യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

രാഷ്ട്രീയം

വിവരണം 

Kavitha KN

എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്ന് 🕉🚩🇮🇳അഘോരി🇮🇳🚩🕉

 എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലേക്ക് പ്രസിദ്ധീകരിച്ച ഒരു പോസ്റ്റാണ് ഇവിടെ നൽകിയിരിക്കുന്നത്.”യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം” എന്ന വാചകങ്ങളും കഴിഞ്ഞ മണ്ഡലക്കാലത്ത്  ശബരിമലയിൽ പ്രവേശിച്ച യുവതികളായ ബിന്ദു അമ്മിണിയുടെയും കനകദുർഗയുടെയും ചിത്രങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. 

archived linkFB post

മണ്ഡലക്കാലത്ത് ടിയർഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകി എന്നാണ് പോസ്റ്റിൽ ആരോപിക്കുന്നത്. എന്നാൽ ആർക്കാണ് സർക്കാർ നിർദ്ദേശം നൽകിയത് എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. മണ്ഡലക്കാലത്ത് കോടിക്കണക്കിനു ഭക്തർ ശബരിമലയിലെത്തുന്നതിനാൽ എല്ലാക്കൊല്ലവും ക്രമസമാധാനവും സുരക്ഷയും കൃത്യമാക്കാൻ സർക്കാർ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാറുണ്ട്.

കഴിഞ്ഞ തവണ യുവതീ പ്രവേശന വിഷയം മൂലം ശബരിമലയിൽ പലയിടത്തും സംഘർഷങ്ങളുണ്ടായി. യുവതീ പ്രവേശനം അനുവദിക്കാമെന്ന കോടതി മാനിച്ച് സർക്കാർ നിലപാട് കർശനമാക്കിയത്  യുവതീ പ്രവേശനത്തെ എതിർക്കുന്നവരെ പ്രകോപിപ്പിച്ചു.ഒരു കാരണവശാലും യുവതികളെ പ്രവേശിപ്പിക്കില്ല എന്ന് ഹിന്ദു സംഘടനകൾ പ്രതിഷേധമുയർത്തി. ഈ മണ്ഡലക്കാലത്ത് കൂടുതൽ യുവതികൾ മലകയറാനെത്തുമെന്ന്  അഭ്യൂഹങ്ങളുണ്ട്. ഈ അവസരത്തിൽപ്രതിഷേധക്കാരെ നേരിടാൻ സർക്കാർ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദ്ദേശം നൽകിയോ..? നമുക്ക് അറിയാൻ ശ്രമിക്കാം 

വസ്തുതാ വിശകലനം

 വാർത്തയുടെ കീ വേർഡ്‌സ് ഉപയോഗിച്ച് അന്വേഷിച്ചു നോക്കിയപ്പോൾ ഈ പോസ്റ്റിൽ നൽകിയിരിക്കുന്ന വാർത്ത മാധ്യമങ്ങളിലൊന്നും വന്നിട്ടില്ല.ഓൺലൈൻ വാർത്താ ചാനലുകളും ഇത്തരത്തിൽ ഒരു വാർത്ത നൽകിയിട്ടില്ല.  ഇതേപ്പറ്റി മറ്റ് ഫേസ്‌ബുക്ക് പോസ്റ്റുകളും കാണാനില്ല. അതിനാൽ ഈ പോറ്റിലെ വാർത്ത ഒരും വിശ്വസനീയമല്ല. 

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഞങ്ങൾ പരിശോധിച്ച് നോക്കിയപ്പോൾ ‘ശബരിമലയിൽ മണ്ഡലകാല ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി’ ഒരു പത്രക്കുറിപ്പ് അതിൽ നൽകിയിട്ടുണ്ട്.

archived linkkerala cm

യുവതികളെ കയറ്റുമെന്നോ യുവതികൾക്ക് സംരക്ഷണം നൽകുമെന്നോ  പ്രത്യക്ഷമായോ പരോക്ഷമായോ സൂചനകളില്ല. ശബരിമലയിൽ പൊതുവായി നടപ്പിലാക്കുന്ന ചില സൗകര്യങ്ങളെക്കുറിച്ചും സുരക്ഷയെ പറ്റിയുമാണ് കുറിപ്പ്.

ടിയർ ഗ്യാസും ലാത്തിയും ഉപയോഗിക്കാൻ അധികാരമുള്ളത് പോലീസിനാണ്. പൊലീസിന് ഇത്തരത്തിൽ എന്തെങ്കിലും നിര്‍ദ്ദേശം ലഭിച്ചോ എന്നറിയാനായി ഞങ്ങൾ പോലീസ് മീഡിയ സെല്ലുമായി ബന്ധപ്പെട്ടു. ഇങ്ങനെ യാതൊരു നിര്‍ദ്ദേശവും സര്‍ക്കാര്‍ സംസ്ഥാന പോലീസിന് നല്‍കിയിട്ടില്ലെന്ന് പോലീസ് മീഡിയ സെല്‍ ഡപ്യൂട്ടി ഡയറക്ടര്‍ പ്രമോദ് കുമാര്‍ വ്യക്തമാക്കി. മണ്ഡലക്കാലത്ത് ശബരിമലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ചെയ്യാൻ പോലീസിന്റെ ഭാഗത്തു നിന്ന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പറ്റി പോലീസ് വിഭാഗം പുറത്തിറക്കിയ പത്രക്കുറിപ്പ് അവിടെ നിന്നു ലഭിച്ചു. 

 സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

പത്രക്കുറിപ്പ്

12.11.2019

*ശബരിമല തീര്‍ത്ഥാടനം: പോലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി*

ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

ശബരിമലയിലേയും പരിസരങ്ങളിലേയും സുരക്ഷാക്രമീകരണങ്ങളുടെ ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍ ക്രമസമാധാന വിഭാഗം എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദര്‍വേഷ് സാഹിബ് ആയിരിക്കും. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത് കുമാര്‍, ദക്ഷിണമേഖലാ ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ എന്നിവര്‍ ജോയിന്‍റ് ചീഫ് പോലീസ് കോര്‍ഡിനേറ്റര്‍മാരാണ്. തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന്‍, എറണാകുളം റെയ്ഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ് കുമാര്‍.എസ്, സായുധ പോലീസ് ബറ്റാലിയന്‍ ഡി.ഐ.ജി പി.പ്രകാശ് എന്നിവരാണ് ഡെപ്യൂട്ടി ചീഫ് കോര്‍ഡിനേറ്റര്‍മാര്‍.

സന്നിധാനം, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ തീര്‍ത്ഥാടനകാലം അഞ്ച് ഘട്ടമായി തിരിച്ചാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എരുമേലിയില്‍ നാല് ഘട്ടവും. നവംബര്‍ 15 മുതല്‍ 30 വരെയുള്ള ആദ്യഘട്ടത്തില്‍ പോലീസ് ആസ്ഥാനത്തെ എ.ഐ.ജി രാഹുല്‍ ആര്‍ നായരാണ് സന്നിധാനത്തെ പോലീസ് കണ്‍ട്രോളര്‍. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം.സാബു മാത്യു പമ്പയിലും തൃശ്ശൂര്‍ ക്രൈംബ്രാഞ്ച് എസ്.പി കെ.എസ്.സുദര്‍ശനന്‍ നിലയ്ക്കലും കോഴിക്കോട് സിറ്റി അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണർ പി.വാഹിദ് എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെ നീളുന്ന രണ്ടാം ഘട്ടത്തില്‍ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി ഡോ.എ.ശ്രീനിവാസ് സന്നിധാനത്തും കെ.എ.പി നാലാം ബറ്റാലിയന്‍ കമാണ്ടന്‍റ് നവനീത് ശര്‍മ്മ പമ്പയിലും ചുമതല വഹിക്കും. ക്രൈംബ്രാഞ്ച് എസ്.പി എന്‍.അബ്ദുള്‍ റഷീദ് നിലയ്ക്കലും തൃശ്ശൂര്‍ സിറ്റി അഡീഷണല്‍ പോലീസ് കമ്മീഷണര്‍ എം.സി.ദേവസ്യ എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാര്‍ ആയിരിക്കും. മൂന്നാം ഘട്ടം ഡിസംബര്‍ 14 മുതല്‍ 29 വരെയാണ്. ഇക്കാലയളവില്‍ തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ആര്‍.ആദിത്യ സന്നിധാനത്തും കേരള പോലീസ് അക്കാദമി അസിസ്റ്റന്‍റ് ഡയറക്ടര്‍ റെജി ജേക്കബ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. നിലയ്ക്കലില്‍ കെ.എ.പി മൂന്നാം ബറ്റാലിയന്‍ കമാണ്ടന്‍റ് ആര്‍.ഇളങ്കോയും എരുമേലിയില്‍ തിരുവനന്തപുരം റൂറല്‍ അഡീഷണല്‍ എസ്.പി എം.ഇക്ബാലും ആയിരിക്കും പോലീസ് കണ്‍ട്രോളര്‍മാര്‍. ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തില്‍  പോലീസ് ആസ്ഥാനത്തെ എ.ഐ.ജി എസ്.സുജിത്ത് ദാസ്, എസ്.എ.പി കമാണ്ടന്‍റ് കെ.എസ്.വിമല്‍ എന്നിവര്‍ സന്നിധാനത്തും ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗം എസ്.പി എച്ച്.മഞ്ജുനാഥ് പമ്പയിലും പോലീസ് കണ്‍ട്രോളര്‍മാരാകും. പോലീസ് ആസ്ഥാനത്തെ സ്പെഷ്യല്‍ സെല്‍ എസ്.പി വി.അജിത്ത്, ആലപ്പുഴ അഡീഷണല്‍ എസ്.പി ബി.കൃഷ്ണകുമാര്‍ എന്നിവര്‍ യഥാക്രമം നിലയ്ക്കലും എരുമേലിയിലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. 

ജനുവരി 16 മുതല്‍ 22 വരെയുള്ള ഓക്സിലിയറി ഘട്ടത്തില്‍ പി.റ്റി.സി പ്രിന്‍സിപ്പല്‍ ബി.വിജയന്‍ സന്നിധാനത്തും ക്രൈംബ്രാഞ്ച് എസ്.പി ഷാജി സുഗുണന്‍ പമ്പയിലും ദക്ഷിണമേഖലാ ട്രാഫിക് എസ്.പി കെ.എല്‍ ജോണ്‍ കുട്ടി നിലയ്ക്കലും പോലീസ് കണ്‍ട്രോളര്‍മാരായിരിക്കും. ഈ മണ്ഡലകാലത്ത് വിവിധ ഘട്ടങ്ങളിലായി വിവേക് കുമാര്‍, ആര്‍.വിശ്വനാഥ്, ആര്‍ ആനന്ദ്, അരവിന്ദ് സുകുമാര്‍, ഡി.ശില്‍പ്പ, വൈഭവ് സക്സേന, അങ്കിത് അശോകന്‍, ഹേമലത, ഐശ്വര്യ ദോന്‍ഗ്രെ എന്നീ എ.എസ്.പിമാരെ അഡീഷണല്‍ പോലീസ് കണ്‍ട്രോളര്‍മാരായും നിയോഗിച്ചിട്ടുണ്ട്. 

വി പി പ്രമോദ് കുമാര്‍

ഡെപ്യൂട്ടി ഡയറക്ടർ

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

പത്രക്കുറിപ്പ്

12.11.2019

*ശബരിമല തീര്‍ത്ഥാടനകാലത്ത് സുരക്ഷയ്ക്കായി 10,017 പോലീസ് ഉദ്യോഗസ്ഥര്‍*

ഇത്തവണത്തെ മണ്ഡലമകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയിലും പരിസരപ്രദേശത്തും 10,017 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കും. അഞ്ച് ഘട്ടങ്ങളിലായാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എസ്.പി, എ.എസ്.പി തലത്തില്‍ 24 പേരും 112 ഡി.വൈ.എസ്.പി മാരും 264 ഇന്‍സ്പെക്ടര്‍മാരും 1185 എസ്.ഐ/എ.എസ്.ഐ മാരും സംഘത്തിലുണ്ടാകും. 307 വനിതകള്‍ ഉള്‍പ്പെടെ 8402 സിവില്‍ പോലീസ് ഓഫീസര്‍മാരും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരും സുരക്ഷയ്ക്കായി എത്തും. വനിതാ ഇന്‍സ്പെക്ടര്‍, എസ്.ഐ തലത്തില്‍ 30 പേരേയും നിയോഗിച്ചിട്ടുണ്ട്.

നവംബര്‍ 15 മുതല്‍ 30 വരെയുള്ള ഒന്നാം ഘട്ടത്തില്‍ സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി, പത്തനംതിട്ട എന്നിവടങ്ങളിലായി 2551 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിര്‍വ്വഹിക്കുക. ഇവരില്‍ മൂന്നുപേര്‍ എസ്.പി തലത്തിലുള്ള പോലീസ് കണ്‍ട്രോളര്‍മാരും രണ്ട് പേര്‍ എ.എസ്.പി തലത്തിലുളള അഡീഷണല്‍ പോലീസ് കണ്‍ട്രോളര്‍മാരുമാണ്.  കൂടാതെ ഡി.വൈ.എസ്.പി റാങ്കിലുളള 23 പേരും ഡ്യൂട്ടിയിലുണ്ടാകും.  നവംബര്‍ 30 മുതല്‍ ഡിസംബര്‍ 14 വരെയുളള രണ്ടാം ഘട്ടത്തില്‍ 2539 പോലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിക്കുക.  ഡിസംബര്‍ 14 മുതല്‍ 29 വരെ 2992 പേരും ഡിസംബര്‍ 29 മുതല്‍ ജനുവരി 16 വരെയുളള നാലാം ഘട്ടത്തില്‍ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.

കൂടാതെ, തീര്‍ത്ഥാടന കാലത്ത് സന്നിധാനം, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളിലായി 1560 സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.  

വി പി പ്രമോദ് കുമാര്‍

ഡെപ്യൂട്ടി ഡയറക്ടർ

സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും മുഖ്യമന്ത്രിയുടെ അഡേഷണല്‍ പ്രൈവറ്റ്  സെക്രട്ടറി ആര്‍ മോഹന്‍ ഞങ്ങള്‍ക്ക് നല്കിയ വിശദീകരണം ഇങ്ങനെയാണ്: “ഇതൊക്കെ വെറും വ്യാജവാര്‍ത്തകളാണ്. സര്‍ക്കാര്‍ ഭക്തര്‍ക്കായി പതിവുപോലെ സുരക്ഷയും സൌകര്യങ്ങളും ഒരുക്കുന്നുണ്ട്. അല്ലാതെ ടിയര്‍ ഗ്യാസും ലാത്തിയുമൊന്നും ശബരിമലയില്‍ കൊണ്ട് ചെല്ലേണ്ട കാര്യം സര്‍ക്കാരിനില്ല. വെറുതേ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന വാര്‍ത്തകളാണ്.”

മണ്ഡലക്കാലത്ത് യുവതീപ്രവേശനം സാധ്യമാക്കാൻ സംസ്ഥാന സർക്കാർ ടിയർഗ്യാസും ലാത്തികളും സന്നിധാനത്തെത്തിക്കാൻ നിർദ്ദേശം നൽകി എന്ന വാർത്ത തെറ്റായ വാർത്തയാണ്.  

നിഗമനം 

ഈ പോസ്റ്റിൽ നൽകിയിരിക്കുന്നത് പൂർണ്ണമായും തെറ്റായ വാർത്തയാണ്. മണ്ഡലക്കാലത്ത് ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്തെത്തിക്കാൻ പിണറായി സർക്കാർ ആർക്കും നിർദ്ദേശം നൽകിയിട്ടില്ല. അതിനാൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്ന ഈ പോസ്റ്റ് ഷെയർ ചെയ്യരുതെന്ന് മാന്യ വായനക്കാരോട് അഭ്യർത്ഥിക്കുന്നു 

Avatar

Title:യുവതീ പ്രവേശനം ലക്ഷ്യമിട്ട് ശബരിമലയിൽ ടിയർ ഗ്യാസും ലാത്തികളും സന്നിധാനത്ത് എത്തിക്കാൻ പിണറായി സർക്കാർ നിർദേശം നൽകിയോ…?

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •