കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Misleading രാഷ്ട്രീയം | Politics

വിവരണം

കഞ്ചാവുമായി പിടിച്ച ‘SFI’ക്കാരെ അറസ്റ്റ് ചെയ്തതിന് മലപ്പുറം അരിക്കോട് പോലീസ് സ്റ്റേഷനിൽ ഭീക്ഷണി പെടുത്തുന്ന ‘സി.പി.എം.പ്രവർത്തകർ,,,!!!* ലഹരിക്കെതിരെ പോരാടുകയല്ല ഇവർ യഥാർഥത്തിൽ ചെയ്യുന്നത്, വളർന്നുവരുന്ന തലമുറകളെ വഴിതെറ്റിക്കൽ ആണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്… ഇങ്ങനെ തന്നെ No.1 കേരളം വളരട്ടെ. “അനുഭവം ഗുരു”. നാളെ നമ്മുടെ മക്കളും ഇതുപോലെ ആകാതെ ഇരിക്കട്ടെ എന്ന് പ്രാർഥിക്കാം… എന്ന തലക്കെട്ട് നല്‍കി സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിക്കുന്നുണ്ട്. മലപ്പുറം അരീക്കോട് പോലീസ് കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഭീഷണി മുഴക്കുന്ന വീഡിയോ എന്ന പേരിലാണ് പ്രചരണം. ഷിര്‍ലി ജോസഫ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് നിരവധി റിയാക്ഷനുകളും ഷെയറുകളുമാണ് ലഭിച്ചിട്ടുള്ളത്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കഞ്ചാവ് കേസില്‍ പിടിയിലായ എസ്എഫ്ഐ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുന്നതിന്‍റെ ദൃശ്യം തന്നെയാണോ പ്രചരിക്കുന്നത്? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

സംഭവത്തെ കുറിച്ചുള്ള വിശദ വിവരങ്ങള്‍ അറിയാന്‍ ഫാക്‌ട് ക്രെസെന്‍ഡോ മലയാളം പ്രതിനിധി അരിക്കോട് പോലീസുമായി ഫോണില്‍ ബന്ധപ്പെട്ടു. പോലീസ് നല്‍കിയ വിവരങ്ങള്‍ ഇങ്ങനെയാണ്-

അരീക്കോട് സ്റ്റേഷന്‍ പരിധിയില്‍ കവനൂര്‍ മജ്‌മാ കോളജില്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തത്. നാമനിര്‍ദേശ പത്രിക തള്ളിയതിനെ തുടര്‍ന്ന് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പളെ ഉപരോധിക്കുകയും ചെയ്തു. എന്നാല്‍ കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ പുറത്ത് നിന്നും വന്ന എസ്എഫ്ഐ പ്രവര്‍ത്തകരും കോളജിനുള്ളില്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഈ വിവരം കോളജ് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി പുറത്ത് നിന്നും എത്തിയ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലെത്തി വാക്ക് തര്‍ക്കത്തില്‍ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കി. കഞ്ചാവ് കേസിലാണ് എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടിയതെന്നത് വ്യാജ പ്രചരണമാണെന്നും അവര്‍ പറഞ്ഞു.

നിഗമനം

അരീക്കോട് മജ്മാ കോളജിലെ യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമനിര്‍ദേശ പട്ടിക തള്ളിയതിനെ തുടര്‍ന്നുള്ള എസ്എഫ്ഐ പ്രതിഷേധത്തില്‍ കോളജിന് പുറത്ത് നിന്നും എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് പോലീസ് എസ്എഫ്ഐ പ്രവര്‍ത്തകരെ പിടികൂടിയത്. കഞ്ചാവുമായി പിടികൂടിയ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോ എന്നത് തെറ്റായ പ്രചരണമാണെന്നും ഇതോടെ വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കഞ്ചാവുമായി പിടികൂടിയ എസ്എഫ്ഐ പ്രവര്‍ത്തകരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading