ക്രിസ്തീയ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തിട്ടില്ല, സത്യം ഇതാണ്…

രാഷ്ട്രീയം

വിവരണം 

യാക്കോബായക്കാരന്  മാന്യമായ ശവസംസ്‌കാരം അനുവദിച്ച കേരള സർക്കാരിനെതിരെ  പ്രതിപക്ഷം എന്നൊരു വാർത്ത ഒരു ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രചരിപ്പിക്കുന്നുണ്ട്. “ഉള്ള കാര്യം പറയാമല്ലോ നിങ്ങളെക്കാൾ ഭേദമാണ് പിണറായി വിജയൻ. സുപ്രീം കോടതി വിധി സുപ്രീം കോടതി തന്നെ മാറ്റിക്കോളും. പക്ഷെ ഒരു ആശ്വാസ വാക്കെങ്കിലും പറയാൻ വാ പൊങ്ങിയിരുന്നെങ്കിൽ നിങ്ങളോട് അറപ്പും വെറുപ്പും തോന്നില്ലായിരുന്നു. എന്ന വാചകങ്ങളും വാർത്തയ്‌ക്കൊപ്പമുണ്ട്. 

“ഇപ്പോഴെങ്കിലും കോൺഗ്രസ് ആ നിലപാട് വ്യക്തമാക്കിയതിന് നന്ദി. ഇതു പാർട്ടിയുടെ മുഴുവൻ ഉള്ള അഭിപ്രായം ആണോ എന്ന് കൂടെ പറഞ്ഞാൽ നന്നായിരുന്നു നിയമസഭയിൽ പറഞ്ഞ സ്ഥിതിക്ക് അതിന് പ്രസക്തിയുമില്ല. സാമാന്യ ബോധമുള്ള ഏതൊരു രാഷ്ട്രീയ പാർട്ടിയും സെമിത്തേരി വിഷയത്തിൽ സർക്കാർ എടുത്ത നിലപാടിന് കയ്യടി നല്കുകയെ ഉള്ളു. സ്വന്തം കാർണവന്മാർ ഉറങ്ങുന്ന സെമിത്തേരിയിൽ അലിഞ്ഞു ചേരാൻ അനുവാദം ഇല്ലാതെ പുറത്താക്കപ്പെട്ട അവകാശികൾക്ക് മാനുഷിക പരിഗണന കൊടുത്ത നടപടി മലങ്കര ഓർത്തഡോക്സ് സഭയിലെ 90% അംഗങ്ങളും അംഗീകരിക്കുന്നു എന്ന് ആണ് ഞാൻ കരുതുന്നത്. പിന്നെ എന്തിനു വേണ്ടി ആണ് നിങ്ങൾ ഈ വിഷയം പൊക്കി പിടിച്ചു നടക്കുന്നത്?? രാഷ്ട്രീയമായി അടിസ്ഥാനം CAA യോടെ കൈവിട്ടു പോയി നിൽക്കുന്ന ഒരു പാർട്ടിയാണ് കേരളത്തിലെ കോൺഗ്രസ്…. തിരുവനന്തപുരം ഇന്ദിരാ ഭവനിൽ രാഷ്ട്രീയ മാറ്റങ്ങൾക്കു അനുസരിച്ചു നിലപാട് എടുത്തു മുന്നോട്ട് പോകേണ്ടത് എങ്ങനെ എന്ന് പഠിപ്പിക്കാൻ കെൽപ്പുള്ള നിരീക്ഷകരെ നിയമിക്കേണ്ടത് ഉണ്ട് ഇല്ലങ്കിൽ ഡൽഹിയിലെ കോൺഗ്രസ്‌ ന്റെ അവസ്ഥയാകും നാളെ. ആവിശ്യമില്ലാത്ത കാര്യങ്ങൾ നിയമസഭയിൽ പറയുക ആവിശ്യമില്ലത്ത സമയത്ത് ഇറങ്ങി പോയി കോമാളിയാവുക…. ഇതൊന്നു പ്രതിപക്ഷമാണ്?? രമേശ് ചെന്നിത്തല നയിക്കുന്ന ടീം പക്കാ പരാജയം ആണ് VD സതീശനെ പോലുള്ളവരെ മുന്നിൽ നിർത്തി നയിക്കുക. ഇതുപോലുള്ള മാനേഴ്സ് ഇല്ലാതെ നിലപാടുകളുമായി നിയമ സഭയിൽ കയറുന്നതിലും ഭേദം തമ്പാനൂർ സ്റ്റേഷന്റെ മുന്നിൽ പോയി തെരുവ് നാടകം കളിക്കുന്നതാണ്. നിങ്ങളെക്കാൾ എത്ര അന്തസ് ഉണ്ട് ശ്രീ പിണറായി വിജയന്??. സെമിത്തേരി വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവന്ന പിണറായി വിജയന് ഇതുവരെ അഭിനന്ദനങ്ങൾ പറഞ്ഞില്ല കാരണം അദ്ദേഹം ഏതൊരു സർക്കാരും ചെയ്യേണ്ട ക്രിയാത്മകമായ കാര്യം മാത്രം ആണ് ചെയ്തത് എന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തോട് ഒരുപാട് ഏറെ ആരാധന തോന്നു, കാരണം നിങ്ങളുടെ നിലപാടുകൾ.

archived linkFB post

പിണറായി വിജയന്റെ ഫോട്ടോകൾ എല്ലാ പള്ളികളും വെക്കുമ്പോഴും…. ഇത്രയും വേണ്ടിയിരുന്നോ എന്ന് ചിന്തിച്ച ഒരു കോൺഗ്രസ്കാരൻ ആണ് ഞാനും എന്നാലേ വരെ. പക്ഷെ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് അന്തസുണ്ട് അത് നിലവിൽ നമ്മുടെ കൂട്ടത്തിൽ ഇല്ലാതെ ആയിപോയി. പിണറായി വിജയൻ യാക്കോബായ സഭയെ വെറുതെ പറ്റിക്കുകയാണ്…. സർവ്വതും പുകമറയാണ്… എന്ന് പറയുമ്പോഴും ഒന്ന് മനസിലാക്കുക… പുല്ലിനിയടിൽ പതുങ്ങി ഇരുന്നു കടിക്കുന്ന അണലിയെക്കൾ അന്തസുണ്ട് നേരെ നിന്നു പതി വിടർത്താനും സഹികെട്ടാൽ കൊത്തു തരനും കെൽപ്പുള്ള മൂർഖൻ.

നാളിതുവരെ സഭ വിഷയത്തിൽ ഇടപെടാൻ കോൺഗ്രസ് നേതൃത്വം പരസ്യമായി രംഗത്ത് വന്നിട്ടിട്ടില്ല ( സഭ അംഗങ്ങൾ ആയ MLA മാരും റോജി…. അൻവർ സാഹിത് ..etc വ്യക്തിപരമായി ഇടപെട്ടതും ഇടപെടുന്നതും ശ്രദ്ധയാണ് ) പകരം തുടരെ തുടരെ മറ്റാർക്കോ വേണ്ടി ഉടുക്ക് കൊട്ടും പോലെ നിയമ സഭയിൽ വിഷയം മറ്റു രീതിയിലേക്ക് തിരിച്ചു വിടാൻ മുന്നിൽ നിൽക്കുന്നത് ഞാൻ വിശ്വസിക്കുന്ന പാർട്ടിയാണ് എന്നതിൽ ലജ്ജ തോന്നു. എന്തായാലും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പിൽ കാണാം വടക്കൻ കേരളം കോൺഗ്രസ്‌ന്റെ കയ്യിൽ നിന്നും പോകും കാരണം CAA ( ഒരുപാട് കഷ്ട്ടപ്പെട്ടു എങ്കിലും നിലപാട്കൾക്ക് ജനസ്വീകാര്യത ഇല്ലാതായി പോയി). പിന്നെയുള്ള തെക്കൻ കേരളം ( അവിടുത്തെ സ്ഥിതി പറയണ്ടല്ലോ). ഗ്രിപ്പുള്ള മദ്യകേരളത്തിൽ എന്തു ഉണ്ടാകുമെന്നു കാത്തിരിക്കുന്നു കാണാം. കഷ്ട്ടം തോന്നു…. ഒപ്പം സഹതാപവും.” എന്ന വിവരണം പോസ്റ്റിൽ നല്കിയിരിക്കുന്നുണ്ട്. 

ക്രിസ്തീയ സഭകളുടെ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലാണിത് .  ശവസംസ്‌കാരം, പള്ളിപ്രവേശം തുടങ്ങിയവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നത് ക്രൈസ്തവ സമൂഹത്തിൽ  വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ കൊണ്ടുവന്ന ബില്ലാണിത്. ഈ ബിൽ നിയമസഭയിൽ പ്രതിപക്ഷം എതിർത്തു എന്നാണ്  പോസ്റ്റിൽ നൽകിയിരിക്കുന്ന ആരോപണം. 

നമുക്ക് ഈ വാർത്തയിൽ നൽകിയിരിക്കുന്ന ആരോപണത്തെ പറ്റി  വിശദമായി അന്വേഷിച്ചു നോക്കാം. ഈ ആരോപണം തെറ്റാണ്. 

വസ്തുതാ വിശകലനം 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക്ക് പേജ് പരിശോധിച്ചപ്പോൾ അദ്ദേഹം ബില്ലിനെ പറ്റി  പ്രസിദ്ധീകരിച്ച ഒരു പോസ്റ്റ് ലഭിച്ചു. 2020 ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ (ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം) ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. ഈ ബില്ലിന്റെ ഉള്ളടക്കത്തെ പ്രതിപക്ഷം പിന്തുണക്കുന്നു. മരിച്ചവരെ മാന്യമായി സംസ്കരിക്കേണ്ടത് അവരുടെ അവകാശമാണ് എന്ന് പൊതുവെ അംഗീകരിക്കപ്പെട്ട മനുഷ്യാവകാശ തത്വങ്ങളിൽ ഒന്നാണ്.എന്നാൽ മലങ്കര ഓർത്തഡോക്സ് ,പാത്രിയർക്കീസ് വിഭാഗങ്ങളുടെ തർക്കം പരിഹരിക്കാൻ നിർമിച്ച ഈ ബില്ലിൽ എല്ലാക്രൈസ്തവ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയത് വ്യാപകമായ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മലങ്കര ഓർത്തഡോക്സ് -പാത്രിയർക്കീസ് വിഭാഗങ്ങളുമായി സർക്കാർ നേരത്തെ ചർച്ച നടത്തേണ്ടതായിരുന്നു. ബില്ലിന്റെ വ്യവസ്ഥകൾ പൊതുവായി ബാധകമാക്കുന്നതോടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സംബന്ധിച്ച തർക്കങ്ങൾക്കും പുതിയ പ്രശ്നങ്ങൾക്കും വഴി തുറക്കും.ആശങ്കകൾ ദൂരീകരിക്കാൻ കഴിയുന്ന തരത്തിൽ ബില്ലിൽ ആവശ്യമായ വ്യക്തത വരുത്തേണ്ടതുണ്ട്.

archived link

ഇങ്ങനെയാണ് അദ്ദേഹം ഇതേപ്പറ്റി പ്രതികരണം നൽകിയിരിക്കുന്നത്. യഥാർത്ഥത്തിൽ  പ്രതിപക്ഷം ആവശ്യപ്പെട്ടത് ബില്ലിൽ കുറച്ചുകൂടി വ്യക്തത വേണം എന്നാണ്. ബിൽ നടപ്പിലാക്കരുതെന്നോ യാക്കോബായ സഭയ്‌ക്കെതിരെയോ അവരുടെ വികാരങ്ങൾ മുറിപ്പെടുന്ന തരത്തിലോ രമേഷ് ചെന്നിത്തല ഒന്നും പറഞ്ഞിട്ടില്ല. 

ഇക്കാര്യത്തെ പറ്റി  രമേശ് ചെന്നിത്തലയുടെ പിആർഒ സുമോദ് ഞങ്ങളുടെ പ്രതിനിധിക്ക് നൽകിയ വിശദീകരണം ഇങ്ങനെയാണ് : 2020-ലെ കേരള ക്രിസ്ത്യൻ സെമിത്തേരികൾ( ശവം അടക്കം ചെയ്യുന്നതിനുള്ള അവകാശം)   കുറിച്ചുള്ള ബില്ലിനെ സംബന്ധിച്ച് ഇന്ന് നിയമസഭയിൽ നടത്തിയ ചർച്ചയിൽ ആറു എം.എൽ. എ-മാർ പങ്കെടുത്തു. നാല് യു.ഡി.എഫ് എം.എൽ.എ-മാരും രണ്ട് എൽ.ഡി.എഫ് എം.എൽ.എ-മാരും പങ്കെടുത്തു (ഇവരെ തീരുമാനിക്കുന്നത്  നറുക്കെടുപ്പിലൂടെയാണ്). പതിനഞ്ചോളം അംഗങ്ങൾ ഇടപെട്ടു സംസാരിച്ചു. വളരെ ഫലപ്രദമായ ചർച്ച നാലു മണിക്കൂറോളം നീണ്ടുനിന്നു. യു.ഡി.എഫ് ഈ ബില്ലിനെ പൂർണമായി സ്വാഗതം ചെയ്യുകയാണുണ്ടായത്. നിരാകരണ പ്രമേയം എഴുതിക്കൊടുത്ത എം.എൽ.എ-മാർ ഉൾപ്പെടെ ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ബില്ലിനെ സ്വാഗതം ചെയ്യുകയാണ് ഉണ്ടായത്. എന്നാൽ ബില്ലിന്റെ  അവ്യക്തയെക്കുറിച്ച് കത്തോലിക്കാ സഭ ഉൾപ്പെടെ ഉള്ളവർക്ക് ഉണ്ടായ ആശങ്കകളെ സംബന്ധിച്ച് സഭയിൽ ചർച്ചയുണ്ടായി. ഈ ബില്ലിന്റെ അവ്യക്തത മാറ്റണം, മറ്റു ക്രിസ്ത്യൻ സഭകൾക്ക് ഉണ്ടായ ആശങ്കകൾ പരിഹരിക്കണം, ഈ ബില്ലിലൂടെ സഭയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാതെ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനാൽ ഉപസമിതി ചർച്ചകൾ തുടരണം, ഇതിലെ പല നിർവ്വചനങ്ങളുടെയും  (സെമിത്തേരി, വികാരി, പൂർവികൻ, ഇടവക) അവ്യക്തത പരിഹരിക്കുക തുടങ്ങിയവയാണ് യു.ഡി.എഫ് ഉന്നയിച്ച പ്രധാനപ്പെട്ട വിഷയങ്ങൾ. 

സോഷ്യൽ മീഡിയയിൽ യു.ഡി.എഫിനെതിരെ ഉള്ള തെറ്റായ പ്രചാരണങ്ങൾ ആണ് നടക്കുന്നത്. ഇത് ബോധപൂർവ്വം സൃഷ്ടിക്കുന്നവയാണ്. ബിൽ അവതരിപ്പിച്ച മന്ത്രി എ.കെ ബാലൻ പറഞ്ഞത് ഈ ബില്ലിനെ എല്ലാവരും അംഗീകരിച്ചു എന്നാണ്. യു.ഡി.എഫ് എം.എൽ.എ-മാരെക്കാട്ടിൽ കൂടുതൽ ആശങ്ക ഈ വിഷയത്തിൽ പ്രകടിപ്പിച്ചത് സി.പി.എം  എം.എൽ.എ ജെയിംസ് മാത്യു ആണ്. ഒരു ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് സ്വാഭാവികമാണ്. ബില്ലിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നടപ്പിലാക്കുക എന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. 

ഏതു ബില്ല് അവതരിപ്പിച്ചു കഴിഞ്ഞാലും അതാദ്യം സഭ ചർച്ച ചെയ്തു ബന്ധപ്പെട്ട  സബ്ജക്ട് കമ്മിറ്റിക്കോ സെലക്ട് കമ്മിറ്റിക്കോ കൊടുക്കും. അവിടെ ആവശ്യമായ ഭേദഗതികൾ വരുത്തി വീണ്ടും നിയമസഭയുടെ മുമ്പാകെ കൊണ്ടുവരും. വീണ്ടും ചർച്ചകൾ തുടരും. ഒപ്പം തന്നെ   ഖണ്ഡം ഖണ്ഡമായി ഭേദഗതികൾ അവതരിപ്പിക്കും. യു.ഡി.എഫ് പാർലമെന്റ്റി പാർട്ടി എടുത്ത തീരുമാനം ഈ ബില്ലിനെ ഐക്യകണ്ഠേന പാസാക്കണം എന്നുള്ളതാണ്. വരുന്ന പതിനൊന്നാം തീയതി ആണ് ഈ ബില്ല് പാസാക്കാനായി  നിയമസഭയിൽ എത്തുന്നത്. യാഥാർത്ഥ്യങ്ങൾ ഇതായിരിക്കെ യു.ഡി.എഫിനെതിരെ ഉള്ള അടിസ്ഥാനമില്ലാത്ത ആരോപണങ്ങളും ആക്ഷേപങ്ങളും ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്.” 

മലയാള മനോരമ ഇതേപ്പറ്റി പ്രസിദ്ധീകരിച്ച ഒരു വാർത്തയുടെ വീഡിയോ താഴെ കൊടുക്കുന്നു.

മലയാള മനോരമ പ്രസിദ്ധീകരിച്ച ഒരു വാർത്ത താഴെ കൊടുക്കുന്നു. 

archived linkmanoramaonline

യാക്കോബായ സഭയ്‌ക്കെതിരെയോ നിയമസഭയിൽ അവതരിപ്പിച്ച ബില്ലിനെതിരെയോ രമേശ് ചെന്നിത്തല എന്തെങ്കിലും പറഞ്ഞതായി വാർത്തകൾ ഇല്ല. പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റും തെറ്റിധാരണ സൃഷ്ടിക്കുന്നതുമാണ്.  

നിഗമനം 

പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത തെറ്റിദ്ധരിപ്പിപ്പിക്കുന്നതാണ്. യാക്കോബായ സഭയുടെ അംഗങ്ങളെ സിമിത്തേരിയിൽ അടക്കം ചെയ്യുന്ന കാര്യത്തിൽ രമേശ് ചെന്നിത്തല യാക്കോബായ സഭയ്‌ക്കെതിരായി ഒന്നും  പറഞ്ഞിട്ടില്ല. ബില്ലിൽ കുറച്ചുകൂടി വ്യക്തത വേണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. ക്രൈസ്തവ സഭാംഗങ്ങളുടെ ശവസംസ്ക്കാര ചടങ്ങുകൾക്ക് അവകാശം നൽകുന്ന ബിൽ നിയമസഭയിൽ അവതരിപ്പിച്ചതിനെ പ്രതിപക്ഷം എതിർത്തു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകളെല്ലാം തെറ്റായ പ്രചരണങ്ങളാണ്.

Avatar

Title:ക്രിസ്തീയ സെമിത്തേരികളിൽ ഇടവകാംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാനുള്ള അവകാശം ഉറപ്പാക്കുന്ന ബില്ലിനെ പ്രതിപക്ഷം എതിർത്തിട്ടില്ല, സത്യം ഇതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •