കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

രാഷ്ട്രീയം | Politics

വിവരണം

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഇന്‍റര്‍നെറ്റ് സേവന പദ്ധതിയായ കെ-ഫോണിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചത്. എന്നാല്‍ കെ-ഫോണില്‍ പരക്കെ അഴിമതിയാണെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കണക്ഷന് വേണ്ടി സ്ഥാപിച്ചിരിക്കുന്ന ഇന്‍റര്‍നെറ്റ് കെബിളുകള്‍ മുറിച്ച് അവര്‍ പ്രതിഷേധിച്ചു എന്ന പേരില്‍ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജനങ്ങൾ ചിന്തിക്കണം എന്താണ് ഇവരുടെ ഉദ്ദേശം ഒരു നാടിനെ ലോകനിലവാരത്തിലേക്ക് ഉയർത്താൻ ഒരു സർക്കാർ പരിശ്രമിക്കുമ്പോൾ അതിന് തടയിടാൻ ചില കുബുദ്ധികൾ നാളെ യുഡിഎഫ് നേതാക്കളുടെ വീട്ടുകളിലും കെ ഫോണിൻറെ കേബിൾ എത്തുമ്പോൾ അവരുടെ മക്കളും അതിലൂടെ വിദ്യാസമ്പന്നരാകും എന്നത് ഇവർ മറന്നു പോകുന്നു..വെറുതെയല്ല ജനങ്ങൾ ഇവരെ എഴുതിത്തള്ളിയത്… എന്ന തലക്കെട്ട് നല്‍കി അബ്ദുള്‍ റഷീദ് അബ്ദുള്‍ റദീദ് എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 346ല്‍ അധികം റിയാക്ഷനുകളും 3000ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook Post Archived Video 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? എന്താണ് യഥാര്‍ത്ഥത്തില്‍ പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത ഇതാണ്

ആദ്യം തന്നെ യൂട്യൂബില്‍ കേബിള്‍ മുറിച്ച് കോണ്‍ഗ്രസ് മീഡിയ വണ്‍ എന്ന കീ വേര്‍ഡ് ഉപയോഗിച്ച് സെര്‍ച്ച് ചെയ്തതില്‍ നിന്നും രണ്ട് വാര്‍ത്ത വീഡിയോകള്‍ റിസള്‍ട്ടായി ലഭിച്ചു. ഒരു സംഭവത്തിന്‍റെ തന്നെ വാര്‍ത്തകളാണ് രണ്ട് വീഡിയോകളും. വാര്‍ത്ത പരിശോധിച്ചതില്‍ നിന്നും ലഭിച്ച വിവരം ഇപ്രകാരമാണ്-

2023 ജനുവരി 24നാണ് മീഡിയ വണ്‍ ഈ വാര്‍ത്ത പങ്കുവെച്ചിരിക്കുന്നത്. എറണാകുളം വെണ്ണലയില്‍ ബൈക്ക് യാത്രികന്‍ റോഡിലേക്ക് അലക്ഷ്യമായി നീണ്ട് കിടന്ന കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ പ്രതിഷേധം സംഘടപ്പിച്ചതായിരുന്നു കോണ്‍ഗ്രസ്. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തില്‍ പോസ്റ്റുകളില്‍ നിന്നും റോഡിലേക്ക് നീണ്ട് കിടക്കുന്ന ഉപയോഗ ശൂന്യമായ കേബിളുകള്‍ മുറിച്ച് മാറ്റിയായിരുന്നു പ്രതിഷേധം. ഇതെ കുറിച്ചുള്ള വാര്‍ത്ത വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കെ-ഫോണ്‍ കേബിള്‍ മുറിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്ന പേരില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി കഴിഞ്ഞു.

മീഡിയ വണ്‍ വാര്‍ത്ത-

MediaOne News 

വാര്‍ത്തയില്‍ നിന്നും ക്രോപ്പ് ചെയ്ത വീഡിയോയുടെ ഈ ഭാഗമാണ് തെറ്റായ തലക്കെട്ടോടെ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്-

MediaOne News 

നിഗമനം

റോഡ് അരകിലേക്ക് നീണ്ട് കിടന്ന കേബിളില്‍ കുരുങ്ങി ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെടുകയും തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിന്‍റെ വീഡിയോയാണ് കെ-ഫോണ്‍ കേബിള്‍ മുറിക്കുന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതെന്ന് ഇതോടെ വ്യക്തമായി. അതുകൊണ്ട് തന്നെ പ്രചരണം തെറ്റ്ദ്ധരിപ്പിക്കുന്നതാണെന്ന് അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കെ-ഫോണ്‍ കേബിളുകള്‍ മുറിക്കുന്ന വീഡിയോയാണോ ഇത്? വസ്‌തുത അറിയാം..

Written By: Dewin Carlos 

Result: Misleading