ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

അന്തര്‍ദേശീയം ആരോഗ്യം

ഇന്ത്യയിലും മറ്റ് ചില രാജ്യങ്ങളിലും പുതിയ കോവിഡ് നിയന്ത്രണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ ലോകാരോഗ്യ സംഘടനയുടെ പേരില്‍ ഒരു വീഡിയോ വൈറലാകുന്നുണ്ട്. 

പ്രചരണം 

കോവിഡ് -19 വീണ്ടും ആശങ്ക പരത്തുന്ന പശ്ചാത്തലത്തില്‍  ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡ് വ്യാപനത്തെ കുറിച്ച് അഭിപ്രായം പങ്കുവയ്ക്കുന്ന ദൃശ്യങ്ങളാണിത് എന്നാണ് വീഡിയോ അവകാശപ്പെടുന്നത്. “ഒരു നല്ല വാർത്തയുണ്ടെന്ന് പറയാൻ ഞങ്ങൾ ഇവിടെയുണ്ട്. ഡിസംബർ മുതൽ ഏപ്രിൽ വരെ രോഗലക്ഷണങ്ങൾ കാണിക്കുന്ന ഒരു സീസണൽ വൈറസാണ് കൊറോണ വൈറസ്. രോഗലക്ഷണങ്ങൾ ഉള്ളവർക്ക് ഇൻഹേൽഡ് സ്റ്റിറോയിഡുകൾ, ഹൈഡ്രോക്സിക്ലോറോക്വിൻ, സിങ്ക് തുടങ്ങിയ ചികിത്സകളുണ്ട്. അതിനാൽ ഭയപ്പെടേണ്ട ആവശ്യമില്ല. ലോക്ക്ഡൗൺ ആവശ്യമില്ല, മാസ്കിന്‍റെയോ സാമൂഹിക അകലം പാലിക്കുന്നതിനോ ആളുകളെ ക്വാറന്‍റൈന്‍ ചെയ്യുന്നതിനോ ആവശ്യമില്ല, കഴിഞ്ഞ വർഷത്തെ ഇൻഫ്ലുവൻസയ്ക്ക് തുല്യം മാത്രം ബാധിക്കുന്ന ഈ രോഗത്തിന്‍റെ പേരില്‍ ആളുകളെ അവരുടെ വീടുകളിൽ പൂട്ടിയിട്ടിരിക്കുകയാണ്. അതിന് ഫലപ്രദമായ ചികിത്സയുണ്ട്, അതിനാൽ ഞങ്ങൾ ഇത് അറിയിക്കാൻ ആഗ്രഹിക്കുന്നു ഭയപ്പെടേണ്ട ആവശ്യമില്ലെന്ന സന്ദേശം ജനങ്ങൾക്ക് നൽകണം. “ ഇങ്ങനെയാണ് വീഡിയോയില്‍ ഡോക്ടര്‍ അറിയിക്കുന്നത്.

ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ പുതിയ കോവിഡ് വകഭേദത്തെ കുറിച്ച് പറയുന്നതാണ് എന്നു സൂചിപ്പിച്ച് വീഡിയോയുടെ ഒപ്പമുള്ള വിവരണം ഇങ്ങനെ: 

*ബ്രേക്കിംഗ് ന്യൂസ്:* WHO അതിന്റെ തെറ്റ് അംഗീകരിച്ച് പൂർണ്ണമായ യു-ടേൺ എടുത്ത് കൊറോണ ഒരു സീസണൽ വൈറസാണ്, ഇത് ചുമ, ജലദോഷം, കാലാവസ്ഥാ വ്യതിയാനത്തിനിടയിലെ തൊണ്ടവേദന, അതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. കൊറോണ രോഗിയെ ഒറ്റപ്പെടുത്തുകയോ പൊതുജനങ്ങൾക്ക് സാമൂഹിക അകലം പാലിക്കുകയോ ചെയ്യേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ പറയുന്നത്. ഒരു രോഗിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല. ലോകാരോഗ്യ സംഘടനയുടെ പത്രസമ്മേളനം കാണുക….. പരിഭ്രാന്തി പരത്തുന്ന സാഹചര്യം ഒഴിവാക്കാൻ ദയവായി പൊതുജനങ്ങൾക്കിടയിൽ ഇത് പങ്കിടുക.

Facebook | archived link

FB postarchived link

വാട്ട്സ് ആപ്പിലും വീഡിയോ ഇംഗ്ലിഷ് വിവരണത്തോടെ പ്രചരിക്കുന്നുണ്ട്. 

എന്നാല്‍ 2020 ലെ പഴയ വീഡിയോ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന രീതിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്നു അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി. 

വസ്തുത ഇതാണ് 

2020 ഒക്ടോബർ 10-ന് ബെർലിനിൽ നടന്ന ACU 2020 കോൺഫറൻസിൽ നടന്ന ഒരു പാനൽ ചർച്ചയില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍. ലോകാരോഗ്യ സംഘടനയുമായി  ഈ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല.  പാനലിലെ വിവിധ അംഗങ്ങൾ കോവിഡ്-19 നെ കുറിച്ച് സംസാരിക്കുന്ന 18 മിനിറ്റ് ദൈർഘ്യമുള്ളതാണ് യഥാർത്ഥ വീഡിയോ. ഡബ്ലിൻ യൂണിവേഴ്‌സിറ്റി കോളേജിലെ മുൻ ഇമ്മ്യൂണോളജി പ്രൊഫസർ ഡോ. ഡോലോറസ് കാഹിലിന്‍റെ പ്രഭാഷണമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. 

RT-PCR ടെസ്റ്റുകളിൽ തെറ്റായ ഫലങ്ങൾ പ്രത്യക്ഷപ്പെടുന്നുവെന്നും 5G സാങ്കേതികവിദ്യയാണ് ഈ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് ഉത്തരവാദികളെന്നും ഉൾപ്പെടെ, ഈ പാനൽ നടത്തിയ മറ്റ് പ്രസ്താവനകൾ മുഴുവന്‍ അടിസ്ഥാന രഹിതമാണ്. മാസ്ക് ധരിക്കണമെന്നും സാമൂഹ്യ അകലം പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസ് ചെയ്ത് ശുചിയായി സൂക്ഷിക്കണമെന്നുമുള്ള ആരോഗ്യ വിദഗ്ദ്ധരുടെ നിര്‍ദ്ദേശങ്ങള്‍  ലോകാരോഗ്യ സംഘടന അടക്കം ലോകം മുഴുവനുമുള്ള രാജ്യങ്ങള്‍ അംഗീകരിച്ചതാണ്. അതിനു വിപരീതമായാണ് വീഡിയോയിലെ ഡോക്ടര്‍മാര്‍ സംസാരിക്കുന്നത്. 

ഗൂഗിളില്‍ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍ ലഭിച്ച ലേഖനത്തിന്‍റെ തലക്കെട്ടിൽ പ്രഭാഷണം നടത്തുന്ന സ്ത്രീ ഡോ ഡോലോറസ് കാഹിൽ ആണെന്ന് പരാമർശമുണ്ട്. ഡോ. കാഹിലിനായി ഞങ്ങൾ ഗൂഗിൾ സെർച്ച് നടത്തിയപ്പോള്‍  പകർച്ചവ്യാധിയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് നിരവധി സംഘടനകളും സ്വന്തം വിദ്യാർത്ഥികളും  കാഹിലിനെ വിമര്‍ശിച്ചതായി ചില ലേഖനങ്ങള്‍ ലഭിച്ചു. 

വിവാദ പ്രസ്താവനകളെത്തുടർന്ന്, ഐറിഷ് ഫ്രീഡം പാർട്ടിയുടെ പ്രസിഡന്‍റ് എന്ന റോളിൽ നിന്ന് പിന്മാറാൻ പോലും കാഹിലിനോട് ആവശ്യപ്പെടുകയും പിന്നീട് യുസിഡിയിലെ ഇമ്മ്യൂണോളജി പ്രൊഫസർ സ്ഥാനം രാജിവെക്കുവാന്‍ നിര്‍ബന്ധിത ആകുകയും ചെയ്തു. വൈറല്‍ വീഡിയോയില്‍ ഡോ. കാഹിൽ ഉന്നയിച്ച പ്രധാന അവകാശവാദങ്ങളിൽ മാസ്കുകൾ, സാമൂഹിക അകലം, ഐസോലേഷന്‍  എന്നിവ ആവശ്യമില്ലെന്ന് അവകാശപ്പെടുന്നു.  സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രൊട്ടക്ഷന്‍റെ (സിഡിസി) വെബ്‌സൈറ്റിലെ ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ, വൈറസിനെതിരായ ശരിയായ പ്രതിരോധവും ചികിത്സയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ കൃത്യമായി ശുപാർശ ചെയ്തിട്ടുണ്ട്. ഡോ കാഹിൽ അധ്യക്ഷയായിരുന്ന വേൾഡ് ഡോക്‌ടേഴ്‌സ് അലയൻസ് എന്ന സംഘടനയെ പറ്റിയും  ഞങ്ങൾ പരിശോധിച്ചു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന ആരോപണവുമായി നിരവധി റിപ്പോർട്ടുകൾ ലഭ്യമാണ്. 

പഴയ വീഡിയോ ആണ് ലോകാരോഗ്യ സംഘടനയുടെ പേരില്‍ പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. പ്രചരിക്കുന്ന വീഡിയോ ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാരുടെതല്ല. 2020 ഒക്ടോബർ 10-ന് ബെർലിനിൽ നടന്ന ACU 2020 കോൺഫറൻസിൽ നടന്ന ഒരു പാനൽ ചർച്ചയില്‍ നിന്നുള്ളതാണ് വീഡിയോ ദൃശ്യങ്ങള്‍. ലോകാരോഗ്യ സംഘടനയുമായി വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദൃശ്യങ്ങളില്‍ കോവിഡിനെ കുറിച്ച് ഡോ.കഹില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്തുതാപരമായി തെറ്റാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ലോകാരോഗ്യ സംഘടനയിലെ ഡോക്ടര്‍മാര്‍ കോവിഡിനെ കുറിച്ച് നിലപാട് മാറ്റി പറയുന്നു..? ദൃശ്യങ്ങളുടെ സത്യമറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •