കോവിഡ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹം പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്കരിച്ചതെന്ന പ്രചരണം വ്യാജം..

രാഷ്ട്രീയം

വിവരണം

ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയും MP യുമായ അൽഫോൻസ് കണ്ണന്താനം കോവിഡ്- 19 ബാധിച്ചാണ് തൻ്റെ അമ്മ മരിച്ചതെന്ന വിവരം വീഡിയോയിലൂടെ അൽഫോൻസ് കണ്ണന്താനം തന്നെ ഇപ്പോൾ വെളിപ്പെടുത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. 2020 ജൂൺ 10 ന് ഡൽഹിയിലെ ആശുപത്രിയിൽ വച്ചാണ് കണ്ണന്താനത്തിൻ്റെ അമ്മ മരിച്ചത്. അതിന് മുൻപ് കുറെ നാളുകളായി കണ്ണന്താനത്തോടൊപ്പം ഡൽഹിയിലെ ഔദ്യോഗിക വസതിയിലാണ് അമ്മ താമസിച്ചിരുന്നത്. അന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വാർത്ത ചാനലുകളിലും പത്രത്തിലും ഔദ്യോഗികമായി അറിയിച്ചപ്പോൾ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് ഒരിടത്തുപോലും പറഞ്ഞിട്ടേയില്ലായിരുന്നു. 2020 ജൂൺ 14 ന് ഞായറാഴ്ചയാണ് കണ്ണന്താനത്തിൻ്റെ സ്വദേശമായ കോട്ടയം ജില്ലയിലെ മണിമലയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചശേഷം സംസ്കാരം നടത്തിയത്. അന്ന് ഈ സംസ്കാര ചടങ്ങിൽ തിരുവനന്തപുരത്ത് നിന്ന് ഞാൻ മണിമലയിൽ പോയി പങ്കെടുത്തിരുന്നു. അന്നേ കണ്ണന്താനത്തിൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന രഹസ്യ സംസാരമുണ്ടായിരുന്നു. കോവിഡ് ബാധിച്ച് മരിച്ച ഒരാളെ മൃതദേഹം എംബാം ചെയ്ത് വിമാന മാർഗം ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കേന്ദ്രത്തിൽ എത്ര സ്വാധീനമുണ്ടെങ്കിലും അസാധ്യമാണെന്ന് ബിജെപിയുടെ സംസ്ഥാന ഭാരവാഹിയായ ഒരു നേതാവ് എന്നോട് അവിടെവച്ച് അപ്പോൾ തന്നെ പറഞ്ഞിരുന്നു. ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് സംസ്കാരം നടത്തിയത് എന്നെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളെ ഇത്തരത്തിൽ ഒരു സംസ്കാരം നടത്തിയ ചരിത്രം ഉണ്ടായിട്ടില്ല. തൻ്റെ അമ്മയുടെ ഓർമയിൽ “മദേർസ് മീൽ” എന്ന ചാരിറ്റിയുടെ പേരിൽ കോവിഡിൻ്റെ പശ്ചാത്തലത്തിൽ ആഹാരത്തിനായി ബുദ്ധിമുട്ടനുഭവിക്കുന്ന പത്ത് ലക്ഷം പേർക്ക് ഒരു വർഷത്തിനുള്ളിൽ ഭക്ഷണം കൊടുക്കണമെന്ന് വിശദീകരിക്കുന്ന വീഡിയോയിൽ കൂടിയാണ് തൻ്റെ അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന ഞെട്ടിപ്പിക്കുന്ന വിവരം അൽഫോൻസ് കണ്ണന്താനം വെളിപ്പെടുത്തിയത്…

— ജോമോൻ പുത്തൻപുരയ്ക്കൽ —

16 – 8 – 2020 എന്ന തലക്കെട്ട് നല്‍കി മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തന്‍റെ അമ്മ മരണപ്പെട്ടത് കോവിഡ് ബാധിച്ചാണെന്ന് പറയുന്ന വീഡിയോയുടെ ഒരു ഭാഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ അമ്മ മരിച്ച വാര്‍ത്തകളില്‍ എവിടെയും കോവിഡ് ബാധിച്ചാണ് മരണമെന്നത് പറയുന്നില്ലെന്നും കോട്ടയത്ത് നടന്ന സംസ്കാര ചടങ്ങിന് മുന്‍പ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചെന്നും ഇത് കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്നും ഗുരുതര വീഴ്ച്ചയാണെന്നുമാണ് പോസ്റ്റുകളില്‍ ഉന്നയിക്കുന്ന ആരോപണം. ടി.ആര്‍.രാജേഷ് എന്ന വ്യക്തി പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 39ല്‍ അധികം റിയാക്ഷനുകളും 65ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്.

WhatsApp Video 2020-08-18 at 70235 PM from Dewin Carlos on Vimeo.

Facebook PostArchived Link

എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ അമ്മയുടെ മരണം കോവിഡ് മൂലമായിരുന്നോ? മരണപ്പെട്ടപ്പോള്‍ കോവിഡ് റിസള്‍ട്ട് പോസിറ്റീവായിരുന്നോ? എന്താണ് പ്രചരണത്തിന് പിന്നിലെ വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ആരോപണം വിവാദമായതോടെ അല്‍ഫോണ്‍സ് കണ്ണന്താനം തന്നെ അദ്ദേഹത്തിന്‍റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇംഗ്ലിഷില്‍ നല്‍കിയ അദ്ദേഹത്തിന്‍റെ വിശദീകരണത്തിന്‍റെ തര്‍ജ്ജിമ ഇപ്രാകാരമാണ്-

1 മെയ് 28 2020ലാണ് അമ്മയെ ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ കോവിഡ് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പ്രവേശിപ്പിച്ചത്.

2 ജൂണ്‍ 5ന് നടത്തിയ പരിശോധനയില്‍ റിസള്‍ട്ട് നെഗറ്റീവായി.

3 ജൂണ്‍ 10ന് വീണ്ടും എയിംസില്‍ നടത്തിയ പരിശോധനയില്‍ നെഗറ്റീവ് തന്നെയാണ് ഫലമെന്ന് ഉറപ്പ് വരുത്തി.

4 യഥാര്‍ത്ഥത്തില്‍ ജൂണ്‍ അഞ്ചിന് തന്നെ അമ്മ കോവിഡ് മുക്തയായിരുന്നു. എന്നാല്‍ കോവിഡ് ബാധയെ തുടര്‍ന്ന് അമ്മയുടെ ശ്വാസകോശം ചുരങ്ങുകയും ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളുണ്ടാകുകയും ചെയ്തിരുന്നു. ഹൃദയാഘാതം മൂലമാണ് അമ്മ മരണപ്പെട്ടത്. അതുകൊണ്ട് തന്നെ മരണ സമയം അമ്മയില്‍ കോവിഡ് രോഗമില്ല. അതുകൊണ്ട് തന്നെയാണ് കോട്ടയത്തെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കുകയും സാധരണഗതിയില്‍ സംസ്കരിക്കുകയും ചെയ്തത്.

അല്‍ഫോണ്‍സ് കണ്ണന്താനം ഫെയ്‌സ്ബുക്ക് പോസ്റ്റിനൊപ്പം തന്‍റെ അമ്മയുടെ കോവിഡ് റിസള്‍ട്ട് നെഗറ്റീവായത് സംബന്ധമായ ആശുപത്രി രേഖകളും ചേര്‍ത്തിട്ടുണ്ട്. ചുവടെ കാണാം-

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

Facebook PostArchived Link

നിഗമനം

മരണസമയത്ത് അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ മതാവിന് കോവിഡ് ബാധയില്ലായിരുന്നു എന്ന് തെളിയിക്കുന്ന എയിംസ് ആശുപത്രിയുടെ രേഖകള്‍ സഹിതം അദ്ദേഹം വിശദീകരണം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ അമ്മയുടെ മരണം കോവിഡ് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ആരോപിച്ചുള്ള പ്രചരണം പൂര്‍ണ്ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:കോവിഡ് ബാധിച്ച് മരണപ്പെട്ട അമ്മയുടെ മൃതദേഹം പ്രോട്ടോക്കോള്‍ ലംഘിച്ചാണ് മുന്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം സംസ്കരിച്ചതെന്ന പ്രചരണം വ്യാജം..

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •