
വിവരണം
നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്നും ഉള്ള അറിയിപ്പ് !! കേൾക്കുക, പരമാവധി പ്രചരിപ്പിക്കുക, വീട്ടിലെ സ്ത്രീകളോട് ജാഗരൂകരായി ഇരിക്കാൻ പറയുക !! എന്ന ക്യാപ്ഷന്‍ നല്‍കി ഒരു ഓഡിയോ സന്ദേശം .കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വാട്‌സാപ്പില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച അറിയിപ്പെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശത്തിന്‍റെ ഉള്ളടക്കം ഇങ്ങനെയാണ്. നെടുമ്പാശേരി പ്രദേശത്ത് കഴിഞ്ഞ കുറച്ചു ദിവസമായി ഒരു മാലമോഷ്ടാവ് കറങ്ങി നടക്കുന്നുണ്ട്. നെടുമ്പാശേരിയില്‍ പല ഇടങ്ങളിലായി മൂന്ന് സ്ത്രീകളെ ആക്രമിച്ച് ബൈക്കില്‍ എത്തിയ മോഷ്ടാവ് മാല കവര്‍ന്നു. കറുത്ത നിറത്തിലെ സ്പ്ലെണ്ടര്‍ ബൈക്കില്‍ എത്തുന്ന യുവാവാണ് കൃത്യം നടത്തുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണം. സംശയാസ്പദമായ സാഹചര്യത്തില്‍ റോഡരികിലോ പരിസരത്തോ ആരെയെങ്കിലും കണ്ടാല്‍ അവരോട് കാര്യം തിരക്കണമെന്നും ആവശ്യമെങ്കില്‍ ഏത് സമയത്തും പോലീസ് സഹായം നല്‍കുകയും ചെയ്യും. ഇതെല്ലാ വാട്‌സാപ്പ് ഗ്രൂപ്പുകളിലേക്കും അറിയിപ്പായി ഫോര്‍വേഡ് ചെയ്യുക നെടുമ്പാശേരി സിഐയുടെ നിര്‍ദേശ പ്രകാരമാണ് ഇങ്ങനെയൊരു സന്ദേശം.

ഇതാണ് പ്രചരിക്കുന്ന ഓഡിയോ സന്ദേശം–
20-07-18-14-55-36 from Dewin Carlos on Vimeo.
വസ്‌തുത വിശകലനം
സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ അറിയാന്‍ സംസ്ഥാന പോലീസ് മീഡിയ സന്‍ററിന്‍റെ സഹായം ഞങ്ങള്‍ തേടി. മീഡിയ സെന്‍റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ ഓഡിയോ സന്ദേശത്തെ കുറിച്ച് അന്വേഷിച്ച ശേഷം ഞങ്ങള്‍ക്ക് നല്‍കിയ വിശദീകരണം ഇങ്ങനെയാണ്-
എറണാകുളം ജില്ലയിലെ നെടുമ്പാശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ല. ചെങ്ങമനാട്, കലടി പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അത് നെടുമ്പാശേരി പോലീസ് സ്റ്റേഷന്‍ പരിധിയുമല്ല. നെടുമ്പാശേരി പോലീസ് ഇത്തരത്തിലൊരു സന്ദേശം ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും ഇത് ജനങ്ങളെ പരിഭ്രാന്തരാക്കാന്‍ ആരോ മനപ്പൂര്‍വ്വം പോലീസിന്‍റെ പേരില്‍ പ്രചരിപ്പിക്കുന്നതാണെന്നും പ്രമോദ് കുമാര്‍ പറഞ്ഞു.
നിഗമനം
നെടുമ്പാശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇങ്ങനെയൊരു മാല മോഷണ കേസ് നടന്നിട്ടില്ലെന്ന് പോലീസ് തന്നെ അറിയിച്ചു. അടുത്തുള്ള പ്രേദേശമായ ചെങ്ങമനാടും കാലടിയിലും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ പോലീസ് ഇത്തരത്തില്‍ ഒരു വാട്‌സാപ്പ് സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ വാട്‌സാപ്പ് സന്ദേശം പൂര്‍ണ്ണമായും വ്യാജമാണെന്ന് അനുമാനിക്കാം.

Title:നെടുമ്പാശേരി പോലീസിന്‍റെ മുന്നറിയിപ്പ് എന്ന പേരില്‍ പ്രചരിക്കുന്ന ഈ വാട്‌സാപ്പ് ഓഡിയോ സന്ദേശം വ്യാജമാണ്..
Fact Check By: Dewin CarlosResult: False
