വാച്ച് യുവര്‍ നെയ്ബര്‍ എന്നൊരു പദ്ധതി കേരള പോലീസ് നടപ്പാക്കിയിട്ടില്ല… യാഥാര്‍ഥ്യം ഇതാണ്…

Misleading സാമൂഹികം

ലോകം അവനവനിലേക്ക് ചുരുങ്ങിയ ഇക്കാലത്ത് അയൽപക്ക ബന്ധങ്ങള്‍ നഗര-ഗ്രാമ ഭേദമില്ലാതെ ദുര്‍ബലമാണ്. പലയിടത്തും ഭവനങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം വ്യക്തമാകും, ‘അയല്‍ക്കാര്‍ ആരും സംഭവം അറിഞ്ഞില്ല’- വാർത്താമാധ്യമങ്ങൾ വഴിയാണ് തൊട്ടപ്പുറത്ത് നടന്ന കാര്യങ്ങൾ തങ്ങൾ അറിഞ്ഞതെന്ന് മാധ്യമപ്രവർത്തകരോട് നാട്ടുകാര്‍ വിശദീകരിക്കുന്നതായി നിങ്ങൾ ഇതിനോടകം പല സന്ദര്‍ഭങ്ങളിലും ചാനല്‍ വാര്‍ത്തകള്‍ടയില്‍ കണ്ടിട്ടുണ്ടാവും. അയൽപക്ക ബന്ധങ്ങൾ മെച്ചപ്പെടുത്താൻ കേരള പോലീസ് പദ്ധതി രൂപീകരിച്ചെന്നും ‘വാച്ച് യുവർ നെയ്ബർ’ എന്നാണ് പദ്ധതിയുടെ പേരെന്നും അവകാശപ്പെട്ട് ഒരു സന്ദേശം സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 

പ്രചരണം 

 വാച്ച് യുവർ നെയ്ബർ എന്ന പദ്ധതി കേരള പോലീസ് ആവിഷ്കരിച്ചു എന്ന് അവകാശപ്പെട്ട്  പദ്ധതിയെ പരിഹസിച്ചുകൊണ്ടാണ് പലരും പോസ്റ്റുകൾ പങ്കു വച്ചിട്ടുള്ളത്. സ്വകാര്യതയിലേക്ക് അനാവശ്യമായ കടന്നുകയറ്റം പദ്ധതി സൃഷ്ടിക്കുമെന്നും പലരും പോസ്റ്റിലൂടെ  ആശങ്കപ്പെടുന്നു. സന്ദേശങ്ങള്‍ പലതും ട്രോള്‍ വീഡിയോകളും ചിത്രങ്ങളും ചേര്‍ത്താണ് പ്രചരിക്കുന്നത്. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത് മോറല്‍ പൊലീസിംഗിന്‍റെ ഫലമാണ് ഉണ്ടാക്കുകയെന്ന് പോസ്റ്റുകളിലൂടെ പലരും ആശങ്ക പങ്കുവയ്ക്കുന്നുണ്ട്.  അത്തരത്തിലൊരു പോസ്റ്റാണ് ഇവിടെ നല്‍കിയിരിക്കുന്നത്. 

FB postarchived link

ഒപ്പമുള്ള വിവരണം ഇങ്ങനെ: “’വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി: ഗുരുതര സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കും- കെ കെ റൈഹാനത്ത്

അയല്‍ക്കാരനു മേല്‍ ഒളിഞ്ഞുനോക്കാന്‍ അധികാരം നല്‍കുന്ന വാച്ച് യുവര്‍ നെയ്ബര്‍ പദ്ധതി സംസ്ഥാനത്ത് ഗുരുതര സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്ത്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് ‘വാച്ച് യുവര്‍ നെയ്ബര്‍’ പദ്ധതി നടപ്പാക്കുകയെന്നും അയല്‍ക്കാരില്‍ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ അത് പോലിസിനെ 112 എന്ന ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ചാല്‍ ഏഴു മിനിട്ടിനകം പ്രതികരണം ഉണ്ടാവുമെന്നുമാണ് ഡിജിപി അനില്‍ കാന്ത് പ്രഖ്യാപിച്ചത്. ഭരണഘടന ഉറപ്പു നല്‍കുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത്. ഇത്തരം പരിഷ്‌കാരങ്ങള്‍ അയല്‍വാസികള്‍ തമ്മില്‍ സംശയത്തിനും പകയ്ക്കും ഇടയാക്കും. പൗരന്മാരെ പരസ്പരം നോട്ടപ്പുള്ളികളാക്കുന്ന പദ്ധതി ഗുണത്തേക്കളേറെ ദോഷം ചെയ്യും. അയല്‍ക്കാര്‍ തമ്മിലുള്ള വിദ്വേഷത്തിനും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കുന്ന ഈ നടപടിയില്‍ നിന്ന് അധികാരികള്‍ പിന്തിരിയണം. ഇപ്പോള്‍ തന്നെ ചിലയിടങ്ങളിലെങ്കിലും അല്‍വാസികളായ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളില്‍ സംശയങ്ങളും തെറ്റിദ്ധാരകളും നിലനില്‍ക്കുന്നു എന്നാണ് വിലയിരുത്തപ്പെടുന്നത്. ഗുരുതരമായ സാമൂഹിക സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുന്ന അയല്‍ക്കാരനെ നിരീക്ഷിക്കാന്‍ അധികാരം നല്‍കുന്ന പരിഷ്‌കാരത്തില്‍ നിന്നു പിന്മാറാന്‍ ഇടതു സര്‍ക്കാര്‍ തയ്യാറാവണമെന്ന് കെ കെ റൈഹാനത്ത് ആവശ്യപ്പെട്ടു.”

എന്നാൽ സംസ്ഥാന പോലീസിന് വാച്ച് യുവര്‍ നെയ്ബര്‍ എന്നൊരു പദ്ധതി ഇല്ല എന്നാണ് അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തിയത്. 

 വസ്തുത ഇതാണ്

പ്രചരണത്തെ കുറിച്ച് കൂടുതൽ അറിയാൻ ഞങ്ങൾ സംസ്ഥാന മീഡിയ സെൽ വിഭാഗവുമായി ബന്ധപ്പെട്ടപ്പോൾ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ അറിയിച്ചത് ഇങ്ങനെയാണ്:  “വാച്ച് യുവർ നെയ്ബർ എന്ന പേരില്‍ കേരള പോലീസിന് പദ്ധതിയില്ല. കൊച്ചി സിറ്റി പോലീസ് “സേ ഹലോ റ്റു യുവർ നെയ്ബർ” എന്ന പേരിൽ ഒരു പദ്ധതി ആവിഷ്കരിച്ചിരുന്നു. അയല്‍പക്കവുമായി മികച്ച ബന്ധം സ്ഥാപിച്ച് സൗഹൃദം വഴി പൊതുസുരക്ഷാ ശക്തിപ്പെടുത്താനാണ് പദ്ധതി ആവിഷ്കരിച്ചത്. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ “വാച്ച് യുവർ നെയ്ബർ എന്ന പേരിൽ പലരും പ്രചരിപ്പിക്കുകയാണ്. ഇതിനെതിരെ ഞങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വിശദീകരണം നൽകിയിട്ടുണ്ട്.” 

കൊച്ചി പോലുള്ള നഗരങ്ങളിൽ അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങളില്‍  തൊട്ടടുത്ത താമസിക്കുന്നവർ ആരാണെന്ന് പോലും അറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ല എന്ന വിലയിരുത്തലിലാണ് പോലീസ് ഈ പദ്ധതി ആവിഷ്കരിച്ചത്. സുഹൃദ് ബന്ധങ്ങളും കൂട്ടായ്മകളും വർധിപ്പിച്ച് അംഗങ്ങൾ തമ്മിൽ സൗഹൃദം സൃഷ്ടിക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഈ പദ്ധതിയാണ് ‘വാച്ച് യുവർ നെയ്ബര്‍” എന്ന പേരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്.  

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ് ‘വാച്ച് യുവർ നെയ്ബര്‍’ എന്ന പേരില്‍ കേരള പോലീസിന് പദ്ധതികളില്ല. കൊച്ചി സിറ്റി പോലീസ് ‘സേ ഹലോ റ്റു യുവർ നെയ്ബർ’ എന്ന പേരില്‍ ആവിഷ്കരിച്ച പദ്ധതിയാണ് വാച്ച് യുവർ നെയ്ബർ എന്ന പേരില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പര സൗഹൃദവും പൊതു സുരക്ഷയും ഉറപ്പാക്കാനാണ് ‘സേ ഹലോ റ്റു യുവർ നെയ്ബർ’ പദ്ധതി കൊച്ചി സിറ്റി പോലീസ് ആവിഷ്കരിച്ചത്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വാച്ച് യുവര്‍ നെയ്ബര്‍ എന്നൊരു പദ്ധതി കേരള പോലീസ് നടപ്പാക്കിയിട്ടില്ല… യാഥാര്‍ഥ്യം ഇതാണ്…

Fact Check By: Vasuki S 

Result: MISLEADING