ഇന്ത്യയിൽ ആർക്കും എവിടെയും ഓട്ടോ ഓടിക്കാൻ പറ്റുമോ..?

സാമൂഹികം

വിവരണം 

Troll Thalavoor

എന്ന ഫേസ്‌ബുക്ക് പേജിൽ നിന്നും 2019 ജൂൺ 11 മുതൽ പ്രചരിക്കുന്ന ഒരു പോസ്റ്റിന് ഇതുവരെ 12000  ഷെയറുകൾ ലഭിച്ചു കഴിഞ്ഞിട്ടുണ്ട്. എല്ലാ ഓട്ടോ ഡ്രൈവേഴ്‌സ് സുഹൃത്തുക്കൾക്കും സമർപ്പിക്കുന്നു എന്ന അടിക്കുറിപ്പുമായി അധികാരം കൈയ്യിലുള്ളവർക്കും കൈയൂക്കുള്ളവർക്കും മാത്രം ജീവിച്ചാൽ പോരാ എന്ന തലകെട്ടിൽ നൽകിയിരിക്കുന്ന വാർത്ത ഇതാണ്: രാജ്യത്ത് ഓട്ടോ ഓടിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഇഷ്ടമുള്ള സ്ഥലത്ത് ഓട്ടോ ഓടിക്കാമെന്നും അത് ആർക്കും തടയാൻ കഴിയില്ല എന്നും ഹൈകോടതി.

FB postarchived link

അതായത് പോസ്റ്റിൽ നല്കിയിട്ടിക്കുന്ന ഹൈക്കോടതി വിധി പ്രകാരം ഇന്ത്യയിൽ ഏതൊരു ഓട്ടോ തൊഴിലാളിക്കും രാജ്യത്തെവിടെയും ഓട്ടോ ഓടിക്കുന്നതിനു നിയമപരമായ തടസ്സങ്ങൾ ഒന്നും തന്നെയില്ല. ഇത്തരത്തിൽ ഒരു വിധി ഹൈക്കോടതി എപ്പോഴാണ് പുറപ്പെടുവിച്ചത്.. ജഗ്ജിമാർ ആരൊക്കെയായിരുന്നു.. ഏതു കേസിന്റെ മുകളിലാണ് വിധി.. കേരള ഹൈക്കോടതിയുടെ വിധി ഇന്ത്യ മുഴുവൻ പ്രാബല്യത്തിലാകുമോ..  ഇത്തരത്തിലുള്ള സംശയങ്ങൾക്ക് നമുക്ക് ഉത്തരം തേടാം.

വസ്തുതാ വിശകലനം 

പോസ്റ്റിൽ ഈ വാർത്ത അപൂർണ്ണമായാണ്  നൽകിയിട്ടുള്ളത്. ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ച ദിവസമോ  കേസിന്റെ വിവരങ്ങളോ ഏതെങ്കിലും മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയാണെങ്കിൽ അതിന്‍റെ ലിങ്കുകളോ ഒന്നും പോസ്റ്റിൽ ഇല്ല. അതുകൊണ്ട് വാർത്ത വിശ്വസനീയമാണെന്നു ഉറപ്പിക്കാൻ കൂടുതൽ തെളിവുകൾ ആവശ്യമുണ്ട്. അതിനാൽ ഞങ്ങൾ ഈ ഹൈക്കോടതി ഉത്തരവിനെ പറ്റി  വിവിധ കീ വെഡ്സ് ഉപയോഗിച്ച് ഓൺലൈനിൽ തിരഞ്ഞു നോക്കി. എന്നാൽ ഇത്തരത്തിലൊരു വിധിയെ പറ്റി ഇതുവരെ മാധ്യമ വാർത്തകളൊന്നും തന്നെ വന്നിട്ടില്ല. 

തുടർന്ന് ഞങ്ങൾ ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും കോടതി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കേരള ലോ ടൈംസ്, ഇന്ത്യൻ കാനൂൻ  തുടങ്ങിയ സൈറ്റുകളിലും തിരഞ്ഞു നോക്കി. എന്നാൽ അവിടെയും ഇത്തരത്തിൽ ഒരു വിധിയെ പറ്റിയുള്ള  വാർത്ത നല്കിയതായി കാണാൻ കഴിഞ്ഞില്ല. 

കേരളത്തിലെ ഓട്ടോറിക്ഷയും ഹൈക്കോടതിയുമായി  ബന്ധപ്പെട്ട് ഒരേയൊരു വിധി ഞങ്ങൾക്ക് ലഭിച്ചു. എന്നാൽ അത് പാർക്കിംഗ് സംബന്ധിച്ച പ്രാദേശിക തർക്കത്തെച്ചൊല്ലിയാണ്. പോസ്റ്റിൽ നൽകിയ വാർത്തയുമായി ഇതിന് യാതൊരു ബന്ധവുമില്ല.

archived linkindian kanoon

തുടർന്ന് ഞങ്ങൾ ഹൈക്കോടതിയിൽ നേരിട്ട് വിളിച്ചു. എന്നാൽ പബ്ലിക്ക് റിലേഷൻസ് ഓഫീസർ അവധിയിലായതിനാൽ അവിടെ നിന്ന് ശരിയായ വിവരങ്ങൾ ലഭ്യമായില്ല.

പിന്നീട് ഞങ്ങൾ ആലപ്പുഴ റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ജോയിന്റ് ആർടിഒ യുമായി ബന്ധപ്പെട്ടു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്: ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പോലെ ഒരറിയിപ്പ് ഇതുവരെ എവിടെ നിന്നും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഓട്ടോറിക്ഷകൾക്ക്   ചില നിബന്ധനകൾക്ക് വിധേയമായാണ് പെർമിറ്റ് നൽകുന്നത്. ഓട്ടോറിക്ഷ ഓടിക്കാൻ ജില്ലാ പരിധിയുണ്ട്. അതായത് ഓട്ടോ ഒരു സ്ഥലത്തു 20 കിലോമീറ്ററിൽ കൂടുതൽ പോകാൻ പാടില്ല. അങ്ങനെയുള്ള നിയന്ത്രണങ്ങൾ ഇപ്പോഴുമുണ്ട്. ഇതുവരെ ഇതിനെ മറികടന്ന അറിയിപ്പുകൾ സർക്കാർ തലത്തിൽ വന്നിട്ടില്ല. എനിക്ക് ഈ വാർത്ത സത്യമല്ല എന്ന അഭിപ്രായമാണുള്ളത്.”

ഹൈക്കോടതി വിധിയുടെ പ്രതേകതകൾ അറിയാൻ ഞങ്ങൾ ആലപ്പുഴയിൽ അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യുന്ന വി കൃഷ്ണകുമാറുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ഹൈക്കോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാൽ അത്   കേരളത്തിൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളു എന്നാണ്. സുപ്രീംകോടതിയുടെ വിധി മാത്രമേ ഇന്ത്യ മുഴുവൻ ബാധകമാകുകയുള്ളു. സുപ്രീംകോടതിയുടെ വിധി മാത്രമേ ഇന്ത്യ മുഴുവൻ ബാധകമാകുകയുള്ളു.ഒരു സംസ്ഥാനത്തെ  ഹൈക്കോടതി വിധി മറ്റുള്ള സ്ഥലത്തെ കോടതികൾ സമാന കേസുകൾ വരുമ്പോൾ റഫറൻസിന് എടുക്കും. പരിഗണിക്കുകയോ തള്ളിക്കളയുകയോ ചെയ്യാനുള്ള അധികാരം അതാത് കോടതികൾക്കുണ്ട്.

തുടർന്ന് ഞങ്ങൾ  ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ ആലപ്പുഴ ജില്ലാ  ജനറൽ സെക്രട്ടറി ബിനീഷ് ബോയി യോടും ഞങ്ങൾ ഇതേപ്പറ്റി അന്വേഷിച്ചു. ഇങ്ങനെയൊരു അറിയിപ്പ് യൂണിയൻ ഭാരവാഹികളെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല എന്നാണ് അദ്ദേഹം ഞങ്ങളോട് പ്രതികരിച്ചത്. മോട്ടോർ വാഹന വകുപ്പ് സാധാരണ എല്ലാ അറിയിപ്പുകളും തെറ്റാതെ നൽകാറുണ്ട്. 

ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത് ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ് എന്നാണ്‌. 

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ പൂർണ്ണമായും തെറ്റാണ്. ഇത്തരത്തിൽ ഇന്ത്യയിൽ എവിടെയും  ഓട്ടോ ഓടിക്കാൻ അനുമതി നൽകുന്ന ഒരു ഉത്തരവ് ഇതുവരെ കോടതിയിൽ നിന്നും വന്നിട്ടില്ല. ഓരോ ജില്ലകളിലും ഓരോ ദൂരപരിധി നിശ്ചയിച്ചാണ് ഓരോ ഓട്ടോകൾക്കും പെർമിറ്റ് നൽകുന്നത്. അതിനാൽ തെറ്റായ വിവരം നൽകുന്ന ഈ പോസ്റ്റ് പ്രചരിപ്പിക്കാതിരിക്കാൻ  മാന്യ വായനക്കാർ ശ്രദ്ധിക്കുക

Avatar

Title:ഇന്ത്യയിൽ ആർക്കും എവിടെയും ഓട്ടോ ഓടിക്കാൻ പറ്റുമോ..?

Fact Check By: Vasuki S 

Result: False