ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

അന്തര്‍ദേശീയം

രണ്ട് ദിവസമായി പെയ്ത കനത്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണെന്ന് മാധ്യമ വാർത്തകൾ വരുന്നുണ്ട്. പ്രളയം ബാധിച്ച മധ്യകിഴക്കന്‍ മേഖലയില്‍ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചതായി റിപ്പോര്‍ട്ടുകൾ അറിയിക്കുന്നു. അറുപത്തിലധികം വീടുകള്‍ പൂര്‍ണമായും പതിനായിരത്തോളം വീടുകള്‍ ഭാഗീകമായും തകര്‍ന്നതായാണ് റിപ്പോർട്ടുകൾ. ക്യൂബയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങൾ പലരും സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു തുടങ്ങിയിട്ടുണ്ട്. 

പ്രചരണം 

ക്യൂബയിലെ വെള്ളപ്പൊക്കത്തിന്‍റെ സ്ഥിതി വിവരിച്ചു കൊണ്ട് അവിടുത്തെത് എന്നവകാശപ്പെടുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പോസ്റ്റുകള്‍ പ്രചരിപ്പിക്കുന്നത്. പല മാധ്യമങ്ങളും വെള്ളപ്പൊക്കത്തിന് ചിത്രങ്ങൾ ഉൾപ്പെടുത്തി റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്.  

എന്നാൽ പഴയതും നിലവിലെ പ്രളയവുമായി ബന്ധമില്ലാത്തതുമായ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ടെന്ന് ഞങ്ങൾ അന്വേഷണത്തിൽ കണ്ടെത്തി. താഴെ കൊടുത്തിരിക്കുന്ന പോസ്റ്റിലെ ചിത്രങ്ങൾ ശ്രദ്ധിക്കുക. 

FB postarchived link

പോസ്റ്റിലെ വിവരണം ഇങ്ങനെ: “ക്യൂബയിൽ വൻ പ്രളയം: ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു

കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടർന്ന് ക്യൂബയിൽ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ വെള്ളപ്പൊക്കം ഉണ്ടായത്. മദ്ധ്യകിഴക്കൻ മേഖലയിൽ നിന്ന് ഏഴായിരത്തോളം പേരെ ഇതിനോടകം ഒഴിപ്പിച്ചു. സൈനിക ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം സ്ഥലത്ത് തുടരുകയാണ്. വെള്ളപ്പൊക്കത്തിൽ ക്യൂബയിലെ ചില പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും തകർന്നു. ബയാമോ നദി കരകവിഞ്ഞൊഴുകിയതും പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു.

ഗ്രാൻമ പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഈ പ്രദേശത്തെ 1000-ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും 279 എണ്ണം ഭാഗികമായോ പൂർണമായോ തകർന്നതായും പ്രവിശ്യ ഗവർണർ പറഞ്ഞു. ജനുവരി 8ന് തുടങ്ങിയ മഴയെ തുടർന്ന് ഇതുവരെ 7,259 പേരെ മാറ്റിപ്പാർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

ഇതോടെ ക്യൂബ നേരിടുന്നത് വലിയ പ്രകൃതി ദുരന്തമാണ്. റിപ്പോർട്ട് അനുസരിച്ച് രക്ഷാപ്രവർത്തകർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്തേയ്‌ക്ക് മാറ്റുകയാണ്. വീടുകളിൽ നിന്നും സ്ത്രീകളെയും കുട്ടികളെയും ബന്ധുക്കളുടെ വീടുകളിലേയ്‌ക്കും അഭയാർത്ഥി ക്യാമ്പുകളിലേയ്‌ക്കും മാറ്റുകയാണ്.”

ന്യൂസ് 18 മലയാളം  ക്യൂബയിലെ പ്രളയത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഇതേ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 

ഈ ചിത്രങ്ങള്‍  നിലവിൽ ക്യൂബ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് 

വസ്തുത ഇങ്ങനെ

മൂന്ന് ചിത്രങ്ങളാണ് ക്യൂബ നിലവിൽ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്റേത് എന്ന അവകാശപ്പെട്ട് പോസ്റ്റിൽ നൽകിയിട്ടുള്ളത്. 

ആദ്യ ചിത്രം 

ഞങ്ങൾ ഒന്നാമത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഇത് 2008 ഹെയ്തിയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണെന്ന് വ്യക്തമാക്കുന്ന ചില റിപ്പോർട്ടുകൾ ലഭിച്ചു. 

“2008 സെപ്തംബർ 8 ന് ഹെയ്തിയിലെ പോർട്ട് ഡി പൈക്സിൽ ഒരു മാസത്തിനിടെ നാല് കൊടുങ്കാറ്റുകൾക്ക് ശേഷം തകർന്ന വീടുകളുടെ ആകാശ കാഴ്ച. (Planetpix വഴി എമിറ്റ് ഹോക്‌സിന്‍റെ ഫോട്ടോ.”— എന്ന വിവരണത്തോടെ വാണിജ്യ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വിതരണം ചെയ്യുന്ന അലാമി എന്ന ചിത്ര ശേഖര വെബ്സൈറ്റിൽ ഇതേ ചിത്രം കൊടുത്തിട്ടുണ്ട്. 2008 സെപ്റ്റംബർ 8 ആണ് ചിത്രം പകർത്തിയ തീയതിയായി നൽകിയിട്ടുള്ളത്. 

റിപ്പബ്ലിക് ഓഫ് ഹെയ്തി (ഔദ്യോഗിക നാമം) കരീബിയൻ കടലിലെ കരീബിയൻ കടലിലെ ഗ്രേറ്റർ ആന്‍റിലീസ് ദ്വീപസമൂഹത്തിലെ ഹിസ്പാനിയോള ദ്വീപിൽ, ക്യൂബയുടെയും ജമൈക്കയുടെയും കിഴക്ക്, ബഹാമസ്, ടർക്സ്, കൈക്കോസ് ദ്വീപുകൾ എന്നിവയുടെ തെക്ക് സ്ഥിതി ചെയ്യുന്ന രാജ്യമാണ്. 

ക്യൂബയുടെ കിഴക്കാണ് ഹെയ്തിയുടെ സ്ഥാനം. അവിടെ 2008 ലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ചിത്രമാണിത്. 

രണ്ടാമത്തെ ചിത്രം 

വെള്ളപ്പൊക്കത്തിൽ കാറുകൾ മുങ്ങിക്കിടക്കുന്ന രണ്ടാമത്തെ ചിത്രത്തിൻറെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ ഈ ചിത്രം ക്യൂബയിലെ ഹവാനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ് എന്ന് വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു. എന്നാൽ ഇത് 2015ലെ വെള്ളപ്പൊക്കത്തിന്‍റെതാണ് ഇപ്പോഴത്തെതല്ല. 

നിലവിൽ ക്യൂബയിൽ ഉണ്ടായ വെള്ളപ്പൊക്കവുമായി ഈ ചിത്രത്തിന് യാതൊരു ബന്ധവുമില്ല. 

2015 മെയ് ഒന്നിന് ഇതേ ചിത്രം ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ച വാര്‍ത്താ റിപ്പോര്‍ട്ട് പ്രകാരം 2015 ഏപ്രിൽ 30-ന് ക്യൂബയിലെ ഹവാനയിൽ 188 മില്ലിമീറ്ററിലധികം (7.4 ഇഞ്ച്) മഴ പെയ്യിച്ച ഒരു കൊടുങ്കാറ്റില്‍ രണ്ടു പേർ മരിക്കുകയും നിരവധി കെട്ടിടങ്ങൾ തകരുകയും ചെയ്തു. ചുഴലിക്കാറ്റിൽ വെള്ളവും വൈദ്യുതിയും തടസ്സപ്പെട്ടു. കുറഞ്ഞത് മൂന്ന് കെട്ടിടങ്ങളെങ്കിലും തകരുകയും 20 ലധികം കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. 2013 നവംബർ അവസാനം ഹവാനയിൽ വെള്ളപ്പൊക്കത്തിൽ കെട്ടിടം തകർന്ന് 2 പേർ മരിച്ചിരുന്നു.

പിന്നീട് ക്യൂബയിലെ മാധ്യമങ്ങള്‍  പല വര്‍ഷങ്ങളിലും പ്രളയത്തെ കുറിച്ചുള്ള വാര്‍ത്തകളില്‍ ഇതേ ചിത്രം പ്രതീകാത്മക ചിത്രമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണ ഫലങ്ങള്‍ അനുസരിച്ച് രണ്ടാമത്തെ  ചിത്രം ക്യൂബയില്‍ നിന്നുള്ളതാണെങ്കിലും 2015 ലുണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ്. നിലവിലേതല്ല. 

മൂന്നാമത്തെ ചിത്രം 

മൂന്നാമത്തെ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോൾ 2017ൽ ക്യൂബയിലെ ഹവാനയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെതാണ് എന്നു വ്യക്തമാക്കുന്ന സൂചനകൾ ലഭിച്ചു.  അസ്സോസിയേറ്റഡ് പ്രസ്സിനെ ഉദ്ധരിച്ച് tampabay എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയിൽ ചിത്രം നൽകിയിട്ടുണ്ട്. കൂടാതെ ലോസ് ആഞ്ചലസ് ഡെയിലി ന്യൂസ് എന്ന മാധ്യമം ഇതേ ചിത്രം ഫോട്ടോഗ്രാഫര്‍ക്കും അസ്സോസിയേറ്റഡ് പ്രസ്സിനും ക്രെഡിറ്റ് നല്‍കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2017 സെപ്റ്റംബര്‍ 11 ആണ് പ്രസിദ്ധീകരണ തീയതി. 

ഒപ്പമുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഇർമ കൊടുങ്കാറ്റ് അകന്നുമാറിയിട്ടും പ്രളയത്തില്‍ നിന്നുള്ള തിരമാലകൾ ഹവാന തീരത്തെ പ്രഹരിക്കുന്നു 

2017 സെപ്‌റ്റംബർ 10 ഞായറാഴ്ച, ക്യൂബയിൽ ഇർമ ചുഴലിക്കാറ്റ് കടന്നുപോയതിന് ശേഷം, ഹവാനയിലെ വെള്ളപ്പൊക്കബാധിത പ്രദേശത്ത്  ഒരു തെരുവിൽ നിവാസികൾ നീന്തി നടക്കുന്നു. കരീബിയൻ തീരത്തുടനീളം നാശത്തിന്‍റെ പാത വെട്ടിത്തുറന്നു. ദുരന്തനിവാരണ മുന്നൊരുക്കത്തിൽ അഭിമാനിക്കുന്ന രാജ്യമായ ക്യൂബയിൽ മരണങ്ങള്‍ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അധികാരികൾ വൈദ്യുതി പുനഃസ്ഥാപിക്കാനും റോഡുകൾ വൃത്തിയാക്കാനും ശ്രമിക്കുന്നുണ്ട്. (എപി ഫോട്ടോ/റാമോൺ എസ്പിനോസ)” ഹവാന ക്യൂബയുടെ തലസ്ഥാന നഗരമാണ്. അവിടെ ഉണ്ടായ വെള്ളപ്പൊക്കത്തിന്‍റെ ചിത്രമാണിത്. എന്നാല്‍ 2017 ലാന് എന്നതാണു വസ്തുത. നിലവിലെ വെള്ളപ്പൊക്കവുമായി ഈ ചിത്രത്തിനും യാതൊരു ബന്ധവുമില്ല. 

നിഗമനം 

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണ്. ചിത്രങ്ങള്‍ ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന വെള്ളപ്പൊക്കത്തിന്‍റെതല്ല. ആദ്യ ചിത്രം ഹെയ്തി എന്ന രാജ്യത്ത് 2008 ലുണ്ടായ പ്രളയത്തില്‍ നിന്നുള്ളത്തും രണ്ടും മൂന്നും ചിത്രങ്ങള്‍ ക്യൂബയില്‍ യഥാക്രമം 2015, 2017 വര്‍ഷങ്ങളില്‍ ഉണ്ടായ പ്രളയത്തില്‍ നിന്നുള്ളതുമാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ഈ ചിത്രങ്ങള്‍ക്ക് ക്യൂബ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രളയവുമായി യാതൊരു ബന്ധവുമില്ല

Written By: Vasuki S 

Result: MISLEADING