ഈ ചിത്രം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ പോലീസ് തല്ലിച്ചതക്കുന്നതിന്‍റേതാണോ?

രാഷ്ട്രീയം

വിവരണം

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യ വെന്റിലേറ്റർ ഇൽ ആണ്. ഡൽഹിയിൽ ജാമിയ മില്ലിയ സർവ്വകലാശാലയിലെ വിദ്യാർഥികൾക്ക് എതിരെയുള്ള പോലീസിന്റെ നരനായാട്ട്.. അവർ രാജ്യത്തെ വെട്ടിമുറിക്കാൻ നോക്കുകയാണ്.. ഇനിയും നമ്മൾ പ്രതിഷേധിക്കാതിരുന്നുകൂടാ.. തെരുവുകളിലേക്ക് ഇറങ്ങാൻ സമയമായി.. എന്ന തലക്കെട്ട് നല്‍കി ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിക്കുന്നുണ്ട്. ഫൈസല്‍ കെപിഎം എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന പോസ്റ്റിന് ഇതുവരെ 340ല്‍ അധികം ഷെയറുകളും 100ല്‍ അധികം ലൈക്കുകളും ലഭിച്ചിട്ടുണ്ട്.

Archived Link

എന്നാല്‍ യഥാര്‍ഥത്തില്‍ ചിത്രത്തില്‍ പോലീസ് അതിക്രമം എന്ന പേരില്‍ പ്രചരിക്കുന്നത് ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിക്കെതിരെ ഉള്ളത് തന്നെയാണോ? എന്താണ് വസ്‌തുത എന്ന് പരിശോധിക്കാം.

വസ്‌തുത വിശകലനം

ചിത്രം ഗൂഗിള്‍ റിവേഴ്‌സ് ഇമേജ് സെര്‍ച്ചിലൂടെ തിരഞ്ഞെങ്കിലും ലഭിച്ചിത് ഇത് കശ്മീര്‍ സമരക്കാര്‍ക്കെതിരെ 2016-17 കാലങ്ങളില്‍ ഇന്ത്യന്‍ പോലീസ് നടത്തിയ നരനായാട്ട് ആണെന്ന പേരിലാണ്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ ഒന്നും വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുമുള്ളതായിരുന്നില്ല. ഒടുവിലാണ് ചിത്രം ഓള്‍ട്ട് ന്യൂസ് എന്ന ദേശീയ മാധ്യവും വസ്‌തുത അന്വേഷക സംഘവും വസ്‌തുത അന്വേഷണം നടത്തിയതിന്‍റെ പേരില്‍ ക്യാച്ച് ന്യൂസ് എന്ന ദേശീയ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പരിശോധിച്ച് വസ്‌തുത കണ്ടെത്തിയതാണെന്നും തിരിച്ചറിയാന്‍ കഴിഞ്ഞത്. ക്യാച്ച് ന്യൂസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2011ല്‍ സമാജ്‌വാദി പാര്‍ട്ടി നേതാവ് ആനന്ദ് ഭദൂരിയ എന്ന ചെറുപ്പക്കാരനെ ലഖ്‌നൗ പോലീസ് മര്‍ദ്ദിക്കുന്ന ചിത്രമാണിത്. അന്നത്തെ ലഖ്‌നൗ എസ്എസ്‌പിയായ ബിപി അശോകാണ് ആനന്ദ് ഭദൂരിയയെ മര്‍ദ്ദിക്കുന്നത്. അഖിലേഷ് യാദവിന്‍റെ നേതൃത്വത്തില്‍ നടന്ന ഒരു പ്രക്ഷോഭത്തിന്‍റെ ഭാഗമായിട്ടായിരുന്നു പോലീസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടിയതെന്നും വാര്‍ത്ത റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നുണ്ട്.

ക്യാച്ച് ന്യൂസിന്‍റെ റിപ്പോര്‍ട്ട് വായിക്കാം-

നിഗമനം

ഏറെ നാളുകളായി കാശ്‌മീര്‍ സമരക്കാരെ ഇന്ത്യന്‍ സേന മര്‍‍ദ്ദിക്കുന്ന എന്ന പേരിലും പ്രചരിച്ച അതേ വ്യാജ പ്രചരണം തന്നെയാണ് ഇപ്പോള്‍ വീണ്ടും ജാമിയ മില്ലിയ സര്‍വകലാശാലയുടെ പേരിലും പ്രചരിക്കുന്നതെന്ന് വ്യക്തം. എന്നാല്‍ ഈ രണ്ട് പ്രചരണങ്ങളും അടിസ്ഥാന രഹിതമാണെന്ന് വ്യക്തമായി കഴിഞ്ഞു. ചിത്രം 2011ല്‍ സമാജ് വാദി പാര്‍ട്ടിയുടെ സമരത്തിനിടയില്‍ ലഖ്‌നൗവില്‍ നടന്ന സംഘര്‍ഷത്തിന്‍റേതാണ്. അതുകൊണ്ട് തന്നെ പോസ്റ്റിലെ വിവരങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

Avatar

Title:ഈ ചിത്രം ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥിയെ പോലീസ് തല്ലിച്ചതക്കുന്നതിന്‍റേതാണോ?

Fact Check By: Dewin Carlos 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •