
ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കയ്യില്‍ ആയുധങ്ങള്‍ എടുത്ത് കലാപം സൃഷ്ടിക്കുന്നു എന്ന് വാദിച്ച് ഒരു ചിത്രം സാമുഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിട്ടുണ്ട്. ചിത്രത്തില്‍ ചില ചെറുപ്പക്കാര്‍ വാളും കോടാലിയുമായി റോഡിലൂടെ നടന്നു പോകുന്നതായി കാണാം. ഈ ചിത്രത്തില്‍ കാണുന്നവര്‍ “RSS തിവ്രവാദികളാണ്” എന്ന് പോസ്റ്റില്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ ചിത്രത്തിന് ആര്‍.എസ്.എസുമായി യാതൊരു ബന്ധമില്ല. ഞങ്ങള്‍ ചിത്രത്തിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ ചിത്രം ബംഗ്ലാദേശിലെ പഴയ ചിത്രമാണെന്ന്‍ കണ്ടെത്തി. എന്താണ് ചിത്രം വെച്ച് സാമുഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണവും പ്രചാരണത്തിന്‍റെ യഥാര്‍ത്ഥ്യവും നമുക്ക് നോക്കാം.
പ്രചരണം

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഇന്ത്യയുടെ ശത്രു പാക്കിസ്ഥാനോ ചൈനയോ അല്ല, രാജ്യം ശിഥിലമാക്കുന്ന RSS തീവ്രവാദികളാണ്.”
വസ്തുത അന്വേഷണം
ചിത്രത്തിനെ കുറിച്ച് കൂടതല്‍ അറിയാന്‍ ഞങ്ങള്‍ ചിത്രം ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. പരിശോധനയില്‍ നിന്ന് ലഭിച്ച ഫലങ്ങള്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ക്ക് 2013ല്‍ ഒരു ബംഗ്ലാദേശി ബ്ലോഗില്‍ ഈ ചിത്രങ്ങള്‍ പ്രസിദ്ധികരിച്ചതായി കണ്ടെത്തി.

ബ്ലോഗിന്‍റെ പ്രകാരം ഈ ചിത്രങ്ങള്‍ ബംഗ്ലാദേശിലെ വിദ്യാര്‍ഥികളുടെതാണ്. വിദ്യാര്‍ഥി സംഘടനകളുടെ പ്രതിഷേധത്തിനിടയില്‍ ആയുധങ്ങള്‍ എടുത്ത് നടക്കുന്ന വിദ്യാര്‍ഥികളുടെ ചിത്രം എന്ന തരത്തില്‍ തന്നെയാണ് ബംഗ്ലാദേശിലെ മറ്റൊരു ബ്ലോഗ് ചിത്രം പ്രസിദ്ധികരിച്ചത്.

കൂടാതെ ചിത്രത്തില്‍ കാണുന്ന ചെറുപ്പക്കാരന്‍ തലയില്‍ കെട്ടിയിരിക്കുന്നത് ബംഗ്ലാദേശിന്‍റെ രാഷ്ട്രിയ ധ്വജത്തിനെ സമാനമായ തുണിയാണ്. താഴെ നല്‍കിയ ചിത്രത്തില്‍ മഞ്ഞ വട്ടത്തില്‍ ഈ തുണി അടയാളപെടുത്തിയിട്ടുണ്ട്.

നിഗമനം
ബംഗ്ലാദേശില്‍ നടന്ന കലാപത്തിന്‍റെ ചിത്രം ഉപയോഗിച്ച് കലാപകാരിയെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരായി കാണിക്കുകയാണ് ഈ പോസ്റ്റില്‍ ശ്രമിക്കുന്നത്. പ്രസ്തുത ചിത്രം വെച്ച് നടത്തുന്ന ഈ പ്രചരണം പൂര്‍ണമായി വ്യാജമാണ്.

Title:ബംഗ്ലാദേശിലെ പഴയ ചിത്രം ‘RSS തീവ്രവാദികള്‍’ എന്ന തരത്തില്‍ സാമുഹ്യ മാധ്യമങ്ങളില്‍ വ്യാജമായി പ്രചരിക്കുന്നു…
Fact Check By: Mukundan KResult: False
