മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാരണമായി എന്ന് തെറ്റായ പ്രചരണം…

രാഷ്ട്രീയം

മീഡിയ വൺ ചാനലിന്‍റെ സംപ്രേഷണം തടഞ്ഞ വാർത്ത വളരെയേറെ ചർച്ചയ്ക്ക് ഇടയാക്കുന്നുണ്ട്. കേന്ദ്രസർക്കാരാണ് സംപ്രേഷണം തടഞ്ഞതെന്ന് വ്യക്തമാക്കി മീഡിയ വൺ വാർത്താ വിഭാഗം സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിരുന്നു. ചാനല്‍ സംപ്രേഷണം തടയാൻ സംസ്ഥാന സർക്കാരിന്‍റെ റിപ്പോർട്ടും ഘടകമായി എന്നൊരു വാർത്ത സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട് 

പ്രചരണം

സംസ്ഥാന സർക്കാരിന്‍റെ അറിവോടെയാണ് മീഡിയവൺ ചാനലിലെ സംരക്ഷണം കേന്ദ്രസർക്കാർ തടഞ്ഞത് എന്ന് ആരോപിച്ച് പോസ്റ്റിൽ നൽകിയിരിക്കുന്ന വാചകങ്ങൾ ഇങ്ങനെയാണ്: “മീഡിയാവൺ ടിവിയെ പ്രതിക്കൂട്ടിലാക്കി പിണറായി സർക്കാരിന്‍റെ റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി കേരളത്തിന്‍റെ നിർദ്ദേശം കൂടി പരിഗണിച്ച്”

മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടഞ്ഞതില്‍ കേരളത്തിന്‍റെ ഇടപെടൽ വ്യക്തമാക്കി ഒരു വിവരണം പോസ്റ്റിലെ പോസ്റ്റിനൊപ്പം നൽകിയിട്ടുണ്ട്: “ന്യൂദല്‍ഹി: ജമാഅത്തെ ഇസ്ലാമിയുടെ (Jamaat-e-Islami) കീഴിലുള്ള മീഡിയാവണ്‍ ടിവിയുടെ (media one) സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത് കേരള സര്‍ക്കാരിന്റെ (kerala government) കൂടെ റിപ്പോര്‍ട്ട് പരിഗണിച്ച്. തീവ്ര മുസ്ലീം നിലപാടുള്ള സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ചാനലിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

സംസ്ഥാനത്തെ ഇന്റലിജന്‍സ് വകുപ്പും മീഡിയാവണ്ണിനെതിരെയും ചാനല്‍ ഡയറക്ടര്‍മാര്‍ക്കെതിരെയും പ്രതികൂല റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയത്. പ്രാദേശിക വാര്‍ത്ത ചാനലുകളുടെ ലൈസന്‍സ് പുതുക്കുന്ന നടപടിയില്‍ കേന്ദ്രം സര്‍ക്കാര്‍ അതത് സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ കൂടി പരിഗണിക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചാനലിന്റെ ലൈസന്‍സ് പുതുക്കി നല്‍കാത്തത്. ഡയറക്ടര്‍മാരുടെ സാമ്പത്തിക ഇടപാടുകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്.

നിരവധി പരാതികളും ചാനലിനെതിരെ ഉയര്‍ന്നിട്ടുണ്ട്. ഇതിന്റെകൂടെ അടിസ്ഥാനത്തിലാണ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നടപടി. രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ ചാനല്‍ പിന്തുണയ്ക്കുന്നുവെന്ന് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.

പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വനിയമത്തിനെതിരെ വര്‍ഗീയ പ്രചരണം ചാനല്‍ നടത്തിയിരുന്നു. ഇതുകൂടാതെ ഡല്‍ഹില്‍ നിന്ന് തുടരെതുടരെ ചാനല്‍ വ്യാജവാര്‍ത്തകള്‍ നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനെയും മീഡിയാവണ്ണിനെയും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് പറഞ്ഞാണ് ഇരു ചാനലുകളും സംപ്രേക്ഷണം വീണ്ടും ആരംഭിച്ചത്. വീണ്ടും മീഡിയാവണ്‍ രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നുവെന്ന് തെളിവ് അടക്കമുള്ള പരാതി ഉയര്‍ന്നതോടെയാണ് ചാനല്‍ സംപ്രേക്ഷണം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞത്.

സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്രം ചാനലിന്റെ സംപ്രേക്ഷണം തടഞ്ഞതെന്ന് മീഡിയ വണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രമോദ് രാമന്‍ ഔദ്യോഗിക പേജിലൂടെ അറിയിച്ചു. ഉത്തരവിനെതിര മീഡിയ വണ്‍ നിയമനടപടികള്‍ നടത്തുമെന്നും പ്രമോദ് രാമന്‍ പറഞ്ഞു.” 

archived linkFB post

ഞങ്ങൾ പ്രചരണത്തെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ തെറ്റായ പ്രചരണമാണ് നടക്കുന്നത് എന്ന് കണ്ടെത്തി 

വസ്തുത ഇങ്ങനെ

മീഡിയ വൺ ചാനൽ പ്രക്ഷേപണം കേന്ദ്രസർക്കാർ തടഞ്ഞു എന്നാണ് ഇതുവരെ ചാനല്‍ അധികൃതര്‍ പറഞ്ഞിട്ടുള്ളത്. സംസ്ഥാനസർക്കാർ എന്തെങ്കിലും നടപടി ഇക്കാര്യത്തില്‍ സ്വീകരിച്ചതായി പറഞ്ഞിട്ടില്ല. മീഡിയ വൺ ചാനല്‍ സംപ്രേഷണം നിലക്കാനുള്ള വ്യക്തമായ കാരണം ഇതുവരെ വെളിപ്പെട്ടിട്ടില്ല. 

മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ടു എന്ന ആരോപണത്തെ കുറിച്ചുള്ള വ്യക്തതയ്ക്കായി ഞങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. അദ്ദേഹത്തിന്‍റെ പ്രസ് സെക്രട്ടറി പി. എം. മനോജ് നൽകിയ മറുപടി ഇങ്ങനെയാണ്: “മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത്തരത്തിൽ മീഡിയ വണ്‍ ചാനലിനെതിനെ ഒരു റിപ്പോർട്ട് നൽകിയിട്ടില്ല. 

മാത്രമല്ല സംസ്ഥാന ഇൻറലിജൻസും ഇത്തരത്തിലൊരു റിപ്പോർട്ട് നൽകിയിട്ടില്ല.  തെറ്റായ പ്രചരണമാണ് ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ നടത്തുന്നത്.”

മാത്രമല്ല മീഡിയവൺ ചാനൽ സംപ്രേഷണം സ്തംഭിച്ചതിനെതിരെ മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ അഭിപ്രായം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. മീഡിയവൺ ചാനലിന്‍റെ സംപ്രേഷണത്തിന് വിലക്കേർപ്പെടുത്തിയത് ഗൗരവതരമായ വിഷയമാണെന്നും ആവിഷ്കാര സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാനുസൃതമായ പ്രശ്നപരിഹാരം ഉണ്ടാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം നിലപാട് പറഞ്ഞിട്ടുണ്ട്:

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും മീഡിയവണ്‍ ചാനലിന് എതിരായി കേന്ദ്രത്തിലേക്ക് റിപ്പോർട്ട് നൽകി എന്നത് തെറ്റായ വാർത്തയാണ് എന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റാണ്. മീഡിയ വൺ ചാനൽ സംപ്രേഷണം നിലച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാന ഇന്‍റലിജൻസില്‍ നിന്നും കേന്ദ്രത്തിലേക്ക് റിപ്പോർട്ട് പോയി എന്നതുകൂടി അടിസ്ഥാനമാക്കിയാണ് എന്ന പ്രചരണം പൂർണമായും തെറ്റാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും സംസ്ഥാന ഇന്‍റലിജന്‍സില്‍  നിന്നും മീഡിയ വണ്‍ ചാനലിനെതിരെ യാതൊരു റിപ്പോർട്ടും അയച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മീഡിയ വണ്‍ ചാനല്‍ സംപ്രേഷണം തടയാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള റിപ്പോര്‍ട്ട് കാരണമായി എന്ന് തെറ്റായ പ്രചരണം…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •