FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…

ദേശിയം

ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ സാമുഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പല വ്യാജ ചിത്രങ്ങളും വീഡിയോകളും ഞങ്ങള്‍ കഴിഞ്ഞ ആഴ്ച്ച അന്വേഷിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപെടുത്തി പ്രചരിക്കുന്ന വ്യാജ പോസ്റ്റുകളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയ ലിങ്ക് ഉപയോഗിച്ച് വായിക്കാം.

ഇതേ പരമ്പരയില്‍ ഞങ്ങള്‍ക്ക് ഫെസ്ബൂക്കില്‍ ഡല്‍ഹി കലാപത്തിന്‍റെ പേരില്‍ പ്രചരിക്കുന്ന, ഡല്‍ഹിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പോസ്റ്റ്‌ ലഭിച്ചു. ഈ പോസ്റ്റില്‍ ആയുധങ്ങളുടെ രണ്ട് ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപക്കാരുടെ അടുത്തുനിന്നും പോലീസ് കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തിലാണ് പോസ്റ്റ്‌ പ്രചരിപ്പിക്കുന്നത്. എന്നാല്‍ രണ്ടു ചിത്രങ്ങളും പഴയതാണ് ഡല്‍ഹിയും, ഡല്‍ഹിയില്‍ നടന്ന കലാപവുമായി ഇവയ്ക്കു യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ അന്വേഷിച്ചപ്പോള്‍ വ്യക്തമായി. എന്താണ് ഈ രണ്ട് ചിത്രങ്ങളുടെയും വസ്തുത എന്ന് നമുക്ക് നോക്കാം.

വിവരണം

FacebookArchived Link

പോസ്റ്റിന്‍റെ അടികുറിപ്പ് ഇപ്രകാരമാണ്: “ഡൽഹി പൊലീസ് പിടിച്ചെടുത്ത രാജൃ സ്നേഹികളായ മാനസിക രോഗികളുടെ കളിപ്പാട്ടങ്ങൾ 😡” 

വസ്തുത അന്വേഷണം

ചിത്രങ്ങളെ കുറിച്ച് അറിയാന്‍ ഞങ്ങള്‍ രണ്ട് ചിത്രങ്ങളെ ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി പരിശോധിച്ചു. രണ്ടു ചിത്രങ്ങളുടെ പരിശോധന ഫലങ്ങള്‍ നിന്ന് കണ്ടെത്തിയ വസ്തുതകള്‍ നമുക്ക് നോക്കാം.

ആദ്യത്തെ ചിത്രം 

റിവേഴ്സ് ഇമേജ് അന്വേഷണ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് ഗുജറാത്ത്‌ ഹെഡ്ലൈന്‍ ന്യൂസ്‌ എന്ന ഗുജറാത്തി മാധ്യമത്തിന്‍റെ ട്വീറ്റ് ലഭിച്ചു. ട്വീട്ടില്‍ 2016ല്‍ ഗുജറാത്തിലെ രാജ്കോട്ടില്‍ ഒരു മുസ്ലിം പള്ളിയില്‍ നിന്ന് കണ്ടെത്തിയ ആയുധങ്ങളുടെ ചിത്രം നല്‍കിട്ടുണ്ട്. 

താഴെ നല്‍കിയ രണ്ട് ചിത്രങ്ങളുടെ താരതമ്യത്തില്‍ നമുക്ക് പോസ്റ്റില്‍ ഡല്‍ഹി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്ന ചിത്രവും ഗുജറാത്ത്‌ ഹെഡ്ലൈന്‍ ന്യൂസ്‌ ട്വിട്ടരില്‍ പ്രസിദ്ധികരിച്ച ചിത്രത്തിലുള്ള സാമ്യതകള്‍ നമുക്ക് വ്യക്തമായി കാണാം. ഈ രണ്ട് ചിത്രങ്ങള്‍ ഒരേ സംഭവത്തിന്‍റെതാണ്.

രണ്ടാമത്തെ ചിത്രം

2018ലും ഇതേ ചിത്രം തെറ്റായ വിവരണതോടെ പ്രചരിച്ചിരുന്നു. കേരളത്തില്‍ പി.എഫ്.ഐ. പ്രവര്‍ത്തകരുടെ അടുത്തുനിന്നും കണ്ടെത്തിയ ആയുധങ്ങള്‍ എന്ന തരത്തിലുള്ള പ്രചരണമാണ് ഈ ചിത്രം ഉപയോഗിച്ച് നടത്തിയിരുന്നത്. ഇന്ത്യ ടുഡേ ഫാക്റ്റ് ചെക്ക് ചെയ്തു ഈ പോസ്റ്റിന്‍റെ വസ്തുത വെളിപ്പെടുത്തിയിരുന്നു.

ഇന്ത്യ ടുഡേ ഫാക്റ്റ് ചെക്ക്‌ പ്രകാരം ഈ ചിത്രം പഞ്ചാബിലെ   ആയുധങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഫാക്ടറിയുടെതാണ്. എന്തായാലും ഈ ചിത്രം പഴയതാണ്.   ഡല്‍ഹി കലാപവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

നിഗമനം

ഈ ചിത്രങ്ങള്‍ പഴയതാണ് അതുപോലെ ഡല്‍ഹിയുമായി ചിത്രങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല. ഇത്തരത്തില്‍ സംശയം തോന്നുന്ന പോസ്റ്റുകള്‍ സാമുഹ്യ മാധ്യമങ്ങളില്‍ കണ്ടെത്തിയാല്‍ ഞങ്ങള്‍ക്ക് വാട്ട്സാപ്പില്‍ അയക്കുക. ഞങ്ങളുടെ വാട്ട്സ്സാപ്പ് നമ്പര്‍: 9049046809

Avatar

Title:FACT CHECK: ആയുധങ്ങളുടെ പഴയ ചിത്രങ്ങള്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നു…

Fact Check By: Mukundan K 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •