
പലയിടത്തു നിന്നും പോലീസുകാർ കൊള്ളക്കാരെ പിടികൂടിയ വാർത്തകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രചരിക്കാറുണ്ട്.
പ്രചരണം
ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇത്തരത്തില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. വീഡിയോയിൽ ഒരു സ്ഥാപനത്തിന്‍റെ ഷട്ടർ തുറന്ന് ജാഗ്രതയോടെ പോലീസുകാർ അകത്തു കടക്കാൻ ശ്രമിക്കുന്നതും പുറത്തേക്ക് പാഞ്ഞെത്തിയ കൊള്ളക്കാരെ അതിസാഹസികമായി പിടികൂടുന്നതുമായ ദൃശ്യങ്ങളാണ് ഉള്ളത്.
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ച ക്രിമിനലുകളെ കയ്യോടെ പിടികൂടുന്നതാണ് വീഡിയോ എന്ന് വാദിച്ച് വീഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ബാങ്ക് കൊള്ളയടിക്കാൻ കയറിയ കള്ളന്മാരെ കയ്യോടെ പൊക്കി ..!!
മുംബയ് – മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ജില്ലയിലെ ഷെണ്ടി എന്ന സ്ഥലത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ശാഖയിൽ കൊള്ളയടിക്കാൻ കയറിയ കള്ളന്മാരെയാണ് മഹാരാഷ്ട്ര പോലീസ് കയ്യോടെ പൊക്കിയത്. അവധി ദിവസം അടച്ചിട്ടിരുന്ന ബാങ്കിനുള്ളതിൽ നിന്ന് ചില ശബ്ദങ്ങൾ കേട്ട നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി സാഹസികമായി കള്ളന്മാരെ കയ്യോടെ പോക്കുകയായിരുന്നു . !!
വീഡിയോ”
ഞങ്ങൾ വീഡിയോയെ കുറിച്ച് അന്വേഷിച്ചു. മോക്ക് ഡ്രില്‍ നടത്തുന്ന ഒരു വീഡിയോ തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.
വസ്തുത ഇങ്ങനെ
ഞങ്ങള്‍ ഇൻവിഡ് വി വെരിഫൈ എന്ന ടൂൾ ഉപയോഗിച്ച് വീഡിയോയെ വിവിധ കീഫ്രെയിമുകളാക്കി വേര്‍തിരിച്ച ശേഷം ഒരെണ്ണത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കി. അപ്പോള്‍ ലഭിച്ച ഫലങ്ങളില്‍ 2021 സെപ്റ്റംബർ 1 -ന് മഹാരാഷ്ട്ര ടൈംസ് മറാത്തിയിൽ ഒരു വീഡിയോ പ്രസിദ്ധീകരിച്ചിരിക്കുന്നതായി കണ്ടു. “അഹ്മദ് നഗർ: ഷാൻഡി ഗ്രാമ ടൗൺ ബാങ്ക് കവർച്ച , മോക്ക് ഡ്രിൽ നടത്തി.”
ഈ റിപ്പോർട്ട് അനുസരിച്ച്, അഹമ്മദ്‌നഗറിലെ ഷെണ്ടി ഗ്രാമത്തിൽ ഒരു ഗ്രാമ സുരക്ഷാ ടീം പരിശീലനം നടത്തുമ്പോഴുള്ള ഒരു മോക്ക് ഡ്രില്ലിന്‍റെ ഭാഗമാണ് വീഡിയോ. അവിടെ അടിയന്തര സാഹചര്യങ്ങളിൽ അടിയന്തര സഹായം നൽകാൻ ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിൽ പോലീസ് സുരക്ഷാ സംവിധാനങ്ങൾ വിന്യസിപ്പിക്കുന്നതിനെ കുറിച്ചുള്ള പരിശീലനമായിരുന്നു സംഭവം.
മാധ്യമ റിപ്പോര്‍ട്ടിനൊപ്പമുള്ള വീഡിയോയുടെ ഒരുമിനിറ്റ് 5 സെക്കൻഡ് മുതൽ പോസ്റ്റില്‍ നല്‍കിയ ദൃശ്യങ്ങള്‍ നമുക്ക് കാണാം. കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങളുടെ പ്രതിനിധി അഹമ്മദ് നഗറിലെ ലോക്കൽ ക്രൈംബ്രാഞ്ച് പോലീസ് ഇൻസ്പെക്ടർ അനിൽ കഡ്കെയുമായി ബന്ധപ്പെട്ടു, അദ്ദേഹം വിശദീകരിച്ചത് ഇങ്ങനെ: “വൈറല്‍ വീഡിയോയില്‍ കാണുന്നത് ഓഗസ്റ്റ് 31 ന് സിറ്റി പോലീസ് നടത്തിയ ഒരു പരിശീലനമാണ്. ഷെണ്ടി ഗ്രാമത്തിലെ ഒരു ബാങ്കിലാണ് ഈ മോക്ക് ഡ്രിൽ നടത്തിയത്. ഗ്രാമത്തിലെ വിവിധ സ്ഥലങ്ങളിലെ സുരക്ഷാ സംവിധാനം പരിശോധിക്കുന്നതിനാണ് ഈ പരിശീലനം നടത്തിയത്.
അന്വേഷണത്തില്‍ നിന്നും, മുകളിലുള്ള വീഡിയോയുടെ ഒപ്പം നല്‍കിയിട്ടുള്ള അവകാശവാദം തെറ്റാണെന്ന് വ്യക്തമായിട്ടുണ്ട്. മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ പോലീസ് നടത്തിയ ഒരു മോക്ക് ഡ്രില്ലിന്റെ വീഡിയോയാണ് യഥാർത്ഥ ബാങ്ക് കവർച്ചയായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
നിഗമനം
ഹോസ്റ്റൽ നൽകിയിട്ടുള്ള വാർത്ത പ്രചരണം തെറ്റാണ്. ഇത് ഒരു യഥാർത്ഥ ബാങ്ക് കവർച്ചയുടെ ദൃശ്യങ്ങൾ അല്ല. സുരക്ഷയുടെ ഭാഗമായി ബാങ്ക് കവർച്ച നേരിടുന്നതിനെ കുറിച്ച് പരിശീലനം നടത്തിയ ഒരു മോക്ക് ഡ്രിൽ വീഡിയോയാണ് പോസ്റ്റിൽ ഉള്ളത്.
ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Title:പോലീസ് ബാങ്ക് കവര്‍ച്ചക്കാരെ പിടികൂടുന്ന ഈ വീഡിയോ യഥാര്‍ഥത്തില്‍ മോക്ക് ഡ്രില്ലാണ്…
Fact Check By: Vasuki SResult: False
