ചിത്രത്തിലെ പുരോഹിതന് വിഴിഞ്ഞം സമരവുമായി യാതൊരു ബന്ധവുമില്ല… വസ്തുത അറിയൂ…

രാഷ്ട്രീയം | Politics സാമൂഹികം

വിഴിഞ്ഞം സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സെപ്റ്റംബര്‍ അഞ്ചാം തീയതി വിവിധ സഭാ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ ഉപവാസസമരം സംഘടിപ്പിച്ചിരുന്നു.  ഇതിനുപിന്നാലെ സാമൂഹ്യ മാധ്യമങ്ങളിൽ ഒരു ചിത്രം പ്രചരിച്ചു തുടങ്ങിയിട്ടുണ്ട്.

ക്രിസ്തീയ പുരോഹിതൻ വിഭവ സമൃദ്ധമായ തീന്‍മേശയുടെ സമീപത്ത് ആഹാരം കഴിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്.  വിഴിഞ്ഞത്ത് ഉപവാസ സമരം നടത്തുന്ന പുരോഹിതൻ ആണെന്ന്  വാദിച്ച് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് ഇങ്ങനെ: “വിഴിഞ്ഞത്തെ ഉപവാസ സമരം ….

.സുപ്രഭാതം”

archived linkFB post

എന്നാൽ ഞങ്ങളുടെ അന്വേഷണത്തിൽ ഇത് പഴയ ചിത്രമാണെന്നും ദുഷ്പ്രചരണം നടത്താൻ ഇപ്പോൾ ഉപയോഗിക്കുകയാണ് എന്നും കണ്ടെത്തി 

വസ്തുത  ഇതാണ്

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ 2018 മുതൽ  ഇതേ ചിത്രം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. 

ചിത്രത്തിലുള്ള പുരോഹിതനെ പറ്റി കൂടുതൽ അന്വേഷിച്ചപ്പോൾ ഇത് സിറോമലബാർ സഭയുടെ ആർച്ച് ബിഷപ്പായ മാർ കുര്യാക്കോസ് ഭരണികുളങ്ങര  ആണ് എന്ന് മനസ്സിലാക്കാന്‍ സാധിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ ആദ്യം സിറോ മലബാര്‍ സഭയുടെ കൊച്ചി കാക്കനാടുള്ള ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും മീഡിയ വിഭാഗത്തില്‍ ജീവനക്കാരിയായ  ജോസ്ന അറിയിച്ചത് ഇങ്ങനെയാണ്: “ചിത്രത്തില്‍ കാണുന്നത് സിറോ മലബാര്‍ സഭയുടെ ബിഷപ്പാണ്. ഈ ചിത്രം നാലു വര്‍ഷമായി പ്രചരിക്കുന്നുണ്ട്. ഇതിന്‍റെ സത്യാവസ്ഥ ഇപ്പൊഴും ഞങ്ങള്‍ക്ക് അറിയില്ല. മോര്‍ഫ് ചെയ്ത ചിത്രമാണിതെന്ന് അനുമാനിക്കുന്നു. ഈ തിരുമേനി ഇപ്പോള്‍ ഡല്‍ഹിയിലാണുള്ളത്. അദ്ദേഹം വിഴിഞ്ഞം സമരത്തിന് പോയിരുന്നില്ല. സമരവുമായി അദ്ദേഹത്തിന് യാതൊരു ബന്ധവുമില്ല.” 

തുടര്‍ന്ന് ഞങ്ങള്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ  ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ നിന്നും ലഭിച്ച വിശദീകരണം ഇങ്ങനെ: “വിഴിഞ്ഞം സമരത്തിന് നേതൃത്വം നല്‍കുന്നത് ലത്തീന്‍ അതിരൂപതയാണ്. പ്രധാനമായും അതിരൂപതാ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോയുടെ നേതൃത്വത്തിലാണ്. ഞങ്ങളുടെ ക്ഷണ പ്രകാരം മറ്റ് സഭകളും പിന്തുണ അറിയിച്ചിരുന്നു. ഉപവാസ സമരത്തില്‍ പങ്കെടുത്തശേഷം പുരോഹിതന്മാര്‍ വിഭവ സമൃദ്ധമായ ഭക്ഷണം കഴിക്കുന്നു എന്നൊക്കെ വെറുതെ വ്യാജ പ്രചരണം നടത്തുന്നതാണ്.”

വർഷങ്ങളായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന, സിറോമലബാർ സഭയുടെ ബിഷപ്പിന്‍റെ ചിത്രമാണ് പോസ്റ്റിൽ നൽകിയിട്ടുള്ളത്. 

നിഗമനം

 പോസ്റ്റിലെ പ്രചാരണം പൂർണമായും തെറ്റാണ്. സീറോമലബാർ സഭയുടെ തിരുമേനിയുടെ വർഷങ്ങൾ പഴയ ചിത്രം വിഴിഞ്ഞം ഉപവാസവുമായി ബന്ധപ്പെടുത്തി തെറ്റായ വിവരണത്തോടെ പ്രചരിപ്പിക്കുകയാണ്. ഈ ചിത്രത്തിന് വിഴിഞ്ഞം ഉപവാസവുമായി യാതൊരു ബന്ധവുമില്ല. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ചിത്രത്തിലെ പുരോഹിതന് വിഴിഞ്ഞം സമരവുമായി യാതൊരു ബന്ധവുമില്ല… വസ്തുത അറിയൂ…

Fact Check By: Vasuki S 

Result: False