പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ച് ഉത്തരവിറക്കിയത് കേരള പോലീസല്ല…

സാമൂഹികം

കഴിഞ്ഞ വർഷം ഡിസംബറിൽ ആലപ്പുഴയിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങൾക്ക് ശേഷം ഇപ്പോൾ പാലക്കാട് ഇതേ തരത്തിൽ രണ്ട് കൊലപാതകങ്ങൾ നടന്നു.  ഇതിനു പിന്നാലെ ജില്ലയിൽ നടപ്പാക്കിയ ചില സുരക്ഷ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട് 

പ്രചരണം

ടൂവീലറിൽ യാത്ര ചെയ്യുന്നതിന് പോലീസ് നിയന്ത്രണം ഏർപ്പെടുത്തി എന്ന് സൂചിപ്പിച്ച് ഡിജിപി അനിൽ കാന്തിന്‍റെ ചിത്രത്തൊടൊപ്പം  നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെ: കേരള ചരിത്രത്തിൽ ആദ്യമായി കിടിലൻ നീക്കവുമായി കേരള പോലീസ്.  ടൂവീലറിൽ എത്തി ശ്രീനിവാസനെ കൊന്നതിനാൽ പാലക്കാട് ജില്ലയിൽ ടൂവീലറിൽ സ്ത്രീകളും കുട്ടികളും ഒഴികെയുള്ളവരുടെ പിൻസീറ്റ് യാത്ര നിരോധിച്ചിരിക്കുന്നു”

archived linkFB post

ഞങ്ങൾ ഉത്തരവിനെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് പോലീസ് നൽകിയതല്ലെന്നും ജില്ലാ മജിസ്ട്രേറ്റ് നൽകിയതാണെന്നും കണ്ടെത്താൻ കഴിഞ്ഞു 

വസ്തുത ഇങ്ങനെ

ഞങ്ങൾ ഉത്തരവിനെ കുറിച്ച് തിരഞ്ഞപ്പോൾ പാലക്കാട് ജില്ലാ കളക്ടറുടെ ഔദ്യോഗിക  ഫേസ്ബുക്ക് പേജിൽ  ഉത്തരവ് നൽകിയിരിക്കുന്നതായി കണ്ടു.  അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠൻ ആണ് ഉത്തരവ് ഭേദഗതി വരുത്തി പുറപ്പെടുവിച്ചത് എന്ന് അതിൽ വ്യക്തമായി എഴുതിയിരിക്കുന്നുണ്ട്. 

കൂടാതെ ജില്ലാ ഇൻഫർമേഷൻ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ഇതേ ഉത്തരവ് നൽകിയിട്ടുണ്ട്.

ഉത്തരവിനെ കുറിച്ച് കൂടുതൽ അറിയാൻ ജില്ലാ പോലീസ് ആസ്ഥാനവുമായി ബന്ധപ്പെട്ടപ്പോൾ ഡിവൈഎസ്പി ഹരിദാസന്‍ പി.സി. ഞങ്ങളുടെ പ്രതിനിധിക്ക് നല്കിയ വിശദീകരണം ഇങ്ങനെയാണ്:  “ഉത്തരവ് പുറപ്പെടുവിച്ചത് പോലീസല്ല, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റാണ്.  ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് കൃത്യമായി നടപ്പിലാക്കുക എന്ന ഉത്തരവാദിത്വം മാത്രമാണ് പോലീസിനുള്ളത്.  ഉത്തരവുമായി പോലീസിന് യാതൊരു ബന്ധവുമില്ല. ഈ ഉത്തരവ് ഏപ്രില്‍ 24 വരെ നീട്ടിയിട്ടുണ്ട്.” 

ഈ ഉത്തരവിനെതിരെ പലരും വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നു എന്നു ചൂണ്ടിക്കാട്ടി വണ്‍ഇന്ത്യ  എന്ന മാധ്യമം പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ഞങ്ങള്‍ക്കു ലഭിച്ചു. ജില്ലാ മജിസ്ട്രേറ്റ് ആണ് ഉത്തരവിറക്കിയത് എന്ന് റിപ്പോര്‍ട്ടില്‍,പറയുന്നു. പാലക്കാട് ഇരുചക്ര വാഹനത്തിനു പിൻസീറ്റിൽ സ്ത്രീകളും കുട്ടികളും ഒഴികെ മറ്റാരും യാത്ര ചെയ്യരുതെന്ന് ഉത്തരവിറക്കിയത് പോലീസല്ല, ജില്ലാഭരണകൂടം ആണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. പാലക്കാട് ഇരുചക്ര വാഹനത്തിന്‍റെ പിന്നിൽ സ്ത്രീകളും കുട്ടികളും അല്ലാതെ മറ്റാരും സഞ്ചരിക്കരുതെന്ന് ഉത്തരവിറക്കിയത് സംസ്ഥാന പോലീസല്ല. പാലക്കാട് ജില്ലാ ഭരണകൂടമാണ് ഈ ഉത്തരവിറക്കിയത്.  ഇക്കാര്യം കളക്ടറുടെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്‍റെയും ഔദ്യോഗിക ഫേസ്ബുക്ക് പേജുകളിൽ നൽകിയിട്ടുണ്ട്. 

Avatar

Title: Fact Check By: Vasuki S 

Result: False

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)