RAPID FC: ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന പഴയ വ്യാജ പ്രചരണം  വീണ്ടും വൈറലാകുന്നു…

രാഷ്ട്രീയം

ഏറ്റവും ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ സംസ്ഥാന നേതൃത്വത്തിനെതിരെ ചില ആരോപണങ്ങൾ ഉന്നയിച്ചു എന്ന പഴയ വ്യാജ ആരോപണമാണ് വീണ്ടും പ്രചരിക്കുന്നത്.  

പ്രചരണം

തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ  തൃപ്പൂണിത്തുറ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ചില രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചു എന്നാണത്. 

ഡോ. കെ എസ് രാധാകൃഷ്ണന്‍റെ ചിത്രവുമായി പ്രചരിക്കുന്ന പോസ്റ്ററിലെ വാചകങ്ങൾ ഇങ്ങനെയാണ്: തൃപ്പൂണിത്തുറയിലെ ബിജെപി സ്ഥാനാർത്ഥി ആയിരുന്ന ഡോ. കെഎസ് രാധാകൃഷ്ണൻ പറയുന്നു സുരേന്ദ്രൻ നടത്തിയ കൊടും ചതിയുടെ കഥ.

വ്യക്തമായി പറഞ്ഞാൽ 6 കോടി കേന്ദ്രഫണ്ട് അനുവദിച്ച തൃപ്പൂണിത്തുറയിൽ 1 കോടി രൂപ മാത്രം എനിക്ക് നൽകിയ കെ സുരേന്ദ്രൻ 2 കോടി രൂപ കോഴ വാങ്ങി 15000 ബിജെപി വോട്ട് ബാബുവിന് മറിച്ചുകൊടുത്തു.. അപ്പോഴേക്കും ഞാൻ 15 ലക്ഷത്തോളം രൂപയുടെ കടക്കാരൻ ആയിക്കഴിഞ്ഞിരുന്നു..

ഡോ : കെ എസ്സ് രാധാകൃഷ്ണൻ

archived linkfacebook

കൂടാതെ പോസ്റ്റിനൊപ്പം ഒപ്പം പോസ്റ്റിൽ ഇങ്ങനെ വിവരണം നൽകിയിട്ടുണ്ട്: “നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിസ്ഥാനാർഥിയായി ഞാൻ തൃപ്പൂണിത്തുറയിൽ ജനവിധി തേടിയത്. കഴിഞ്ഞ 2016നിയമസഭാതെരഞ്ഞെടുപ്പിൽ ബിജെപിക്ക് 30000 വോട്ടും 2019 പാര്ലമെന്റ് തെരഞ്ഞെടുപ്പിൽ 40000 വോട്ടും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 42000 വോട്ടും നേടിയ സീറ്റ് അതായത് എങ്ങനെ പോയാലും 35000 പാർട്ടി അനുഭാവികൾ ഉള്ള മണ്ഡലം.അത് കൂടാതെ ഞാൻ ജനിച്ചു വളർന്ന നാട്.വ്യക്തിപരമായി എനിക്ക് ഒരുപാട് ബന്ധങ്ങലുള്ള മണ്ഡലത്തിൽ എനിക്ക് 10000 വോട്ട് അങ്ങനെയും ഉള്ള മണ്ഡലം അതാണ് തൃപ്പൂണിത്തുറ.അവിടെയാണ് ഞാൻ 20000 വോട്ടോടെ മൂന്നാം സ്ഥാനത്തായിപ്പോയത്. ആദ്യഘട്ടപ്രചാരണം തീർന്നപ്പോൾ കേന്ദ്രഫണ്ടിൽ നിന്ന് അനുവദിച്ച 50 ലക്ഷം ചിലവായി..എ ക്ലാസ് മണ്ഡലമായത് കൊണ്ട് 6C കിട്ടുമെന്നൊന്നും ഞാൻ കരുതിയില്ല.മാക്സിമം 4 കിട്ടുമെന്ന് കരുതി.പക്ഷെ രണ്ടാം ഘട്ടം മുതൽ ഫണ്ടിങ് മന്ദഗതിയിലായി..പ്രചാരണവും അതിനനുസരിച്ചു ഡൌൺ ആയി വന്നു.തുടക്കത്തിൽ പ്രചാരത്തിനു കൂടെ ഉണ്ടായിരുന്ന പലരെയും വിളിച്ചിട്ട് കിട്ടാതെയായി.പ്രവർത്തകരെ ഞാൻ പിറവം മണ്ഡലത്തിൽ നിന്ന് സ്വന്തം ചിലവിൽ ഇറക്കി പ്രചാരണം മുന്നോട്ട് നീക്കി.ഫണ്ട് വരൂന്നില്ലായെന്ന് അധ്യക്ഷനെ വിളിച്ചു നിരന്തരം പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സുരേന്ദ്രൻ ഫണ്ടുമായി മംഗലാപുരത്തു നിന്ന് ഹെലികോപ്റ്ററിൽ പുറപ്പെട്ടെങ്കിലും ഹെലികോപ്റ്റർ ലാൻഡ് ചെയ്യുന്ന ആലുവയിൽ പോലീസ് ചെക്കിങ് ഉണ്ടെന്നും സുരേന്ദ്രനെ സംശയമുണ്ടെന്നും രഹസ്യഇൻഫർമേഷൻ കിട്ടിയതിന്റെ അടിസ്ഥാനത്തിൽ കാശ് തൃശൂർ ജില്ലയിലെ ഏതോ കുഗ്രാമത്തിലേക്ക് ഹെലികോപ്റ്ററിൽ നിന്ന് വലിച്ചെറിഞ്ഞു. .പിന്നീട് വിളിച്ചപ്പോൾ സുരേന്ദ്രനോ ഉത്തരവാദപെട്ടവരോ ഫോൺ എടുക്കാതെയായി..മുൻനിരനേതാക്കന്മാർ ആരും മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാതെ വന്നപ്പോൾ എനിക്ക് കാര്യം ക്ലിയർ ആയി..അവിടം മുതൽ ഞാൻ അലേർട്ട് ആയി.സുരേന്ദ്രനുമായി അടുത്ത ബന്ധമുള്ള തൃപ്പൂണിത്തുറയിലെ നേതാക്കൾ രഹസ്യമായി ബാബുവിന് വേണ്ടി ശബരിമലവിഷയം മുൻനിർത്തി വോട്ട് ചോദിക്കുന്നത് അറിയുവാനിടയായി..സുരേന്ദ്രൻ ഹെലികോപ്റ്ററിൽ തൃപ്പൂണിത്തുറയിലൂടെ ആകാശവീഥിയിൽ കൂടി പറക്കുന്നത് പല തവണ കണ്ടു.പ്രചാരണം ഏതാണ്ട് അവിടം കൊണ്ട് നിർത്തി.കിടപ്പാടം പോകരുതല്ലോ. തൊട്ടടുത്ത ദിവസം ബിജെപി പ്രവർത്തകർ തനിക്ക് വോട്ട് ചെയ്യും എന്ന് പരസ്യമായി ബാബു പറഞ്ഞ രാത്രിയിൽ കെ സുരേന്ദ്രൻ എന്നെ കാണുവാൻ തൃപ്പൂണിത്തുറയിലെ എന്റെ പ്രചാരണഓഫിസിലെത്തി..പക്ഷെ അത് എന്റെ പാർട്ടിക്കാരുടെ തലയെണ്ണി 2 കോടി രൂപ ബാബുവിനോട് കോഴ വാങ്ങി തിരിച്ചു പോകുന്ന വഴിക്കായിരുന്നു എന്ന് വളരെ വൈകി ആണ് ഞാൻ അറിഞ്ഞത്. വ്യക്തമായി പറഞ്ഞാൽ 6 കോടി കേന്ദ്രഫണ്ട് അനുവദിച്ച തൃപ്പൂണിത്തുറയിൽ 1 കോടി രൂപ മാത്രം എനിക്ക് നൽകിയ കെ സുരേന്ദ്രൻ 2 കോടി രൂപ കോഴ വാങ്ങി 15000 ബിജെപി വോട്ട് ബാബുവിന് മറിച്ചുകൊടുത്തു.. അപ്പോഴേക്കും ഞാൻ 15 ലക്ഷത്തോളം രൂപയുടെ കടക്കാരൻ ആയിക്കഴിഞ്ഞിരുന്നു..

ഡോ : കെ എസ്സ് രാധാകൃഷ്ണൻ”

നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രചരിപ്പിച്ച വ്യാജവാർത്ത ഇത് വീണ്ടും ഇപ്പോൾ പ്രചരിപ്പിക്കുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി 

വസ്തുത ഇതാണ്

കൂടുതല്‍ വ്യക്തതയ്ക്കായി ഞങ്ങള്‍ ഡോ. കെ എസ് രാധാകൃഷ്ണനോട്‌  നേരിട്ട് ഇക്കാര്യം അന്വേഷിച്ചിരുന്നു. അദ്ദേഹം ഞങ്ങളുടെ പ്രതിനിധിയോട് വിശദമാക്കിയത് ഇങ്ങനെയാണ്: പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് എനിക്കെതിരെ നടത്തുന്നത്. നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് തുടങ്ങിയതാണിത്. അന്നും ഞാന്‍ പരാതി നല്‍കിയിരുന്നു. ഇന്നലെ ഡിജിപിക്ക് നേരിട്ടു പത്താതി നല്കി. നീതി ലഭിക്കുന്നതുവരെ നിയമനടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. ഈ വ്യാജ പ്രചരണം എന്നെ മാത്രമല്ല, പാര്‍ട്ടിയെ കൂടെയാണ് പ്രതിരോധത്തിലാക്കുന്നത്.”

“പൂര്‍ണ്ണമായും വ്യാജ പ്രചരണമാണ് ഡോ. കെ. എസ്. രാധാകൃഷ്ണന്‍റെ പ്രസ്താവന ഉപയോഗിച്ച് നടത്തുന്നത്. അദ്ദേഹം പരാതി നല്കിയിട്ടുണ്ട്. കള്ള പ്രചരണം നടത്തിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ പാര്‍ട്ടി അദ്ദേഹത്തിന് പിന്തുണ നല്‍കും.”   ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചത് ഇങ്ങനെയാണ്. 

ഇതേ പ്രചരണം മുമ്പ് നടന്നപ്പോള്‍ ഞങ്ങള്‍ വസ്തുത അന്വേഷണം നടത്തി ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. 

FACT CHECK: തെരഞ്ഞെടുപ്പ് ഫണ്ടുമായി ബന്ധപ്പെട്ട് ക്രമക്കേട് കാട്ടിയെന്ന് ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന് വ്യാജ പ്രചരണം…

തെറ്റായ പ്രചരണമാണ് ഡോ. കെ എസ് രാധാകൃഷ്ണന്‍റെ പേരില്‍ നടത്തുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. 

നിഗമനം

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. ഒടുവില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിന് ശേഷം സാമൂഹ്യ മാധ്യമങ്ങളില്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍റെ പേരില്‍ പ്രചരിച്ച വ്യാജ പ്രസ്താവനാ കുറിപ്പാണ് വീണ്ടും ഇപ്പോള്‍ വൈറല്‍ ആകുന്നത്. ഈ പ്രസ്താവന തന്‍റെതല്ലെന്ന് അദ്ദേഹം ആദ്യം തന്നെ വിശദമാക്കിയിരുന്നു.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:RAPID FC: ഡോ. കെ.എസ് രാധാകൃഷ്ണന്‍ കെ. സുരേന്ദ്രനെതിരെ ആരോപണം ഉന്നയിച്ചു എന്ന പഴയ വ്യാജ പ്രചരണം വീണ്ടും വൈറലാകുന്നു…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Your email address will not be published.