ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Misleading സാമൂഹികം

വിവരണം

സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട് പോയ കെഎസ്ആര്‍ടിസി ബസ് മെയിന്‍ റോഡില്‍ റീവേഴ്‌സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന അപൂര്‍വ്വ കാഴ്ച്ച എന്ന പേരില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മീഡിയ വിഷന്‍ കൊട്ടാരക്കര എന്ന ഫെയ്‌സ്ബുക്ക് പേജില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയ്ക്ക്  ഇതുവരെ 2,000ല്‍ അധികം റിയാക്ഷനുകളും 340ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Video Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ മുന്‍പോട്ട് പോയ കെഎസ്ആര്‍ടിസി റിവേഴ്സ് എടുത്ത് ബസ് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് അറിയാം..

വസ്‌തുത ഇതാണ്..

ആദ്യം തന്നെ വീഡിയോ പൂര്‍ണ്ണമായും പരിശോധിച്ച ശേഷം വീഡിയോയുടെ ഒരു മിനിറ്റ് മുതലുള്ള ഭാഗത്ത് വാഹനം റീവേഴ്‌സ് എടുത്ത് നിര്‍ത്തുന്ന സ്ഥലത്ത് ബസിലെ കണ്ടക്‌ടര്‍ ചാക്കുകള്‍ പുറത്തേക്ക് ഇടുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. ഇത് കുറിച്ചുള്ള വിശദ വിവരങ്ങളറിയാന്‍ ഞങ്ങളുടെ പ്രതിനിധി കെഎസ്ആര്‍ടിസി കൊട്ടാരക്കര ഡിപ്പോ അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടു. വീഡിയോ പരിശോധിച്ച ശേഷം അവര്‍ നല്‍കിയ മറുപടി ഇങ്ങനെയാണ്-

കെഎസ്ആര്‍ടിസി പ്രാദേശിക റൂട്ടിലെ വാഹനങ്ങള്‍ മെയില്‍ സര്‍വീസ് നടത്തുന്നുണ്ട്. അതയാത് കൊട്ടാരക്കര പ്രധാന പോസ്റ്റ് ഓഫിസില്‍ നിന്നും കത്തുകള്‍ അടുത്തുള്ള സബ് പോസ്റ്റ് ഓഫിസുകള്‍ക്ക് കൈമാറുന്നതാണ് ഈ സര്‍വീസ്. വീഡിയോയിലുള്ളത് കൊട്ടാരക്കരയിലെ ഒരു സബ് പോസ്റ്റ് ഓഫിസാണ്. ഈ പോസ്റ്റ് ഓഫിസ് പ്രധാന റോഡില്‍ നിന്നും ഉള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുറച്ച് മുന്നിലേക്ക് പോയ ശേഷമാണ് പോസ്റ്റ് ഓഫിസും കടന്നു പോയി എന്ന് മനസിലാക്കി റിവേഴ്‌സില്‍ വന്ന് പോസ്റ്റ് ഓഫിസ് ജീവനക്കാരിയുടെ മുന്നിലേക്ക് ചാക്കില‍ുള്ള കത്തുകള്‍ താഴേക്ക് ഇട്ടു നല്‍കുന്നത്. ഇത് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി റവേഴ്‌സില്‍ വന്ന് ബസ് സറ്റോപ്പില്‍ നിര്‍ത്ത് ആളെ കയറ്റുന്നു എന്ന പ്രചരണം വ്യാജമാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

ബസില്‍ നിന്നും ചാക്ക് ഇറക്കുന്നത് വീഡിയോയില്‍ തന്നെ വ്യക്തമാണ്-

നിഗമനം

കൊട്ടാരക്കര പ്രധാന പോസ്റ്റ് ഓഫിസില്‍ നിന്നും സബ് പോസ്റ്റ് ഓഫിസിലേക്കുള്ള കത്തുകള്‍ ചാക്കുകളില്‍ ഇറക്കുന്ന വീഡിയോയാണിത്. പോസ്റ്റ് ഓഫിസ് കഴിഞ്ഞ് മുന്നോട്ട് പോയ ബസ് പുറകോട്ട് വന്ന് കത്തുകള്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ ഇറക്കുന്നതാണ് വീഡിയോയിലുള്ളത്. ഇവിടെ ബസ് സ്റ്റോപ്പ് ഇല്ലായെന്ന് സ്റ്റോപ്പില്‍ നിര്‍ത്താന്‍ ബസ് റിവേഴ്‌സില്‍ വരുന്നതല്ലായെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസ് റിവേഴ്‌സ് എടുത്ത് സ്റ്റോപ്പില്‍ നിര്‍ത്തുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: Misleading