മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഭാരത മാതവിനെ അവഹേളിച്ച് ദൃശ്യാവിഷ്കാരം നടത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

രാഷ്ട്രീയം സാമൂഹികം

വിവരണം

ഭാരതമാതാവിന്‍റെ വേഷം ധരിച്ച വിദ്യാര്‍ത്ഥിനിയുടെ കിരീടം അഴിച്ചു മാറ്റി തങ്ങള്‍ക്കൊപ്പം നിസ്കരിക്കുന്ന മുസ്‌ലിം കുട്ടികള്‍ എന്ന തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഒരു സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരിത്തിന്‍റെ വീ‍ഡിയോയാണ് ഇത്തരത്തില്‍ പ്രചരിക്കുന്നത്. മുസ്‌ലിം സമുദായം ഭാരതമാതാവിനെ അവഹേളിക്കുകയാണെന്നും മുസ്‌ലിം സ്വപനം കാണുന്ന ഇന്ത്യ ഇതാണെന്നും അതിവിടെ നടക്കുകയില്ലെന്നുമുള്ള പ്രചരണങ്ങളും ചര്‍ച്ചകളുമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയുടെ പേരില്‍ നടക്കുന്നത്.

ഇതാണ് ഞമ്മ കണ്ടസ്വപ്നം ഏങ്കിൽ അത് സ്വപ്നമായി തന്നെ നിലനിൽക്കും അന്റെയൊന്നും വാപ്പാമാരെ ഉണ്ടാക്കിയ മുഗളന്മാർക്ക് പറ്റിയില്ലഭാരതാമ്പയുടെ ശിരസ്സിൽ തൊടാൻ എന്നിട്ടല്ലേ കിരീടം എടുത്തു കളയുന്നത്* ഏത് സ്കൂൾ ആയാലും നടപടി ഉണ്ടാവുന്നത് വരെ ഷെയർ ചെയ്യുക എന്ന തലക്കെട്ട് നല്‍കി കുമാര്‍ ജിത്തു എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 57ല്‍ അധികം റിയാക്ഷനുകളും 219ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Screen Record 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഭാരതമാതാവിനെ അവഹേളിക്കുന്ന വീഡിയോയാണോ ഇത്? മുസ്‌ലിം മതാചാരം അടിച്ചേല്‍പ്പിക്കുന്നതാണോ വീഡയോയുടെ ഉള്ളടക്കം? എന്താണ് പ്രചരണത്തിന് പിന്നിലെ യഥാര്‍ത്ഥ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

വീഡിയോ കീ ഫ്രെയിമുകളായി റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും ടൈംസ് ഓഫ് ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തകനായ അര്‍വിന്ദ് ചൗഹാന്‍ പങ്കുവെച്ച  ട്വീറ്റ് കണ്ടെത്താന്‍ കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ദൃശ്യാവിഷ്കാരത്തിന്‍റെ പൂര്‍ണ്ണരൂപം കാണുക എന്ന തലക്കെട്ട് നല്‍കിയാണ് അര്‍വിന്ദ് വീഡിയോ 2.20 മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വീഡിയോ പൂര്‍ണ്ണമായി പരിശോധിച്ചതില്‍ നിന്നും യഥാര്‍ത്ഥ സന്ദേശം എന്താണെന്നും വ്യക്തമാകുകയും ചെയ്തു. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ വിവിധ പ്രാര്‍ത്ഥന രീതികള്‍ ഭാരതമാതാവിന്‍റെ സാന്നിദ്ധ്യത്തില്‍ ആരാധിക്കുന്നതായി സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദൃശ്യാവിഷ്കാരമായി അവതരിപ്പിക്കുക മാത്രമാണ് കുട്ടികള്‍ ചെയ്തത്. ലഖ്‌നൗവിലെ മല്‍വിയ നഗറിലെ ശിശു ഭാരതീ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്.

ദൃശ്യാവിഷ്കാരത്തിന്‍റെ പൂര്‍ണ്ണം രൂപം കാണുക-

Tweet 

വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ദൃശ്യാവിഷ്കാരം പഠിപ്പിച്ചു നല്‍കിയ അധ്യാപികയുടെ വാക്കുകള്‍ ഇങ്ങനെയാണ്-

ആരെയും വേദനപ്പിക്കുന്നതിന് വേണ്ടിയല്ല ഈ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. വീഡിയോയുടെ പൂര്‍ണ്ണരൂപം കണ്ടാല്‍ എല്ലാവര്‍ക്കും സത്യമെന്താണെന്ന് മനസിലാകും. മതമൈത്രിയും ഐക്യവും ലക്ഷമിട്ടാണ് ഇത്തരമൊരു ആവിഷ്കാരം കുട്ടികള്‍ അവതരിപ്പിച്ചതെന്നും അധ്യാപിക വിശദീകരിക്കുന്ന വീഡിയോയും മാധ്യമ പ്രവര്‍ത്തകന്‍ അര്‍വിന്ദ് ചൗഹാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഡിസിപി എസ്.ചിന്നപ്പ നല്‍കുന്ന വിശദീകരണം ഇപ്രകാരമാണ്-

കുട്ടികള്‍ തമ്മില്‍ മതത്തിന്‍റെ പേരില്‍ വേര്‍തിരിവും തമ്മില്‍ തല്ലും ഉണ്ടാകാതെ ഐക്യത്തോടെ വരും തലമുറ ജീവിക്കണമെന്ന സന്ദേശമാണ് വീഡിയോയിലുള്ളതെന്നാണ് ഡിസിപി വ്യക്തമാക്കുന്നത്.

അധ്യാപികയുടെയും ഡിസിപിയുടെയും വിശദീകരണം-

Tweet 

നിഗമനം

മതമൈത്രിയുടെ സന്ദേശം നല്‍കാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്ന ഉള്ളടക്കത്തോടെ ഭാരതമാതാവിനൊപ്പം ഹിന്ദു, മുസ്‌ലിം, സിഖ്, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ ആരാധന രീതികള്‍ ദൃശ്യാവിഷ്കാരത്തിലൂടെ അവതരിപ്പിച്ച് കാണിക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത്. എന്നാല്‍ മുസ്‌ലിം വിഭാഗം ഭാരത മാതവിനെ അവഹേളിക്കുകയാണെന്ന പേരില്‍ ക്രോപ്പ് ചെയ്ത വിഡീയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. വിദ്വേഷ പ്രചരണത്തിനായി ഉപയോഗിച്ച വീഡിയോയുടെ പൂര്‍ണ്ണരൂപവും കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പ്രചരണം തെറ്റിദ്ധരിപ്പിക്കും വിധമുള്ളതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ ഭാരത മാതവിനെ അവഹേളിച്ച് ദൃശ്യാവിഷ്കാരം നടത്തി എന്ന പ്രചരണം വ്യാജം.. വസ്‌തുത ഇതാണ്..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •