കോവിഡ് പ്രതിരോധ മരുന്നായി ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ത്?

Coronavirus സാമൂഹികം

വിവരണം

കോവിഡ് 19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി വാട്‌സാപ്പില്‍ ഒരു ഓഡിയോ സന്ദേശം വൈറലായി പ്രരിക്കുന്നുണ്ട്. ഡോക്‌ടര്‍ പ്രമോദ് എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഒരു വ്യക്തി മറ്റുള്ളവര്‍ക്കായി നല്‍കുന്ന സന്ദേശമായിട്ടാണ് പ്രചരിക്കുന്ന ഓഡിയോ. എച്ച്‌സിക്യുഎസ് 400 എന്ന ടാബ്‌ലെറ്റ് അധവ ഹൈ‍‍ഡ്രോക്ലോറോക്വിന്‍ ഗുളിക 10 വയ്‌സിനു മുകളില്‍ പ്രായമുള്ള എല്ലാവരും കഴിക്കുന്നത് നല്ലതാണെന്നും കോവിഡ് പിടിപെട്ടാല്‍ തന്നെ ശ്വാസകോശത്തെയോ ശ്വസകോശസംബന്ധമായ ബുദ്ധിമുട്ടുകളിലേക്കോ പാകാതിരിക്കാന്‍ ഈ ഗുളിക ഫലപ്രദമാണെന്നാണ് സന്ദേശത്തില്‍ പറയുന്നത്. ഗുളികയുടെ സ്ട്രിപ്പിന്‍റെ ചിത്രവും ഓഡിയോ സന്ദേശത്തിനൊപ്പം പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിച്ചാല്‍ കോവിഡ് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ? ഹൈ‍ഡ്രോക്ലോറോക്വിന്‍ 400 സാങ്കേതികമായി കോവിഡ് മരുന്നായി കണ്ടെത്തിയ ഗുളികയാണോ? വസ്‌തുത പരിശോധിക്കാം.

വസ്‌തുത വിശകലനം

എച്ച്‌സിക്യുഎസ് 400 എന്ന ഗുളിക കോവിഡ് രോഗത്തിനെതിരെ പ്രതിരോധ മരുന്നായി കഴിക്കാന്‍ സാധിക്കുമോ എന്നതിനെ കുറിച്ചറിയാന്‍ ഞങ്ങളുടെ പ്രതിനിധി ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ സീനിയര്‍ ഫിസീഷ്യന്‍ ഡോ. കെ.പി.ഹെഗ്‌ഡേയുമായി ഫോണില്‍ ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രതികരണം ഇങ്ങനെയാണ്. മലേറിയുടെ ഗുളികയാണ് ഹൈ‍ഡ്രോക്ലോറോക്വിന്‍ 400. ഒരിക്കലും പ്രതിരോധ മരുന്നായി എച്ച്‌സിക്യുഎസ് 400 ഉപയോഗിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനോ മറ്റോ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ല. എന്നാല്‍ ഈ ഗുളിക കഴിക്കുന്നതില്‍ തെറ്റില്ല. പക്ഷെ അത് ഡോക്‌ടര്‍ നിര്‍ദേശിച്ചെങ്കില്‍ മാത്രം കഴിച്ചാല്‍ മതി. കോവിഡ് രോഗ ബാധയില്‍ ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ വരാതിരിക്കാന്‍ എച്ച്‌സിക്യുഎസ് 400 ഗുളിക കഴിച്ചാല്‍ മതിയെന്ന് റിസര്‍ച്ചുകള്‍ ഇതുവരെ സാങ്കേതികമായി തെളിയിക്കാത്ത കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

നിഗമനം

സാങ്കേതികമായി എച്ച്‌സിക്യഎസ് ഗുളിക കോവിഡ് പ്രതിരോധ മരുന്നായി ഉപയോഗിക്കാമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന് മുതിര്‍ന്ന ഒരു ഡ‍ോക്‌ടര്‍ തന്നെ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പ്രചരിക്കുന്ന സന്ദേശം വസ്‌തുത വിരുദ്ധമാണെന്ന് അനുമാനിക്കാം.

Avatar

Title:കോവിഡ് പ്രതിരോധ മരുന്നായി ഹൈ‍ഡ്രോക്ലോറോക്വിന്‍ ഗുളിക കഴിക്കണമെന്ന വാട്‌സാപ്പ് സന്ദേശത്തിന് പിന്നിലെ വസ്‌തുത എന്ത്?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •