FACT CHECK: താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് വധിക്കുന്നു എന്ന്‍ പ്രചരിപ്പിക്കുന്നത് സിറിയയിലെയും ഇറാക്കിലെയും പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്…

അന്തര്‍ദേശിയ൦ | International

അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ അവിടെ മുന്നോട്ടുള്ള ജനജീവിതം ഭയാനകമാണ്  എന്ന് ഉറപ്പിച്ച് ജനങ്ങൾ ഇപ്പോഴും പലായനം തുടരുകയാണ്. 

പ്രചരണം 

ഇതിനിടയിൽ സാമൂഹ്യമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറൽ ആവുന്നുണ്ട്. എയർപോർട്ടിലേക്ക് പലായനത്തിനായി പോകുന്നവരെ അതിക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്.

കൊല്ലുന്നവർ ആരാണെന്നോ കൊല്ലപ്പെടുന്നവർ ആരാണെന്നോ വീഡിയോയില്‍ വ്യക്തമല്ല. എന്നാൽ നീചമായി കൊല്ലുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്നത് കൊല്ലുന്നവർ തന്നെയാണ് എന്ന് വ്യക്തമാണ്. വീഡിയോയോടൊപ്പം നൽകിയിട്ടുള്ള അടിക്കുറിപ്പ് ഇങ്ങനെയാണ്:   Afghanistan, talibans are shooting at those who want to escape from Afghanistan. Enroute airport in Kabul

അതായത് അഫ്ഗാനിസ്ഥാനിലെ കാബൂൾ എയർപോർട്ടിലേക്ക് സഞ്ചരിക്കുന്നവരെ താലിബാൻ പിന്തുടർന്ന് കൊലപ്പെടുത്തുന്നു എന്നാണ് അടിക്കുറിപ്പിന്‍റെ പരിഭാഷ. വാട്ട്സ് അപ്പില്‍ പ്രചരിക്കുന്ന വീഡിയോ സംശയ നിവാരണത്തിനായി വായനക്കാര്‍ ഞങ്ങള്‍ക്ക് അയക്കുന്നുണ്ട്.

താലിബാൻ ക്രൂരതയ്ക്ക് പേരുകേട്ട സംഘടനയാണെങ്കിലും അതിക്രൂരമായ ഈ ദൃശ്യങ്ങൾക്ക് അവരുമായി യാതൊരു ബന്ധവുമില്ല. പഴയ വിവിധ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് ഉണ്ടാക്കിയ ഒരു വീഡിയോയാണിത്.

ദൃശ്യങ്ങളുടെ തുടക്കത്തില്‍ വെള്ളനിറത്തിലുള്ള വലിയ കാറിൽ പോകുന്ന സംഘത്തിന്‍റെ നേർക്ക് വെടിയുതിർക്കുന്നത് ഐ. എസ്. തീവ്രവാദികൾ ആണെന്നാണ് റിവേഴ്സ് ഇമേജ് അന്വേഷണത്തിലൂടെ ലഭിച്ച ഫലങ്ങളിൽ നിന്നും വ്യക്തമാകുന്നത്. ഇറാഖിന്‍റെ പ്രാന്തപ്രദേശങ്ങളിൽ ഐ എസ് തീവ്രവാദികൾ നടത്തിയ നിഷ്ഠൂര കൊലപാതകങ്ങളുടെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ എന്ന വിവരണത്തോടെ 2014 മുതൽ ഈ ദൃശ്യങ്ങൾ ഇന്‍റര്‍നെറ്റിൽ മാധ്യമങ്ങളുടെ സൈറ്റുകളും മറ്റും നൽകിയിട്ടുണ്ട്.

വീഡിയോയിലെ മറ്റൊരു ദൃശ്യമായ മഞ്ഞനിറത്തിലുള്ള കാറില്‍ സഞ്ചരിക്കുന്നവർക്ക് നേർക്ക് വെടിയുതിർക്കുന്ന വെടിയുതിർക്കുന്ന ചിത്രവുമായി ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് ലഭിച്ച വാർത്ത  ഇങ്ങനെയാണ്: “യുഎൻ മനുഷ്യാവകാശ കമ്മീഷൻ തലവൻ നവി പില്ലേ ഇറാക്കില്‍ ഐഎസ് തീവ്രവാദികൾ മത നേതാക്കൾക്കും പട്ടാളക്കാര്‍ക്കും നേര്‍ക്ക് നടത്തുന്ന മനുഷ്യത്വരഹിതമായ കൊലപാതകങ്ങളെ അപലപിക്കുന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ നൂറുകണക്കിന് നിരപരാധികളായ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാക്ക്, ലെവന്റ് (ISIL) ജിഹാദി ഗ്രൂപ്പിൽ നിന്നുള്ള തീവ്രവാദികൾ വടക്കൻ ഇറാഖിലെ മൊസൂൾ, തിക്രിത് നഗരങ്ങൾ പിടിച്ചെടുക്കുകയും ഷിയാ ആധിപത്യമുള്ള സർക്കാരിനെ അട്ടിമറിക്കാൻ ബാഗ്ദാദിലേക്ക് നീങ്ങുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്തു.”

മറ്റുള്ള ചില ദൃശ്യങ്ങളുടെ വസ്തുത അന്വേഷണം നടത്തിയപ്പോള്‍ ഇവയൊക്കെ സിറിയ, ഇറാക്ക് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ് എന്ന് വ്യക്തമായി.

ഇറാക്കിലെയും സിറിയയിലെയും പഴയ ദൃശ്യങ്ങളാണ് പോസ്റ്റിലെ വീഡിയോയില്‍ ഉള്ളത്. 

നിഗമനം

പോസ്റ്റിലെ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്നത് അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്യാനായി കാബൂള്‍ വിമാനത്താവളത്തില്‍ പോകുന്നവരെ താലിബാനികള്‍ ആക്രമിച്ച് കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളല്ല. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ ദൃശ്യങ്ങള്‍ സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നുമുള്ള ഐഎസ് തീവ്രവാദികളുടെ ക്രൂരത വെളിപ്പെടുത്തുന്നവയാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:താലിബാനികള്‍ അഫ്‌ഗാനിസ്ഥാനില്‍ നിന്ന് പലായനം ചെയ്തവരെ പിന്തുടര്‍ന്ന് വധിക്കുന്നു എന്ന്‍ പ്രചരിപ്പിക്കുന്നത് സിറിയയിലെയും ഇറാക്കിലെയും പഴയ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്…

Fact Check By: Vasuki S 

Result: False