FACT CHECK: കാറിന് തീ പിടിച്ചു വെന്തു മരിച്ച എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെക്ക് പൽഘർ ജനക്കൂട്ട കൊലപാതകവുമായി യാതൊരു ബന്ധവുമില്ല…

ദേശീയം

വിവരണം 

സാമൂഹ്യ മാധ്യമങ്ങളില്‍ ഇക്കഴിഞ്ഞ ദിവസം മുതല്‍ ഒരു വീഡിയോ വൈരലായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുമുള്ള എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെ കഴിഞ്ഞ ദിവസം കാറിന് തീ പിടിച്ചു വെന്തു മരിച്ചതായി നാം വാര്‍ത്തകളിലൂടെ അറിഞ്ഞിരുന്നല്ലോ. ഇതുമായി ബന്ധപ്പെട്ടതാണ് വീഡിയോ.  

പോസ്റ്റിന്റെ വിവരണം  ഇങ്ങനെയാണ്: 

#പൽഘർ_സന്യാസിമാരുടെ കൊലപാതക കേസിലെ പ്രധാന പ്രതി “സഞ്ജയ് ഷിൻഡെ”

കാറിൽ വെച്ചിരുന്ന സാനിറ്റൈസറിന് തീ പിടിച്ച് മരിച്ചു. 😇🤷🏻‍️ ഓർമയില്ലേ ചിരിച്ചുകൊണ്ട് തൊഴുകുന്ന ആ മുഖം..” 

archived linkFB post

അതായത് പോസ്റ്റില്‍ നല്‍കിയിരിക്കുന്ന അവകാശവാദം മഹാരാഷ്ട്രയിലെ പാല്‍ഘരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ആള്‍ക്കൂട്ട ആക്രമണത്തില്‍ രണ്ടു സന്യാസിമാര്‍ കൊല ചെയ്യപ്പെട്ട സംഭവത്തിലെ പ്രതിയാണ് എന്‍ സി പി നേതാവ് സഞ്ജയ് ഷിൻഡെ എന്നാണ്. വീഡിയോ ദൃശ്യങ്ങള്‍ സഞ്ജയ്‌ ഷിന്‍ഡേ അപകടത്തില്‍ പെടുന്നതിന്റെ തന്നെയാണ്. എന്നാല്‍ ഒപ്പമുള്ള വാദം തെറ്റാണെന്ന് ഞങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തി. 

വസ്തുത വിശകലനം 

എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെയും പൽഘർ ജനക്കൂട്ട കൊലപാതകവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് തുടര്‍ന്ന് ഞങ്ങള്‍ അന്വേഷിച്ചു. 

ഗൂഗിളിൽ കീവേര്‍ഡുകൾ ഉപയോഗിച്ച് തിരഞ്ഞപ്പോൾ, പൽഘർ ആള്‍ക്കൂട്ട കൊലപാതക  കേസിലെ പ്രധാന പ്രതിയായി സഞ്ജയ് ഷിൻഡെയുടെ പേര് പരാമർശിച്ച റിപ്പോർട്ടുകളൊന്നും  ഞങ്ങൾക്ക് ലഭിച്ചില്ല. മഹാരാഷ്ട്രയിലെ പൽഘറിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള സാക്കോര്‍ നിവാസിയായിരുന്നു സഞ്ജയ് ഷിൻഡെ.

ഏപ്രിൽ 22 ന് നടന്ന  പൽഘർ കേസിൽ പ്രതി ചേര്‍ക്കപ്പെട്ട 101 പേരുടെ പട്ടിക മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെയുടെ പേര് ഇല്ല.

AnilDeshmukh NCP | archived link

എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെക്ക് , പൽഘർ ആള്‍ക്കൂട്ട കൊലപാതകവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന വിഷയത്തില്‍ വ്യക്തത വരുത്താനായി ഞങ്ങളുടെ പ്രതിനിധി  പൽഘറിലെ എസ്‌ഐ പാട്ടീലിനോട്‌ സംസാരിച്ചു.

“പാല്‍ഘര്‍ സംഭവത്തെ തുടര്‍ന്ന്‍  100 പേർക്കെതിരെ കേസെടുത്തു. ഈ സംഭവം യഥാർത്ഥത്തിൽ ജനക്കൂട്ട  കൊലപാതകമാണ്, ഗ്രാമത്തിലെ ചില ആശയക്കുഴപ്പങ്ങൾ കാരണം ഗ്രാമവാസികതന്നെയാണ് ഇത്  ചെയ്തത്. ഈ സംഭവത്തിൽ ആരെയും പ്രധാന പ്രതിയായി ഉൾപ്പെടുത്തിയിട്ടില്ല, ഈ സംഭവവുമായി ബന്ധപ്പെട്ട ഒരു വ്യക്തിക്കും രാഷ്ട്രീയ ബന്ധമൊന്നും കേസ് റിപ്പോര്‍ട്ടില്‍ വന്നിട്ടില്ല.  ഈ കേസിൽ എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെയുടെ പേര് ഒരിടത്തും വന്നിട്ടില്ല. പൽഘർ കൊലപാതകവും സഞ്ജയ് ഷിൻഡെയും ബന്ധപ്പെടുത്തി കൊണ്ട് സോഷ്യൽ മീഡിയയിൽ ചില പ്രചാരണങ്ങള്‍ ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പ്രചാരണമാണ് എന്നാണ് പറയാനുള്ളത്. ആളുകൾക്കിടയിൽ ആശയക്കുഴപ്പം പടരുന്നു, ഇത് തീർത്തും തെറ്റായ പ്രചാരണമാണ്.”

നിഗമനം 

പോസ്റ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്ത പൂര്‍ണ്ണമായും തെറ്റാണ്.  അടുത്തിടെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെ പൽഘർ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതിയാണെന്ന തരത്തില്‍  സോഷ്യൽ മീഡിയയിലൂടെയുള്ള പ്രചരണം  തെറ്റാണ്. 

Avatar

Title:കാറിന് തീ പിടിച്ചു വെന്തു മരിച്ച എൻ‌സി‌പി നേതാവ് സഞ്ജയ് ഷിൻഡെക്ക് പൽഘർ ജനക്കൂട്ട കൊലപാതകവുമായി യാതൊരു ബന്ധവുമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •