
വിവരണം
കെ-റെയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍പാതയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന് എതിരെയുള്ള പ്രതിഷേധങ്ങള്‍ തുടരുകയാണ്. അലൈന്‍മെന്‍റ് പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സര്‍വേ കല്ലുകള്‍ ഇടുന്നിനടങ്ങളില്‍ പ്രതിഷേധക്കാര്‍ കല്ല് പറിച്ച് മാറ്റുന്നത് ദിവസവും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് തൃശൂര്‍ നഗരത്തിലൂടെ കെ-റെയില്‍ കടന്നു പോകുന്നിടത്ത് ശോഭ സിറ്റി മാളിനെ മനപ്പൂര്‍വം ഒഴിവാക്കി അലൈന്‍മെന്‍റ് ചിട്ടപ്പെടുത്തിയിരിക്കുകയാണെന്ന പേരില്‍ ചില പോസ്റ്റുകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോര്‍പ്പൊറേറ്റുകളുടെ സ്ഥലം ഏറ്റെടുക്കാതെ പാവപ്പെട്ടവരുടെ സ്ഥലം പിടിച്ചെടുത്താണ് സര്‍ക്കാര്‍ കെ-റെയില്‍ നടപ്പിലാക്കുന്നതെന്നും അതിന് ഉദാഹരണമാണ് ശോഭ മാളിന് മുന്‍പ് അലൈന്‍മെന്‍റ് വളച്ചെടുത്തിരിക്കുന്നതെന്നും മാപ്പിന്‍റെ സ്ക്രീന്‍ഷോട്ട് സഹിതം പ്രചരിക്കുന്നത്. തൃശൂരിലെ കെ-റെയില്‍ സ്റ്റോപ്പില്‍ നിന്നും വടക്കോട്ട് വളവില്ലാതെ ശോഭമാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് മുകളിലൂടെ പോകുമായിരുന്ന അലൈന്‍മെന്‍റ് ശോഭ മാളിനെ ഒഴിവാക്കാനായി വളവ് നല്‍കിയാണ് പോകുന്നതെന്നതാണ് അവകാശവാദം. ശോഭ സിറ്റിയും ഹയാത്ത് റിയെജൻസിയും വഴിയിൽ കണ്ടപ്പോള്‍ കെ റെയിലിന്റെ ഒരു ബഹുമാനം കണ്ടോ?! എന്ന തലക്കെട്ട് നല്‍കി കോണ്‍ഗ്രസ് ഓണ്‍ലൈന്‍ എന്ന പ്രൊഫൈലില്‍ നിന്നും ഗൂഗിള്‍ മാപ്പ് സ്ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 146ല്‍ അധികം റിയാക്ഷനുകളും 102ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ മാപ്പില്‍ കാണുന്ന അലൈന്‍മെന്‍റ് പ്രകാരം ശോഭ സിറ്റിയെ ഒഴിവാക്കിയുള്ള വളവാണോ സ്ക്രീന്‍ഷോട്ടില്‍ കാണാന്‍ സാധിക്കുന്നത്? അലൈന്‍മെന്‍റ് കടന്നു പോകുന്നതിന് തൊട്ടടുത്താണോ ശോഭ സിറ്റി മാള്‍? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
ആദ്യം തന്നെ കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും അലൈന്‍മെന്‍റ് സംബന്ധിച്ച ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തിയ രേഖകള്‍ ഞങ്ങള്‍ പരിശോധിച്ചു. തൃശൂര്‍ ജില്ലയിലെ കെ-റെയിലിന്‍റെ സ്റ്റോപ്പ് അടയാളപ്പെടുത്തിയതിന് വടക്ക് ഭാഗത്തേക്ക് നീങ്ങുമ്പോള്‍ പടിഞ്ഞാറ് ഭാഗത്തേക്ക് ക്രമേണ വളവ് അലൈന്‍മെന്‍റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കെ-റെയില്‍ സ്റ്റോപ്പില്‍ നിന്ന് സമാന്തരമായി വളവില്ലാതെ അലൈന്‍മെന്‍റ് എടുത്താല്‍ തന്നെ ഇത് ശോഭ സിറ്റി മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തിലൂടെ കടന്നു പോകില്ല എന്നതാണ് വസ്‌തുത. കാരണം സൂം ഔട്ട് അയ ദൂരക്കാഴ്ച്ചയില്‍ മാത്രമാണ് മാപ്പില്‍ അലൈന്‍മെന്‍റിനോട് ചേര്‍ന്നു തന്നെ എന്നാല്‍ ശോഭ മാളിനെ ബാധിക്കാത്ത വിധം കെ-റെയില്‍ കടന്നു പോകുന്നതായി തോന്നുന്നത്. മാപ്പ് സൂം ഇന്‍ ചെയ്താല്‍ എത്രത്തോളം വളവില്ലാതെ തൃശൂരിലെ പ്രധാന സ്റ്റോപ്പില്‍ നിന്നും അലൈന്‍മെന്‍റ് മുന്നോട്ട് പോയാലും ഇത് ശോഭ മാളിന്‍റെയും അടുത്തുള്ള മറ്റ് സ്ഥാപനത്തിന്‍റെയോ അടുത്ത് തന്നെ എത്തുകിയില്ല.
ഉദാഹരണത്തിന് കെ-റെയില്‍ അലൈന്‍മെന്‍റ് നേരെ സമാന്തരമായി ശോഭ സിറ്റിക്ക് സമീപം കടന്നു പോകുന്ന തൃശൂരിലെ കുട്ടൂരിലെ തലംവാരി സെന്‍റര്‍ എന്ന സ്ഥാപനവും പുഴയ്ക്കല്‍ പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശോഭ മാളും തമ്മില്‍ റോഡ് മാര്‍ഗം വേഗത്തിലുള്ള റൂട്ട് പരിശോധിച്ചാല്‍ തന്നെ ആറര (6.5) കിലോമീറ്റര്‍ ദൂര വ്യത്യാസമുണ്ട്. ഗൂഗിള്‍ മാപ്പ് സൂം ചെയ്ത് കൃത്യമായി വളവും അലൈന്‍മെന്‍റ് കടന്നു പോകുന്ന വഴിയും ശോഭ മാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലവും താരതമ്യം ചെയ്താല്‍ തന്നെ ദൂരവ്യത്യാസം കൃത്യമായി അനായാസം ഏതൊരാള്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്.
കെ-റെയില്‍ ഔദ്യോഗിക സൈറ്റിലെ അലൈന്‍മെന്‍റ് മാപ്പ്-
ഗൂഗിള്‍ മാപ്പില്‍ അലൈന്‍മെന്‍റ് കടന്നു പോകുന്നിടവും കെ-റെയില്‍ സ്റ്റോപ്പും ശോഭമാളും സ്ഥിതി ചെയ്യുന്ന സ്ഥലം തമ്മിലുള്ള ദൂരം ഇത്രത്തോളമുണ്ട് (ഗൂഗിള്‍ മാപ്പ്)-

അഥവ അലൈന്‍മെന്‍റില്‍ വളവ് നല്‍കിയില്ലെങ്കില്‍ തന്നെ അത് ശോഭമാള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബാധിക്കില്ല എന്ന് മാപ്പ് പരിശോിച്ചതില്‍ നിന്നും വ്യക്തമാണ് –

അലൈന്‍മെന്‍റ് കടന്നു പോകുന്നിടത്ത് തലംവരി സെന്‍ററും സ്ഥാപനവും ശോഭമാളും തമ്മില്‍ റോഡ് മാര്‍ഗം തന്നെ ആറര കിലോമീറ്റര്‍ ദൂര വത്യാസമുണ്ട് (ഗൂഗിള്‍ മാപ്പ്)-

നിഗമനം
ശോഭ സിറ്റി മാളും കെ-റെയില്‍ അലൈന്‍മെന്‍റും തമ്മില്‍ റോഡ് മാര്‍ഗം തന്നെ പരിശോധിച്ചാല്‍ ആറ് കിലോമീറ്ററുകളോളം ദൂരവ്യത്യാസമുണ്ട്. മാത്രമല്ല തൃശൂരിലെ സ്റ്റോപ്പില്‍ നിന്നും വടക്കോട്ട് പോകുമ്പോള്‍ അലൈന്‍മെന്‍റില്‍ വളവ് ഇല്ലായെങ്കില്‍ തന്നെ ഇത് ശോഭ മാളിന് ഏറെ ദൂരത്തൂടെ സമീപത്തൂടെ മാത്രമെ കടന്നു പോകുകയുള്ളു എന്ന് അലൈന്‍മെന്‍റ് മാപ്പ് (ഗൂഗിള്‍ മാപ്പ്) പരിശോധിച്ചതില്‍ നിന്നും വ്യക്തമാണ്. എങ്ങനെ അലൈന്‍മെന്‍റ് നേരെ കൊണ്ടുപോയാലും ഇത് ശോഭമാളിനെയോ പുഴയ്ക്കല്‍ പുഴയുടെ തീര പ്രദേശത്തെയോ ബാധിക്കുകയില്ല എന്ന് വ്യക്തമാണ്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:ശോഭ മാളിനെ ബാധിക്കാതിരിക്കാന്‍ കെ-റെയില്‍ അലൈന്‍മെന്‍റ് തിരിച്ചുവിട്ടു എന്ന പ്രചരണം വ്യാജം.. വസ്‌തുത അറിയാം..
Fact Check By: Dewin CarlosResult: Misleading
