
വിവരണം
Love Consultant എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂലൈ 9 മുതൽ പ്രചരിപ്പിച്ചു തുടങ്ങിയ ഒരു വീഡിയോയ്ക്ക് ഇതുവരെ 3500 ലധികം ഷെയറുകൾ ലഭിച്ചിട്ടുണ്ട്. “തൂക്കണാങ്കുരുവി….ഈ കുരുവി മാത്രം ആണ് ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന ലോകത്തിലെ ഏക കുരുവി….ദൈവം അതിന്‍റെ ഹൃദയം അങ്ങനെ ആയിരിക്കാം സൃഷ്ടിച്ചത് !” എന്ന വിവരണത്തോടെ രണ്ടു ചെറിയ കിളികളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ കാണുന്നത്. ഒരു കിളിയുടെ ജീവനറ്റ ശരീരത്തോട് മറ്റൊരു കിളി ചേർന്നിരിക്കുന്നു. അതിന്‍റെയും ജീവൻ നഷ്ടപ്പെടുന്നു. രണ്ടുകിളികളെയും ഒരേ കുഴിയിൽ അടക്കം ചെയ്യുന്നു. ഇത്രയും ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

archived link | FB post |
തൂക്കണാംകുരുവികൾ ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുമോ..? നമുക്ക് വാർത്തയുടെ വസ്തുത അന്വേഷിച്ചു നോക്കാം
വസ്തുതാ വിശകലനം
ഞങ്ങൾ invid വീഡിയോ ഉപയോഗിച്ച് വീഡിയോയുടെ കീ ഫ്രയിമുകൾ വേർതിരിച്ച് അതിലൊരു ചിത്രം ഉപയോഗിച്ച് google reverse image ചെയ്തുനോക്കി. അപ്പോൾ ഈ പക്ഷിയെക്കുറിച്ചും ഈ വീഡിയോയെ കുറിച്ചും നിരവധി വിവരണങ്ങൾ ലഭ്യമായി. ഇതേ വിവരണവുമായി സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ ഏറെക്കാലമായി വൈറലാണ്.

ബായ വീവർ ബേർഡ് എന്ന് ഇംഗ്ളീഷിൽ പേരുള്ള തൂക്കണാം കുരുവിയെ പറ്റി വിക്കിപീഡിയയിൽ ആവശ്യം വിവരങ്ങൾ നൽകിയിട്ടുണ്ട്. അതിൽ അവയുടെ പ്രജനനത്തെപ്പറ്റിയും വിവരിക്കുന്നുണ്ട്. എന്നാൽ പോസ്റ്റിൽ പറയുന്നപോലെ ഒരു കാര്യം ലേഖനത്തിൽ നൽകിയിട്ടില്ല.
wikipedia | archived link |
ഇന്ത്യടുഡേ 2016 ജൂൺ 2 ന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ തൂക്കണാംകുരുവിയുടെ എണ്ണത്തിൽ വൻതോതിൽ കുറവ് വരുന്നു എന്നതിനെ അടിസ്‌ഥാനമാക്കി എഴുതിയിട്ടുണ്ട്. അതിലും ഈ വാദഗതി കാണാനില്ല. ലേഖനത്തിൽ തൂക്കണാംകുരുവിയുടെ ചില പ്രത്യേകതകൾ കൊടുത്തിട്ടുണ്ട്. അതിൽ ആൺപക്ഷിയുടെയും പെൺപക്ഷിയുടെയും ചിത്രങ്ങൾ നൽകിയിട്ടുണ്ട്. കാഴ്‌ചയിൽ ലിംഗപരമായ വ്യത്യാസം നന്നായി പ്രകടമാണ്.
archived link | indiatoday |
തൂക്കണാംകുരുവി കൂട് നിര്‍മിക്കുന്ന വീഡിയോ

അവ ഈ വീഡിയോയുടെ മുകളിൽ വസ്തുതാ പരിശോധന നടത്തിയ വെബ്‌സൈറ്റുകളുടെതായിരുന്നു. ഈ വെബ്‌സൈറ്റുകൾ ഈ വേദിയിൽ പറയുന്ന കാര്യം തെറ്റാണെന്നാണ്.
archived link | ellinika hoaxes |
archived link | snopes |
കൂടുതൽ വ്യക്തതയ്ക്കായി ഞങ്ങൾ തട്ടേക്കാട് പക്ഷി സങ്കേതത്തിലെ പ്രസിദ്ധ പക്ഷി നിരീക്ഷകനായ ഡോ.ആർ.സുഗതനോട് സംസാരിച്ചു. അദ്ദേഹം പറയുന്നത് ഈ വാർത്ത തീർത്തും തെറ്റാണ് എന്നാണ്. ”

തൂക്കണാംകുരുവിയ്ക്ക് അത്തരത്തിൽ ഇണബന്ധമുള്ളതായി ശാസ്ത്രീയമായ പാദങ്ങൾ കാണിക്കുന്നില്ല. ബായ വീവേഴ്‌സ് ശരിക്കും ഒന്നിലധികം ഇണകളെ സ്വീകരിക്കുന്ന പക്ഷിയാണ്. കുരുവിയുടെ ആ മനോഹരമായ കൂട് നിർമിക്കുന്നത് ആണ്പക്ഷിയാണ്. പെൺപക്ഷിയുടെ ഇഷ്ടാനുസരണമാണ് സ്ഥലം കണ്ടുപിടിച്ച് നിർമാണം ആരംഭിക്കുക. 1500-2000 ത്തോളം നാരുകൾ ഇതിനായി ശേഖരിക്കും. പെൺപക്ഷി കൂടുനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരിശോധയ്‌ക്കെത്തും. പരിശോധനയിൽ ഏതെങ്കിലും തരത്തിൽ ബലക്ഷയം കണ്ടെത്തുകയാണെങ്കിൽ ആ കൂട് ഉപേക്ഷിക്കുകയാണ് ചെയ്യുക. അതിനുശേഷം ആണ്‍പക്ഷി അടുത്ത കൂടിന്റെ നിർമ്മാണം തുടങ്ങും. ഇതേ പെൺപക്ഷിക്കു വേണ്ടിത്തന്നെ. നാലാഴ്ചയെങ്കിലും എടുക്കും നിർമ്മാണം പൂർത്തിയാക്കാൻ. നാലോ അഞ്ചോ കൂടുകൾ ചിലപ്പോൾ പാതിവഴുക്കിൽ ഉപേക്ഷിക്കാറുണ്ട്. ആ കൂട് സ്വീകരിച്ചു കഴിഞ്ഞാൽ ആൺപക്ഷി പെൺപക്ഷിയെ ഉപേക്ഷിച്ചു പോയി വേറൊരു പെൺപക്ഷിയെ കണ്ടെത്തും. പിന്നെ അതിന് കൂടൊരുക്കി തുടങ്ങും. അങ്ങനെ പെൺപക്ഷിക്കു വേണ്ടി ഒന്നുമുതൽ അഞ്ചുവരെ കൂടുകൾ ഉണ്ടാക്കും. ആൺപക്ഷി ഒന്ന് മുതൽ നാലുവരെ ഇണകളെ കണ്ടെത്തുകയും ചെയ്യും. ആൺപക്ഷിക്ക് മഞ്ഞയും മണ്ണിന്റെ നിറവും കലർന്ന തൂവലും തലയിൽ മഞ്ഞ നിറത്തിലുള്ള കിരീടവും ഉണ്ടാകും. പെൺപക്ഷിക്ക് മണ്ണിന്‍റെ നിറമുള്ള തൂവലാണ് ഉണ്ടാവുക. പ്രജനന കാലത്ത് ആൺപക്ഷികളുടെ ശരീരം തിളങ്ങി ആകർഷകമായി തീരും. പ്രശസ്ത പക്ഷി നിരീക്ഷകൻ സലിം അലി ഏറ്റവും കൂടുതൽ ഗവേഷണം നടത്തിയത് ബോയ വീവർ പക്ഷിയുടെ മുകളിലാണ്. അദ്ദേഹത്തിന്‍റെ വിവിധ ലേഖനങ്ങൾ സീരീസായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മൂന്നാറിലെ ഷോല കാടുകളിൽ കണ്ടുവരുന്ന ബ്ളാക്ക് ആൻഡ് ഓറഞ്ച് ഫ്ലൈ കാച്ചർ എന്ന് പേരുള്ള ഒരു പക്ഷിയുണ്ട്. ഇണ മരിച്ചു കഴിഞ്ഞാൽ ശിഷ്ടകാലം അവ ഏകാന്തവാസം നയിക്കും.അതുപോലെതന്നെ പുരാണങ്ങളിൽ ചക്രവാളപ്പക്ഷി എന്നൊക്കെ പറഞ്ഞു കേട്ടിട്ടില്ലേ. അത്തരത്തിൽപെട്ട ഒരിനം കൊക്ക് വടക്കേ ഇന്ത്യയിലുണ്ട്. അവയും ജീവിതത്തിൽ ഒരിണയെ മാത്രമേ സ്വീകരിക്കൂ.
ഈ വീഡിയോയുടെ വിവരണം വെറും ഭാവന മാത്രമാണ്. പക്ഷി വർഗ്ഗത്തിൽ ഇത്തരത്തിലൊരു രീതി പിന്തുടരുന്ന പക്ഷി ഇല്ല. “

വീഡിയോ ദൃശ്യങ്ങളിൽ ജീവൻ പോയ പക്ഷിക്ക് സമീപം ഇണയെന്നു പറയുന്ന പക്ഷി വന്ന് അതിന്‍റെ ശരീരം മരിച്ച പക്ഷിയോട് ചേർത്ത് വെയ്ക്കുന്ന ദൃശ്യങ്ങൾക്ക് ശേഷം എഡിറ്റ് ചെയ്തിട്ടുണ്ട്. ദൃശ്യങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി നോക്കിയാൽ മനസ്സിലാക്കാനാകും. മാത്രമല്ല ആൺപക്ഷിക്കും പെൺപക്ഷിക്കും കാഴ്ചയിൽ പ്രകടമായ വ്യത്യാസങ്ങൾ ഉണ്ട്. ഈ ദൃശ്യങ്ങളിൽ രണ്ടു പക്ഷികൾക്കും ഒരേ നിറവും രൂപവുമാണുള്ളത്.
കേരളത്തിൽ ഇന്നുള്ള പക്ഷി ശാസ്തജ്ഞന്മാരിൽ ഏറ്റവും പ്രമുഖനാണ് ഡോ. ആർ. സുഗതൻ. അദ്ദേഹം തന്ന വിശദീകരണത്തിന്‍റെ അടിസ്ഥാനത്തിൽ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയുടെ വിവരണം തെറ്റാണെന്ന് ഉറപ്പിക്കാം.
നിഗമനം
ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വീഡിയോയുടെ ഒപ്പമുള്ള വിവരണം തെറ്റാണ്. തൂക്കണാം കുരുവി അതിന്റെ ഇണ മരിച്ചു കഴിഞ്ഞാൽ സ്വയം ജീവൻ വെടിയും എന്ന വാദം അടിത്തറയില്ലാത്തതാണെന്ന് പ്രസിദ്ധ പക്ഷി നിരീക്ഷകൻ ഡോ. ആർ.സുഗതൻ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ തെറ്റായ വിവരണമുള്ള ഈ പോസ്റ്റ് പ്രചരിപ്പിക്കരുതെന്ന് മാന്യ വായനക്കാരോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

Title:തൂക്കണാംകുരുവി ഇണ മരിക്കുമ്പോൾ സ്വയം ജീവൻ വെടിയുന്ന പക്ഷിയാണോ..?
Fact Check By: Vasuki SResult: False
