംഘടന പറയുന്നത് ഇതാണ്..

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ രോഗം തീവ്രതയുള്ളതല്ലെന്നും ഗുരുതരമായി ബാധിക്കുന്നില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. എന്നാല്‍ മുന്‍പ് കോവിഡ് ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വരാതെ സൂക്ഷിക്കണമെന്നും ഇതൊരുപക്ഷെ കൂടുതല്‍ അപകടകരമാക്കാമെന്നും ലോകാരോഗ്യ സംഘടന ആശങ്ക അറിയിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വായിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യുക. 

മൂക്കിന്‍റെ ഉള്ളിലെ പ്രതലത്തില്‍ നിലനില്‍ക്കാതെ നേരിട്ട് ശ്വാസകോശത്തിലേക്ക് കടക്കാന്‍ ശേഷിയുള്ളതാണ് എക്‌സ്ബിബി മറ്റ് പുതിയ വകഭേദമെന്നും അതുകൊണ്ട് തന്നെ സ്വാബ് ടെസ്റ്റിങിലൂടെ വൈറസ് ബാധ അറിയാന്‍ കഴിയില്ലെന്നുമാണ് സമൂഹമാധ്യമങ്ങളിലെ മറ്റൊരു പ്രചരണം. എന്നാല്‍ ഇതും പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണ്. ലക്ഷ്യസ്ഥലത്തേക്ക് നിക്ഷേപിക്കാന്‍ ഇതൊരു മിസൈല്‍ അല്ലായെന്നാണ് ഡോ. അഡ്രിയാന്‍ വോങ്ങ് ടെക്കാര്‍പ്പില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ലേഖനത്തില്‍ എഴുതിയിരിക്കുന്നത്. സ്വാബ് സാംപിളുകള്‍ ശേഖരിക്കുന്നത് പ്രധാനമായും മൂക്കില്‍ നിന്ന് തന്നെയാണ്. ഇതാണ് കോവിഡ്-19ന്‍റെ ശാസ്ത്രീയമായ പരിശോധന രീതിയെന്നും ശ്രവങ്ങള്‍ മൂക്കിലോ വായിലൂടെയോ കടന്ന് തന്നെയാണ് വൈറസ് ബാധയുണ്ടാകുന്നതെന്നും അദ്ദേഹം വിശദമാക്കി.

ഫാക്‌ട് ക്രെസെന്‍ഡോ ശ്രീലങ്ക പ്രസിദ്ധീകരിച്ച  ഇംഗ്ലിഷ് ലേഖനം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

നിഗമനം

സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ അവകാശപ്പെടുന്നത് പോലെ എക്‌സ്ബിബി ഒമിക്രോണ്‍ വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്രമായ വൈറസ് വ്യാപനമാണെന്ന് തെളിയിക്കുന്ന യാതൊരു ശാസ്ത്രീയ വിവരങ്ങളും ഞങ്ങളുടെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ഒമിക്രോണ്‍ എക്‌സ്ബിബി വകഭേദം മരണം വിതയ്ക്കുന്ന അതിതീവ്ര വകഭേദമാണോ? സമൂഹമാധ്യമങ്ങളിലെ പ്രചരണത്തെ കുറിച്ചുള്ള വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: Misleading

  •  
  •  
  •  
  •  
  •  
  •  
  •  
  •