
വിവരണം
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ഡിസംബര്‍ 8 മുതല്‍ കേരളത്തില്‍ മൂന്നു ദിവസങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. വിവിധ രാഷ്ട്രീയ കക്ഷികള്‍ സ്ഥാനാര്‍ഥി പ്രഖ്യാപനവും തെരഞ്ഞെടുപ്പ് പ്രചരണവുമായി മുന്നോട്ടു നീങ്ങുന്നു. തെരഞ്ഞെടുപ്പ് വാര്‍ത്തകളാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിറയെ. ഇതിനിടെ കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന പ്രസ്താവന നടത്തി എന്നൊരു സാമൂഹ്യ മാധ്യമ പ്രചരണം ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. പ്രചരണം ഇങ്ങനെയാണ്: “നോട്ട് നിരോധനത്തിന് ശേഷം കള്ളപ്പണത്തിന്‍റെ ഒഴുക്ക് കുറഞ്ഞു. ഇപ്പോള്‍ പാവപ്പെട്ടവനു അഞ്ച് സെന്‍റ് ഭൂമി വാങ്ങാം. സിപിഎമ്മിനെ വെട്ടിലാക്കി സിപിഎം നേതാവും കോഴിക്കോട് മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍.” ഈ വാചകങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്‍റെ ചിത്രവും പോസ്റ്റിലുണ്ട്.

എന്നാല്‍ ഇത് വെറുതേ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വ്യാജ പ്രചരണം മാത്രമാണ് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
വസ്തുത അറിയാം
ഞങ്ങള്‍ കോഴിക്കോടുള്ള പ്രാദേശിക മാധ്യമങ്ങളില്‍ ഇങ്ങനെയൊരു വാര്‍ത്തയ്ക്കായി തിരഞ്ഞു. ഒന്നും കണ്ടെത്താത്തതിനെ തുടര്‍ന്ന് ഞങ്ങള്‍ കോഴിക്കോട് മേയര്‍ ആയിരുന്ന തോട്ടത്തില്‍ രവീന്ദ്രനോട് നേരിട്ട് സംസാരിച്ചു. അദ്ദേഹം കാലാവധി അവസാനിച്ചത് മൂലം ഔദ്യോഗികമായി മേയര്‍ സ്ഥാനം ഇന്നലെ ഒഴിഞ്ഞിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: “ഇത് എനിക്കെതിരെയുള്ള ഒരു ദുഷ്പ്രചരണമാണ്. 2018 ല്‍ ആധാരമെഴുത്ത് അസോസിയേഷന്‍റെ ജില്ലാ സമ്മേളനം നടന്നപ്പോള്‍ എന്നെ ക്ഷണിച്ചിരുന്നു. പ്രസംഗത്തിനിടയില്‍ നോട്ടു നിരോധനത്തെ പറ്റി പറഞ്ഞു. നോട്ടു നിരോധനം മൂലം ഭൂമാഫിയയുടെ പ്രവര്‍ത്തനം പഴയ രീതിയില്‍ നടക്കുന്നില്ലെന്നും പാവങ്ങള്‍ക്ക് വീട് വയ്ക്കാന്‍ ഭൂമി വാങ്ങാന്‍ ഉപകാരമായേക്കും എന്ന്‍ ഞാന്‍ പറഞ്ഞിരുന്നു. ഭൂമാഫിയയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിക്കെതിരായോ അല്ലെങ്കില്‍ നോട്ടു നിരോധനത്തെ അനുകൂലിക്കുന്ന രീതിയിലോ ഒന്നും തന്നെ പറഞ്ഞിട്ടില്ല. ഇതോടൊപ്പം തന്നെ നോട്ടു നിരോധനം മൂലണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചും ഞാന്‍ അന്ന് പറഞ്ഞിരുന്നു. അതൊന്നും പരാമര്‍ശിക്കാതെ ഈ പഴയ പ്രസ്താവന ഇപ്പോള്‍ ദുഷ്പ്രചരണത്തിന് ഉപയോഗിക്കുകയാണ്.”
ഞങ്ങളുടെ അന്വേഷണത്തില്‍ വ്യക്തമായത് കോഴിക്കോട് മേയറായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ മുമ്പ് പറഞ്ഞ പഴയ പ്രസ്താവന വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.
നിഗമനം
പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കോഴിക്കോട് മേയറായിരുന്ന തോട്ടത്തില്‍ രവീന്ദ്രന്‍ മുമ്പ് പറഞ്ഞ പഴയ പ്രസ്താവന വളച്ചൊടിച്ച് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ പ്രചരിപ്പിക്കുകയാണ്.

Title:നോട്ടു നിരോധനത്തെ അനുകൂലിച്ച് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കോഴിക്കോട് മേയര്‍ പ്രസ്താവന നടത്തി എന്ന പ്രചാരണത്തിന്‍റെ യാഥാര്‍ത്ഥ്യം…
Fact Check By: Vasuki SResult: Partly False
