FACT CHECK – പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

അന്തര്‍ദേശിയ൦ | International

വിവരണം

മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ വരച്ച സ്വീഡിഷ് ചിത്രകാരന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത ലോകം മുഴുവനുള്ള മാധ്യമമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2007ല്‍ പ്രവാചകനെ നായയുടെ രൂപത്തില്‍ വരച്ച ലാര്‍സ് വില്‍ക്‌സ് എന്ന ചിത്രകാരനെതിരെ ലോകത്തെ മുസ്‌ലിം വിശ്വാസികള്‍ വലിയ പ്രതിഷേധങ്ങളും ഭീഷണികളുമാണ് ഉയര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ ലാര്‍സിന്‍റെ മരണ ശേഷവും പ്രവാചക നിന്ദ നടത്തിയ ചിത്രകാരന്‍റെ മരണം എന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് ആഘോഷിക്കപ്പെടുന്നുണ്ട്.

മുഹമ്മദ് നബി(സ)യെ ലോകത്തിന് മുമ്പിൽ അപമാനിച്ചവന്‍റെ മരണ വേദന രോധനം ലോകം കേൾക്കേണ്ടി വന്നു.. എന്ന തലക്കെട്ട് നല്‍കി ലാര്‍സിന്‍റെ അപകട മരണത്തിന്‍റെ വീഡിയോ എന്ന തരത്തില്‍ ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സാലിം അഹ്‌സനി എന്ന വ്യക്തിയുടെ പ്രൊഫൈലില്‍ നിന്നും പങ്കുവെച്ചിരിക്കുന്ന വീഡിയോയ്ക്ക് ഇതുവരെ 496ല്‍ അധികം റിയാക്ഷനുകളും 1,700ല്‍ അധികം ഷെയറുകളും ലഭിച്ചിട്ടുണ്ട്-

Facebook PostArchived Link

എന്നാല്‍ സ്വീഡിഷ് ചിത്രകാരനായ ലാര്‍സ് വില്‍ക്‌സ് വാഹനപാകടത്തില്‍ കൊല്ലപ്പെട്ടതിന്‍റെ വീഡിയോ ദൃശ്യങ്ങളാണോ പ്രചരിക്കുന്നത്? എന്താണ് വസ്തുത എന്ന് പരിശോധിക്കാം..

വസ്തുത വിശകലനം

പ്രചരിക്കുന്ന വീഡിയോയുടെ കീഫ്രെയിമുകള്‍ ഇന്‍വിഡ് വീ വേരിഫൈ ഉപയോഗിച്ച് റിവേഴ്‌സ് സെര്‍ച്ച് ചെയ്തതില്‍ നിന്നും യഥാര്‍ത്ഥ വീഡിയോ ഞങ്ങള്‍ക്ക് യൂട്യൂബില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചു. ബെസ്റ്റ് വീഡിയോ എന്ന പേരിലുള്ള യൂട്യൂബ് ചാനലില്‍ നിന്നും 2014 സെപ്റ്റംബര്‍ 23നാണ് ഈ വീഡിയോ ചാനലില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഡിസ്‌ക്രിപ്ഷനില്‍ റഷ്യന്‍ ഭാഷിയില്‍ ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നതും കാണാം. 10 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഒരു കൂറ്റന്‍ ട്രക്ക് ഒരു കാറിന് പിന്നില്‍ ഇടിച്ച് ഉണ്ടായ അപകടത്തില്‍ അതിദാരുണമായി ഒരാള്‍ കാറില്‍ വെന്ത് മരിക്കുന്നതാണ് ഉള്ളടക്കം. ചൂറ്റിനും ഓടിക്കൂടിയവര്‍ ഫയര്‍ എക്‌സിറ്റിംഗുഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുന്നതും കാണാം.

ഇതാണ് യൂട്യൂബിലെ യഥാര്‍ത്ഥ വീഡിയോ-

പിന്നീട് സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത റിപ്പോര്‍ട്ടുകള്‍ ലഭിക്കാനായി ഗൂഗിളില്‍ തിരഞ്ഞതില്‍ നിന്നും റഷ്യയിലെ ഉദ്മുര്‍ത്ത് റിപബ്ലിക്കിലെ ഈഷേവ്സ്‌ക് മേഖലയില്‍ 2014ല്‍ നടന്ന ഈ വാഹനാപകടത്തെ കുറിച്ചുള്ള വാര്‍ത്ത കണ്ടെത്താനും കഴിഞ്ഞു. റെന്‍ ടിവി എന്ന വാര്‍ത്ത വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വാര്‍ത്തയിലെ അപകടത്തില്‍പ്പെട്ട യാത്രക്കാരന്‍ വെന്ത് മരിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

റെന്‍ ടിവി വാര്‍ത്ത (സ്ക്രീന്‍ഷോട്ട്) –

Ren TV NewsArchived Link

ലാര്‍സ് വില്‍ക്‌സ് എന്ന വിവാദ ചിത്രകാരന്‍റെ മരണവും ഈ പ്രചരണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. ലാര്‍സിന്‍റെ വിവാദ ചിത്രത്തെ തുടര്‍ന്ന് 2007ന് ശേഷം അദ്ദേഹത്തിന് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് വാഹനം എതിര്‍ദിശയില്‍ വന്ന ട്രക്കുമായി കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. ഇതില്‍ ഒപ്പമുണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരും മരണപ്പെട്ടു.

നിഗമനം

ഏഴ് വര്‍ഷ് മുന്‍പ് അതായത് 2014ല്‍ റഷ്യയില്‍ നടന്ന മറ്റൊരു വാഹനാപകടത്തിന്‍റെ വീഡിയോയാണ് പ്രവാചക നിന്ദയിലൂടെ വിവാദ നായകനായി മാറിയ സ്വീഡിഷ് ചിത്രകാരന്‍റെ അപകട മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നതെന്ന് വ്യക്തമായി കഴിഞ്ഞു. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്ന് തന്നെ അനുമാനിക്കാം.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പ്രവാചക നിന്ദ നടത്തിയ സ്വീഡിഷ് ചിത്രകാരന്‍ അപകടത്തില്‍പ്പെട്ട് വെന്ത് മരിക്കുന്ന വീഡിയോയാണോ ഇത്? പ്രചരണത്തിന് പിന്നിലെ വസ്‌തുത അറിയാം..

Fact Check By: Dewin Carlos 

Result: False