പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?

രാഷ്ട്രീയം | Politics

വിവരണം

കളിമാറുന്നു.. പാക്ക് പതാക വീശിയ പേരാമ്പ്രയിലെ രാജ്യദ്രോഹികള്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞാല്‍ പൗരത്വം വരെ നഷ്ടപ്പെടും. ആധാര്‍, റേഷന്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ബാങ്ക് അക്കൗണ്ട്, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങി രാജ്യത്തെ പൗരന്മാര്‍ക്ക് മാത്രമുള്ള എല്ലാ അവകാശവും ഇവര്‍ക്ക് നഷ്ടപ്പെടും. രാജ്യദ്രോഹ നിയമങ്ങള്‍ കേന്ദ്രം കടുപ്പിക്കുന്നു. ഇപ്പോള്‍ കാശ്മീരില്‍ പട്ടാളത്തിനെ കല്ലെറിയുന്ന തീവ്രവാദികള്‍ക്ക് എതിരെയെടുക്കുന്ന ഈ നിയമം ആദ്യമായി ആയിരിക്കും രാജ്യത്തിന്‍റെ മറ്റൊരു ഭാഗത്ത് നടപ്പാക്കുന്നത്. എന്ന തലക്കെട്ട് നല്‍കി കഴിഞ്ഞ ദിവസങ്ങളിവായി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പ്രചരിക്കുന്നുണ്ട്. പേരാമ്പ്രയില്‍ എംഎസ്എഫ്-കെഎസ്‌യു പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്‍ സാദൃശ്യമുള്ള പതാക കോളജില്‍ ഉയര്‍ത്തിയ പേരില്‍ ഉയര്‍ന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലുള്ള പോസ്റ്റാണിത്. സെപ്റ്റംബര്‍ രണ്ടിന് KS_For_Pathanamthitta എന്ന പേരിലുള്ള പേജില്‍ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന്  ഇതുവരെ 2,800ല്‍ അധികം ഷെയറുകളും, 643ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്-

Archived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പേരാമ്പ്ര വിഷയത്തില്‍ പിടിയിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം നിയമം ചുമത്തിയാണോ കേസ് എടുത്തിരിക്കുന്നത്? പിടിയിലായ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും ജെയിലില്‍ തന്നെ കഴിയുകയാണോ? വസ്‌തുത എന്താണെന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന ഈ പോസ്റ്റിന് പിന്നിലെ സത്യാവസ്ഥ എന്താണെന്ന് അറിയാന്‍ ഞങ്ങളുടെ പ്രതിനിധി സംസ്ഥാന പോലീസ് മീഡിയ സെല്‍ ഡയറക്ടര്‍ പ്രമോദുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.

പോസ്റ്റില്‍ പറയുന്നത് കാര്യങ്ങള്‍ വ്യാജമാണ്. ഇത്തരം നിയമങ്ങള്‍ ഒന്നും കേസില്‍ ചുമത്തിയിട്ടില്ല. ആരോ വ്യാജമായി കെട്ടിച്ചമച്ചുപ്രചരിപ്പിക്കുന്ന പോസ്റ്റ് മാത്രമാണതെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ അന്വേഷണം നടത്തുന്ന കോഴിക്കോട് പേരാമ്പ്ര പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച വിവരങ്ങള്‍ ഇങ്ങനെയാണ്-

പാക്കിസ്ഥാന്‍റെ സാദൃശ്യമുള്ള പതാക ഉപയോഗിച്ചു എന്ന പേരില്‍ ലഭിച്ച പരാതിയുടെ പുറത്ത് കണ്ടാല്‍ തിരിച്ചറിയുന്ന 30 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. 2 പേരെ അറസ്റ്റ് ചെയ്യുകയും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. സമൂഹത്തിലെ വത്യസ്ഥ വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ദ വളര്‍ത്തുക, കലാപത്തിന് ശ്രമം നടത്തുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തുന്ന ഐപിസി 153എ പ്രകാരവും, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മനഃപ്പൂര്‍വ്വം സംഘം ചേരുക എന്ന കുറ്റകൃത്യത്തിന് ചുമത്തുന്ന ഐപിസി 157 പ്രകാരവും മാത്രമാണ് കേസ് രജിസ്ടര്‍ ചെയ്തിരിക്കുന്നത്. രാജ്യദ്രോഹകുറ്റങ്ങള്‍ക്ക് ചുമത്തുന്ന 124എ പ്രകാരം പോലും ഇവര്‍ക്കെതിരെ കേസ് ചുമത്തയിട്ടില്ലെന്നതാണ് വാസ്‌തവം.

നിഗമനം

പാക്കിസ്ഥാന്‍റെ പതാകയോട് സാദൃശ്യമുള്ള പതാക ഉപയോഗിച്ചതിന് സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ കഴിയുന്ന വകുപ്പുകള്‍ മാത്രമാണ് പേരാമ്പ്ര സംഭവത്തില്‍ പോലീസ് ചുമത്തിയിരിക്കുന്നത്. രാജ്യദ്രോഹകുറ്റം പോലും ചുമത്തിയിട്ടില്ലാത്ത കേസില്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത ശിക്ഷകളെ കുറിച്ച് വിശദീകരിച്ച് ജനങ്ങളെ തെറ്റ്ദ്ധരിപ്പിക്കാന്‍ മാത്രമെ ഫെയ്‌സ്ബുക്ക് പ്രചരണങ്ങള്‍ കൊണ്ട് ഫലം കിട്ടുകയുള്ളു. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്ക് പ്രചരണം പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:പേരാമ്പ്രയില്‍ പാക്ക് സാദൃശ്യമുള്ള കൊടിയുയര്‍ത്തിയ എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെ പൗരത്വം വരെ നഷ്ടമാകാന്‍ സാധ്യതയുള്ള തീവ്രവാദ വിരുദ്ധ നിയമമാണോ ചുമത്തിയിരിക്കുന്നത്?

Fact Check By: Dewin Carlos 

Result: False