
വിവരണം
വേണ്ട വേണ്ട എന്ന് പറഞ്ഞിട്ട് കേട്ടില്ല മദമിളകിയ ആനയുടെ അടുത്തേക്ക് പോയ ആള്‍ക്ക് സംഭവിച്ചത് എന്ന തലക്കെട്ട് നല്‍കി ഒരു വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നുണ്ട്. Skylark Pictures Entertainment എന്ന പേരിലുള്ള പേജില്‍ ഓഗസ്റ്റ് 16ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇതുവരെ 878 ഷെയറുകളും 4,900ല്‍ അധികം ലൈക്കുകളും നേടിയിട്ടുണ്ട്-
എന്നാല്‍ മദമിളകിയ ആനയുടെ അടുത്ത് പോയ ആളിന് സംഭവിച്ചതാണോ 10.52 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ വീഡിയോയുടെ ഉള്ളടക്കം. എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.
വസ്‌തുത വിശകലനം
മദമിളകിയ ആനയുടെ അടുത്തെത്തിയ ആളിന് എന്ത് സംഭവിച്ചു എന്ന അറിയാനുള്ള ആകാംഷയില്‍ വീഡിയോ 10 മിനിറ്റ് കാണുമ്പോഴാണ് ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല എന്ന് മനിസിലാക്കാന്‍ കഴിയുന്നത്. 3 വീഡിയോകള്‍ എഡിറ്റ് ചെയ്‌ത് യോജിപ്പിച്ചതാണ് പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ. ആദ്യ വീഡിയോയില്‍ ഒരു നാട്ടാനയെ വലിയ ഒരു പറമ്പില്‍ തളച്ചിട്ടിരിക്കുന്നത് കാണാം. മദപ്പാടിന്‍റെ ലക്ഷണവും ആനയ്ക്ക് തോന്നുന്നുണ്ട്. അക്രമാസക്തനെന്ന് തോന്നിക്കുന്ന ആന മണ്ണും ഓലയും വലിച്ചെറിയുന്നതും കാണാം. എന്നാല്‍ ആരും അടുത്തേക്ക് ചെല്ലുന്നതോ ആന അവരെ ആക്രമിക്കുന്നതോ വീഡിയോയിലില്ല.
വീഡിയോ തമ്പ്‌നെയിലില്‍ ഉപയോഗിച്ചിരിക്കുന്നത് കേരളത്തില്‍ ഏറെ പ്രശസ്‌തിയുള്ള പാമ്പാടി രാജന്‍ എന്ന ആനയാണ്. വീഡിയോയുടെ തലക്കെട്ടുമായി കൂട്ടിവായിക്കുമ്പോള്‍ പാമ്പാടി രാജന്‍ എന്ന ആനയ്ക്ക് മദമിളകിയതായും ആരെയോ ആക്രമിക്കുന്നതാണ് വീഡിയോയെന്നും തെറ്റദ്ധരിപ്പിക്കപ്പെടും. എന്നാല്‍ രണ്ടാമത്തെ വീഡിയോയില്‍ പാമ്പാടി രാജനെ തളച്ച് നിര്‍ത്തിയിരിക്കുന്നതായും ആന പാപ്പാന്‍ അടുത്ത് വന്ന് നില്‍ക്കുന്നതും മാത്രമാണ് കാണാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ പേജില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന വീഡിയോ തെറ്റദ്ധരിപ്പിക്കും വിധത്തില്‍ വ്യാജ പ്രചരണം നടത്തുകയാണ്.
അവസാന വീഡിയോയില്‍ രണ്ട് കാട്ടനാകള്‍ നില്‍ക്കുന്നതിന് അരികിലേക്ക് ഒരു യുവാവ് നടന്നു ചെല്ലുന്നതും കാണാം. എന്നാല്‍ അധികം അടുത്തേക്ക് പോകാത്തതിനാല്‍ ആന ആക്രമിക്കാന്‍ ശ്രമിക്കുന്നില്ല. അതായത് ഈ മൂന്നു വീഡിയോകളിലും ആര്‍ക്കും ഒന്നും സംഭവിക്കുന്നില്ലെന്നത് വ്യക്തം.
നിഗമനം
വീഡിയോയുമായി യാതൊരു ബന്ധമില്ലാത്ത തലക്കെട്ട് നല്‍കിയാണ് പേജിലൂടെ ഈ വീഡിയോ പ്രചരിപ്പിച്ചിരിക്കുന്നതെന്ന് ഇതോടെ മനസിലാക്കാം. മദമിളകിയ ആനയുടെ അടുത്തെത്തിയ ആളിന് എന്തോ ആപത്ത് സംഭവിച്ചു എന്ന തരത്തിലാണ് പലരും വീഡിയോ ഓപ്പണ്‍ ആക്കുന്നതെന്ന് കമന്‍റുകള്‍ വായിച്ചാല്‍ വ്യക്തമാകും. എന്നാല്‍ വീഡിയോയില്‍ ആന ആരെയും തന്നെ ആക്രമിക്കുന്നതായി രംഗങ്ങളില്ല. അതുകൊണ്ട് തന്നെ വീഡിയോയുടെ തലക്കെട്ടും ഉള്ളടക്കവും പൂര്‍ണമായി വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.
