ആദായനികുതി ദായകര്‍ മരിച്ചാല്‍ സര്‍ക്കാരില്‍ നിന്നും പത്തിരട്ടി ധനസഹായം- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

ദേശീയം

ഇൻകം ടാക്സ് അടുത്ത സാമ്പത്തിക വർഷത്തിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് നികുതി ദായകര്‍. ഇൻകം ടാക്സുമായി  ബന്ധപ്പെട്ട  ഒരു അറിയിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു.

പ്രചരണം 

നികുതിദായകർ മരിച്ചാൽ അവരുടെ വരുമാനത്തിന് പത്തിരട്ടി തുക അ അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്രസർക്കാരിന് ബാധ്യതയുണ്ടെന്ന അറിയിപ്പാണ് പ്രചരിക്കുന്നത്. സന്ദേശം ഇങ്ങനെ: “ആദായനികുതിദായകർ  

അത്യാവശ്യം

അറിഞ്ഞിരിക്കേണ്ടത്..

കഴിഞ്ഞ മൂന്നുവർഷങ്ങളായി ആദായനികുതി അടച്ചുകൊണ്ടിരിക്കുന്നവർക്ക് അപകടമരണം സംഭവിച്ചാൽ അവസാനത്തെ മൂന്നു വർഷത്തെ ശരാശരി വരുമാനത്തിന്റെ പത്തിരട്ടി തുക അനന്തരാവകാശികൾക്ക് നഷ്ടപരിഹാരമായി നൽകാൻ കേന്ദ്ര ഗവണ്മെന്റിനു ബാധ്യതയുണ്ട്.

താങ്കൾ ഇതിൽ ആശ്ചര്യപ്പെടേണ്ട ഇതു സത്യവും സർക്കാർ അംഗീകരിച്ചതുമാണ്. ഉദാഹരണത്തിന് ആദായനികുതി ദായകനായ A എന്നയാളുടെ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ  നികുതിവിധേയ വരുമാനം 4 ലക്ഷം, 5 ലക്ഷം, 6 ലക്ഷം പ്രകാരമാണെന്നു വിചാരിക്കുക. അപ്പോൾ ശരാശരി വാർഷിക വരുമാനം  5 ലക്ഷമെന്നു കാണാം. A അപകട മരണത്തിനിരയായാൽ സർക്കാരിൽ നിന്നു ടിയാന്റെ അനന്തിരാവകാശികൾക്കു ലഭിക്കേണ്ട നഷ്ടപരിഹാരത്തുക                            5X 10 = 50 ലക്ഷം രൂപയാണ്.

ഇതേപ്പറ്റി അറിവില്ലാത്തതിനാൽ ആളുകൾ ഈ വൻ സാമ്പത്തികാനുകൂല്യത്തിനായി അപേക്ഷ നൽകാത്തതുമൂലം സർക്കാരിന് വളരെ അപൂർവ്വമായി മാത്രമേ ഇത്തരം കോമ്പൻസേഷൻ നൽകേണ്ടി വരുന്നുള്ളു. അറിവുള്ളവരും, ഈ ആനുകൂല്യം ലഭിച്ചവരും ഇക്കാര്യം പരമരഹസ്യമായി സൂക്ഷിയ്ക്കുന്നതുമൂലം ആദായ നികുതിദായകരുടെ കുടുംബാംഗങ്ങൾക്ക് അർഹമായ വൻതുക അവരറിയാതെ നഷ്ടപ്പെടുകയാണ്.

ബഹു .സുപ്രീം കോടതിയുടെ Civil Appeal No: 9858 of 2013 ലെ വിധി പ്രകാരമാണ് സർക്കാരിന് ഈ ബാധ്യതയുണ്ടായിരിക്കുന്നത്.

നാലു വർഷം കഴിഞ്ഞിട്ടും

ആദായനികുതിവകുപ്പും, പത്ര-ദൃശ്യ മാധ്യമങ്ങളും സുപ്രധാനമായ ഈ വിവരം പൊതുജനങ്ങളിൽ നിന്നൊളിച്ചു വച്ചിരിക്കുകയാണ്.

വിവരങ്ങൾക്കു കടപ്പാട്

Mr: Roy P Kuriakose (Deputy Director of Prosecutions – Retd). (Forwarded as received)”

FB postarchived link

എന്നാൽ പ്രചരിക്കുന്ന സന്ദേശം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇങ്ങനെ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് യാതൊരു ബാധ്യതയുമില്ലെന്നും അന്വേഷണത്തിൽ ഞങ്ങൾ കണ്ടെത്തി 

വസ്തുത ഇങ്ങനെ

ഞങ്ങൾ അന്വേഷിച്ചപ്പോൾ കാലാകാലങ്ങളായി വിവിധ ഭാഷകളിൽ പ്രചരിക്കുന്ന സന്ദേശമാണിത്  എന്ന് മനസ്സിലാക്കാനായി. പ്രസക്തമായ കീ വേർഡ്സ് ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞപ്പോൾ ഇത് സംബന്ധിച്ച ഔദ്യോദിക നിയമങ്ങളോ തീരുമാനങ്ങളോ ഞങ്ങള്‍ക്ക് ലഭിച്ചില്ല. ഏതെങ്കിലും ആദായനികുതി ദായകർ മരിച്ചാൽ അവരുടെ വരുമാനത്തിന്‍റെ പത്തിരട്ടി നൽകാൻ കേന്ദ്ര സർക്കാർ ബാധ്യസ്ഥരാണ് എന്ന തരത്തിൽ ഏതെങ്കിലും നിയമങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ആദായ നികുതി വകുപ്പ് ഔദ്യോഗിക വെബ്സൈറ്റില്‍ ഇങ്ങനെ യാതൊരു പരാമര്‍ശവുമില്ല. ആദായ നികുതി റിട്ടേണ്‍ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ആദായ നികുതി വകുപ്പ് മാര്‍ഗരേഖ ഓണ്‍ലൈനില്‍ ലഭ്യമാണ്. ഇതില്‍ ഒരിടത്തും ഇങ്ങനെ ഒരു നിയമത്തെ കുറിച്ചോ നടപടിയെ കുറിച്ചോ പരാമര്‍ശമില്ല. മാര്‍ഗരേഖ താഴെ കാണാം. 

കൂടുതൽ വിശദാംശങ്ങൾക്കായി ഞങ്ങൾ കൊച്ചിയിൽ ടാക്സ് പ്രാക്ടീഷണർ ആയ സന്തോഷ് ജേക്കബുമായി സംസാരിച്ചു.  അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെയാണ്: ഇൻകം ടാക്സ് അടക്കുന്ന വ്യക്തി മരണപ്പെട്ടാൽ സർക്കാരിൽ നിന്നും നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന് ഇതുവരെ നിയമങ്ങളൊന്നും പ്രാബല്യത്തിലില്ല. പത്തിരട്ടി എന്നല്ല, ഒരു രൂപ പോലും ഈ വിഭാഗത്തില്‍ റിട്ടേണ്‍ ലഭിക്കില്ല. ഇൻകം ടാക്സ് അടക്കുന്ന ആൾക്ക് എന്തെങ്കിലും സംഭവിച്ചാല്‍ റിട്ടേണ്‍ ലഭിക്കാനുണ്ടെങ്കിൽ നിയമപ്രകാരം നോമിനിയായി വെച്ചിരിക്കുന്ന വ്യക്തിക്ക് അതിൽ പറഞ്ഞിരിക്കുന്ന തുക മാത്രം ലഭിക്കും. പോസ്റ്റിലെ സന്ദേശം തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. “

സുപ്രീംകോടതിയുടെ സുപ്രധാന വിധിക്ക് ആധാരമായി സന്ദേശത്തില്‍  ഒരു കേസിനെ പറ്റി പരാമർശിക്കുന്നുണ്ട്.  9858 OF 2013 എന്ന കേസിനെക്കുറിച്ച് തിരഞ്ഞപ്പോൾ ഞങ്ങൾക്ക് സുപ്രീംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും പ്രസ്തുത വിധിയുടെ പകർപ്പ് ലഭിച്ചു. 2003 ൽ മധ്യപ്രദേശിൽ നീലേഷ് എന്ന യുവാവ് അപകടത്തിൽ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വാഹനാപകട ക്ലെയിം ട്രിബ്യൂണലിനെ സമീപിച്ചു.  1,92,000 രൂപയാണ് ട്രിബ്യൂണൽ നഷ്ടപരിഹാരത്തുക അനുവദിച്ചത്. തുടർന്ന് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു.  ഹർജിക്കാർക്ക് കൂടുതൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.  മോട്ടോർ വാഹന നിയമം 165 വകുപ്പ് അനുസരിച്ച് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ച് നല്‍കാന്‍  സുപ്രീം കോടതി ഉത്തരവിട്ടു . 7 ലക്ഷം രൂപയാണ് സുപ്രീംകോടതി നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. കാരണം മരണവേലയില്‍ നീലേഷിന് വെറും 19 വയസ്സ് മാത്രമായിരുന്നു പ്രായം. പ്രസ്തുത കേസിൽ കീഴ്കോടതി നൽകിയ നഷ്ടപരിഹാരത്തുക സുപ്രീംകോടതി വർധിപ്പിച്ചു നൽകി എന്നല്ലാതെ മറ്റ് പരാമർശം ഒന്നും നടത്തിയിട്ടില്ല. 

നിഗമനം

പോസ്റ്റിലെ പ്രചരണം തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണ്.  ഇൻകം ടാക്സ് അടക്കുന്ന വ്യക്തി മരണപ്പെട്ടാല്‍ അയാളുടെ വരുമാനത്തിന് പത്തിരട്ടി തുക നൽകാൻ കേന്ദ്രസർക്കാർ ബാധ്യസ്ഥരാണ് എന്ന തരത്തിൽ പ്രചരിക്കുന്നത് തെറ്റായ സന്ദേശമാണ്. ഇത്തരത്തിൽ എന്തെങ്കിലും നിയമം ഇന്ത്യയിലില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:ആദായനികുതി ദായകര്‍ മരിച്ചാല്‍ സര്‍ക്കാരില്‍ നിന്നും പത്തിരട്ടി ധനസഹായം- പഴയ വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു…

Fact Check By: Vasuki S 

Result: False