തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

അന്തര്‍ദേശീയം

തുർക്കിയിലും സിറിയയിലും ആയിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്ത തുടർച്ചയായ ഭൂകമ്പങ്ങള്‍ക്ക്  ശേഷം, രണ്ട് രാജ്യങ്ങളുടെയും അതിർത്തി മേഖലയിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. ഭൂചലനത്തിന്‍റെ ഫലമായി ഉണ്ടായതെന്ന് അവകാശപ്പെടുന്ന 300 കിലോമീറ്റർ നീളമുള്ള വിള്ളലിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. 

പ്രചരണം 

വീഡിയോയില്‍ അനേകം കിലോമീറ്റര്‍ ദൂരത്തില്‍ വിള്ളല്‍ ഉണ്ടായതായി കാണാം. പ്രസ്തുത ഭൂപ്രദേശത്ത് കെട്ടിടങ്ങളോ വൃക്ഷങ്ങളോ ഒന്നും തന്നെയില്ല. “തുർക്കി സിറിയ ഭൂകമ്പം ഭൂമിയുടെ പുറംതോടിൽ 300 കിലോമീറ്റർ നീണ്ട വിള്ളലുണ്ടാക്കി” (Turkey Syria Earthquake Caused 300 km Long Crack in Earth’s Crust ) എന്ന വിവരണത്തോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

FB postarchived link

ഈ വീഡിയോ തുര്‍ക്കി ഭൂകമ്പത്തിന് മുമ്പുള്ളതാണെന്ന് അന്വേഷണത്തില്‍ ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇതാണ് 

വീഡിയോയുടെ ചില കീഫ്രെയിമുകളിൽ ഞങ്ങൾ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തിയപ്പോള്‍  വൈറലായ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് യുട്യൂബില്‍ കണ്ടെത്തി. 2022 നവംബർ 4-നാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തത്. 

വീഡിയോയുടെ അടിക്കുറിപ്പ് പ്രകാരം ചൈനയുടെ തെക്കൻ ഷാൻസി പ്രവിശ്യയിലെ പിംഗ്‌ലു കൗണ്ടിയിലാണ്  വിള്ളൽ കാണുന്നത്. 

2022 നവംബർ 19-ന് പ്രസിദ്ധീകരിച്ച മറ്റൊരു വീഡിയോ യൂട്യൂബില്‍  നിന്നും ലഭിച്ചു. ഷാങ്‌സി പ്രവിശ്യയിലെ യുഞ്ചെങ്ങിലെ പിംഗ്‌ലു കൗണ്ടിയിൽ ഇരുവശത്തുമുള്ള വീടുകളെ വേർതിരിക്കുന്ന തരത്തില്‍ വലിയ വിള്ളൽ ഉണ്ടായെന്ന്  വീഡിയോയുടെ വിവരണം പറയുന്നു.

ഗൂഗിൾ എർത്തിലെ ദൃശ്യങ്ങളില്‍  പിംഗ്ലു കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന വിള്ളലുകൾ വ്യക്തമായി കാണാം. 

ചൈനയിലെ വൻ വിള്ളലിനെക്കുറിച്ച്  ചൈനീസ് വെബ്‌സൈറ്റ്  Zhihu പ്രസിദ്ധീകരിച്ച റിപ്പോർട്ടില്‍ സമാനമായ വീഡിയോ കാണാം. ഭൂമിയുടെ ഉപരിതലത്തിൽ 10 കിലോമീറ്റർ നീളമുള്ള വിള്ളലാണെന്ന് ലേഖനത്തില്‍ പ്രസ്താവിക്കുന്നു. ടിക്ടോക് പ്ലാറ്റ്ഫോമില്‍ ഇതേ വിള്ളലുകളുടെ വീഡിയോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുർക്കി ഭൂകമ്പങ്ങളുടെ ഫലമായി ഭൂമിയുടെ പുറംതോടിൽ അടുത്തിടെ പ്രത്യക്ഷപ്പെട്ട വലിയ ഗര്‍ത്തങ്ങളെക്കുറിച്ച് മറ്റ് അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിഗമനം 

ഭൂമിയിൽ വൻ വിള്ളൽ കാണിക്കുന്ന വീഡിയോ ഭൂകമ്പ ശേഷമുള്ള തുർക്കിയിൽ നിന്നോ സിറിയയിൽ നിന്നോ ഉള്ളതല്ല. ഇത് ചൈനയിലെ ഷാങ്‌സി പ്രവിശ്യയിൽ നിന്നുള്ള ഒരു പഴയ വീഡിയോ ആണ്, തുർക്കിയിലോ സിറിയയിലോ ഉണ്ടായ ഭൂകമ്പങ്ങളുമായി ഇതിന് ബന്ധമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:തുർക്കി ഭൂകമ്പം മൂലം ഭൂമിയിലുണ്ടായ വിള്ളല്‍ -പ്രചരിക്കുന്നത് ചൈനയിൽ നിന്നുള്ള പഴയ വീഡിയോ

Fact Check By: Vasuki S 

Result: False