‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും’ വൃക്കദാനത്തെക്കുറിച്ചുള്ള ഈ സന്ദേശം പഴയതും വ്യാജവുമാണ്…

ആരോഗ്യം സാമൂഹികം

അപകടത്തെ തുടർന്ന് മസ്തിഷ്‌കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രണ്ടംഗ കുടുംബത്തിന്‍റെ വൃക്കകൾ ദാനം ചെയ്യുന്ന  സന്ദേശം നിങ്ങളില്‍ പലരും ഇതിനോടകം കണ്ടുകാണും. വസ്തുത അറിയാതെ പോസ്റ്റ് പങ്കിട്ടവരില്‍ ശശി തരൂര്‍ എംപിയും ഉള്‍പ്പെടും. 

പ്രചരണം 

മനുഷ്യത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പങ്കിട്ട സന്ദേശമിങ്ങനെയാണ്: 

“For urgent sharing. 

പ്രിയപ്പെട്ട എല്ലാവരുടേയും അറിവിലേക്ക്.

 4 വൃക്കകൾ ലഭ്യമാണ്.

 ഇന്നലെ ഒരു അപകടത്തിൽപ്പെട്ട സുധീറിന്റെയും ഭാര്യയുടെയും (എന്റെ സുഹൃത്തിന്റെ സേവന സഹപ്രവർത്തകർ) മരണം കാരണം ഡോക്ടർ അവരെ മസ്തിഷ്ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ചു.  ശ്രീ. സുധീർ ബി + ഉം ഭാര്യ ഒ + ഉം ആണ്.  അവരുടെ കുടുംബം അവരുടെ വൃക്കകൾ മാനവികതയ്ക്കായി സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നു .ദയവായി ആവശ്യക്കാരിലേക്ക്  ഈ സന്തേശം എത്തിക്കുക.

   9837285283 എന്ന നമ്പറിൽ ബന്ധപ്പെടുക

                   9581544124

                   8977775312

 മറ്റൊരു ഗ്രൂപ്പിലേക്ക് കൈമാറുക, ഇത് ആരെയെങ്കിലും സഹായിക്കാം …”

FB postarchived link

ഏതാണ്ട് 2017 മുതല്‍ പ്രചരിപ്പിക്കുന്ന ഈ സന്ദേശം വ്യാജമാണെന്നും ഇങ്ങനെയൊരു അവയവദാനം ഔദ്യോഗിക വൃത്തങ്ങളില്‍ രേഖപ്പെടുത്തിയിട്ടില്ല എന്നുമാണ് ഞങ്ങളുടെ അന്വേഷണത്തില്‍ കണ്ടെത്താനായത്. 

വസ്തുത ഇങ്ങനെ  

വൃക്ക മാറ്റിവയ്ക്കുന്നതിന് കർശനമായ അവയവദാന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുണ്ട്. അവയവദാനത്തിന് പാലിക്കേണ്ട നടപടിക്രമങ്ങൾ മനസിലാക്കാൻ ഞങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അവയവദാന വിഭാഗമായ മൃതസഞ്ജീവനിയുമായി  ബന്ധപ്പെട്ടു. അവിടെ നിന്നും ഉദ്യോഗസ്ഥന്‍ ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചത് ഇങ്ങനെ: നിങ്ങൾക്ക് വാട്ട്‌സ്ആപ്പ് വഴി അവയവമാറ്റം സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ നിയമപരമായി സാധിക്കില്ല. ഒന്നാമതായി, രജിസ്റ്റർ ചെയ്ത ആശുപത്രികളിലെ രോഗികളിൽ നിന്ന് മാത്രമേ അവയവങ്ങൾ സ്വീകരിക്കാൻ കഴിയൂ. മസ്തിഷ്കമരണം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ട രോഗികളുടെ അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് യോഗ്യമാണെന്ന് കണക്കാക്കുന്നതിന് നാല് റൗണ്ട് നിര്‍ണ്ണയം നടത്തിയ ശേഷമാണ് അംഗീകാരം നൽകുന്നത്. സുധീര്‍ എന്നയാളുടെ വൃക്കദാനത്തെ കുറിച്ചുള്ള സന്ദേശത്തിനെതിരെ ഞങ്ങള്‍ മുമ്പ് പരാതിപ്പെട്ടിരുന്നു ഇതൊരു വ്യാജ സന്ദേശമാണ്,” ഏതാണ്ട് 2017 മുതല്‍ പ്രചരിക്കുന്ന സന്ദേശമാണിത്. കൃത്യമായ ഇടവേളകളില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ട് ഇരിക്കുന്നു.  കേരളത്തില്‍ അവയവദാന സേവനം ഉപയോഗിക്കണമെങ്കില്‍ കേരള സര്‍ക്കാരിന്‍റെ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. അല്ലാതെ ഇവിടെ അവയവദാനം നടക്കില്ല

നാല്-ആറ് മണിക്കൂറിനുള്ളിൽ ഹൃദയങ്ങൾ മാറ്റിവെക്കേണ്ടിവരും.  കരളും വൃക്കകളും എട്ട് മണിക്കൂറിനുള്ളിൽ മാറ്റിവയ്ക്കണം, രജിസ്റ്റർ ചെയ്ത ആശുപത്രികളിലൂടെ മാത്രമേ അവയവം മാറ്റിവെക്കല്‍ സാധ്യമാകൂ. ദാതാവ് രജിസ്റ്റർ ചെയ്യാത്ത ആശുപത്രിയിലാണെങ്കിൽ, അവയവം വീണ്ടെടുക്കുന്നതിനായി അവരെ രജിസ്റ്റർ ചെയ്ത ഒന്നിലേക്ക് മാറ്റും. രോഗിയെ മാറ്റാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ, സർക്കാരിന്‍റെ അനുമതിയോടെ, അതേ ആശുപത്രി താൽക്കാലിക കേന്ദ്രമാക്കി മാറ്റുന്നു,”

മനോരമ ന്യൂസ് ചാനലില്‍ ഇതേപ്പറ്റി ഒരു വാര്‍ത്ത ഞങ്ങളുടെ അഭ്യര്‍ഥന പ്രകാരം നല്‍കിയിരുന്നു.”

ഹ്യൂമൻ ഓർഗൻ ട്രാൻസ്‌പ്ലാന്‍റ് ആക്ട് 1994 പ്രകാരം വാണിജ്യാവശ്യങ്ങൾക്കായി മനുഷ്യാവയവങ്ങൾ കൈമാറ്റം ചെയ്യുന്നത് കുറ്റകരവും സെക്ഷൻ 19 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ കഴിയുന്നതുമാണ്. ഇൻഫോർമേഷൻ ടെക്‌നോളജി ആക്ടിലെ സെക്ഷൻ 66D പ്രകാരം കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പുകള്‍ കുറ്റകരമാണ്. കൂടാതെ IPC 505 (1), IPC 153, 499,  500 തുടങ്ങിയവ എല്ലാം സാമൂഹ്യ മാധ്യമങ്ങള്‍ വഴി തെറ്റായ പ്രചരണങ്ങള്‍ കുറ്റകരമാക്കുന്ന വകുപ്പുകളാണ്. 

ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്‌പ്ലാന്‍റ് ഓർഗനൈസേഷൻ (NOTTO) എന്ന പേരിൽ ഒരു പ്രത്യേക വിഭാഗമുണ്ട്, അവിടെ ദാനത്തിനുള്ള അവയവങ്ങളുടെ ലഭ്യതയും മുൻഗണനാ പട്ടികയുടെ അടിസ്ഥാനത്തിൽ അവയുടെ വിതരണവും നോക്കുന്നു. സംസ്ഥാന, പ്രാദേശിക ചാപ്റ്ററുകൾ അവയവദാനത്തിന്‍റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നു. കൂടാതെ, അവയവദാനത്തിന്‍റെ നേട്ടങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തുന്ന സോണൽ ട്രാൻസ്പ്ലാന്‍റ് കോർഡിനേഷൻ കമ്മിറ്റികളുമുണ്ട്. 

സുധീറിന്‍റെയും ഭാര്യയുടെയും വൃക്കകൾ ലഭ്യമാണ് എന്നു പറഞ്ഞുകൊണ്ടുള്ള സന്ദേശം അടിസ്ഥാന രഹിതമാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

നിഗമനം 

 പോസ്റ്റില്‍ നൽകിയിരിക്കുന്ന സന്ദേശം പൂർണമായും അടിസ്ഥാനരഹിതമാണ്. അവയവദാനത്തിന് ഇന്ത്യയിൽ ചില മാനദണ്ഡങ്ങളുണ്ട്. ഒരു അവയവം ഒരാളുടെ ശരീരത്തിൽ നിന്നും എടുത്തുകഴിഞ്ഞാല്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറ്റൊരാളുടെ ശരീരത്തിൽ വെച്ച് പിടിപ്പിക്കേണ്ടതുണ്ട്.  സർക്കാർ അനുമതിയില്ലാതെ ആർക്കും അവയവദാനം ചെയ്യാനാവില്ല. സാമൂഹ്യ മാധ്യമങ്ങൾ വഴി ഇത്തരത്തിൽ വരുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാൻ ശ്രദ്ധിയ്ക്കുക. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:‘അപകടത്തിൽ മരിച്ച സുധീറിന്‍റെയും ഭാര്യയുടെയും’ വൃക്കദാനത്തെക്കുറിച്ചുള്ള ഈ സന്ദേശം പഴയതും വ്യാജവുമാണ്…

Fact Check By: Vasuki S 

Result: False