FACT CHECK: വീഡിയോ ദൃശ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേയ്ക്ക് ഓടി രക്ഷപ്പെടുന്നവരല്ല, സത്യം അറിയൂ…

അന്തര്‍ദേശിയ൦

അഫ്ഗാനിസ്ഥാനിൽ താലിബാൻ പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചതിനെതുടർന്ന് അമേരിക്കൻ സൈനികര്‍ ഏകദേശം പൂർണമായും അവിടെനിന്ന് പിന്മാറിയതായി വാർത്തകൾ വരുന്നുണ്ട്. അവസാന സൈനികനും കഴിഞ്ഞദിവസം പിൻമാറിയ ചിത്രം വളരെ വൈറലായിരുന്നു.

പ്രചരണം 

 ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകൾ റോഡിലൂടെ അവരുടെ സാധനങ്ങളും കയ്യിൽ പിടിച്ച് ഉച്ചത്തില്‍ ആരവങ്ങള്‍ മുഴക്കിക്കൊണ്ട് ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിൽ കാണുന്നത്. ജനങ്ങളുടെ ഈ ഓട്ടം ചിലർ അവരുടെ മൊബൈൽ ക്യാമറയിൽ ചിത്രീകരിക്കുന്നതും കാണാം. വീഡിയോയുടെ ഒപ്പം നൽകിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: “അഫ്ഗാനിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം പോയ ഉടനെ, പാകിസ്ഥാൻ അധികാരി പാക് അഫ്ഗാൻ അതിർത്തി തുറന്നു കൊടുത്തപ്പോൾ,   പാക്കിസ്ഥാനിലേക്ക്  ഓടികയറുന്ന അഫ്ഗാനികൾ ആണിത്. ഇതിൽ സ്ത്രീകളും, പുരുഷൻമാരും പെടും. 

 ഇന്ത്യയിൽ നുഴഞ്ഞുകയറി  അക്രമം ഉണ്ടാക്കുവാൻ, നാളെ പാക്കിസ്ഥാൻ ഇവരെ തന്നെ തിരഞ്ഞെടുക്കും.

 കുടുംബമില്ലാതെ അലയുന്നവൻ, നാളത്തെ ഭീകരൻ”

archived link

ഈ വീഡിയോയുടെ യഥാർത്ഥ്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  വായനക്കാരിൽ ചിലർ ഞങ്ങൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ചിരുന്നു.

വീഡിയോയെ കുറിച്ച് ഞങ്ങൾ അന്വേഷിച്ചു. പഴയ ഒരു വീഡിയോ ഇപ്പോഴത്തെ സംഘർഷവുമായി ബന്ധപ്പെടുത്തി തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.

 വസ്തുത ഇങ്ങനെ

ഞങ്ങൾ  വീഡിയോ വിവിധ കീ ഫ്രെയിമുകൾ ആയി  വിഭജിച്ച ശേഷം  അതിലൊന്നിന്റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോൾ വീഡിയോയുമായി ബന്ധപ്പെട്ട വാർത്ത ലഭിച്ചു. 2020 ഏപ്രിൽ എട്ടിന് പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെയാണ്: “കോവിഡ് -19 നിയന്ത്രണങ്ങൾ ഉദ്യോഗസ്ഥർ എടുത്തതിനുശേഷം പാക്കിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിലൂടെ ആയിരക്കണക്കിന് ആളുകൾ ഓടുന്നു. 

കോവിഡ് -19 ന്റെ വ്യാപനം തടയാൻ രണ്ടാഴ്ചയിലധികം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം അതിർത്തി തുറന്ന അധികാരികളെ അതിശയിപ്പിച്ചുകൊണ്ട് ആയിരക്കണക്കിന് അഫ്ഗാനിസ്ഥാനികള്‍ പാകിസ്താൻ അതിർത്തിയിലൂടെ ചൊവ്വാഴ്ച അവരുടെ മാതൃരാജ്യത്തിലേക്ക് ഒഴുകുന്നു.

“ഖൈബർ ചുരത്തിനടുത്തുള്ള തോർഖാം അതിർത്തിയില്‍ നിന്നുള്ള വീഡിയോയിൽ, അഫ്ഗാനികളുടെ വലിയ ജനക്കൂട്ടം കടന്നുപോകുന്നത് കാണാം. വ്യക്തമായും പേപ്പർ വർക്കുകൾ പരിശോധിച്ച് ക്വാറന്റൈൻ നടപ്പാക്കാനുള്ള ഔദ്യോഗിക ശ്രമങ്ങളെ മറികടന്നാണ് അഫ്ഗാനിസ്ഥാനികള്‍ മടങ്ങിയത്.”

ടെലിഗ്രാഫ് എന്ന മാധ്യമം 2020 ഏപ്രിൽ എട്ടിന് അവരുടെ യൂട്യൂബ് ചാനലിൽ വീഡിയോ നൽകിയിട്ടുണ്ട്.

Archived link

2020 ഏപ്രിലില്‍ രണ്ടു മാസം നീണ്ട നിയന്ത്രണങ്ങൾക്ക് ശേഷം അതിർത്തി തുറന്നപ്പോൾ അഫ്ഗാനിസ്ഥാനിൽ അവരുടെ രാജ്യത്തേക്ക് പാകിസ്ഥാനിൽ നിന്നും ഓടിക്കയറുന്ന ദൃശ്യങ്ങളാണിത്.

അല്ലാതെ ഇപ്പോഴത്തെ സംഘർഷാവസ്ഥയിൽ പാകിസ്താനിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും പാകിസ്ഥാനിലേക്ക് രക്ഷപ്പെടുന്ന ആളുകളുടെ ദൃശ്യങ്ങളാണിത് എന്നത് തെറ്റായ പ്രചരണമാണ്.

 നിഗമനം 

പോസ്റ്റിലെ പ്രചരണം പൂർണ്ണമായും തെറ്റാണ്. ഇത് അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത സാഹചര്യത്തില്‍  അഫ്‌ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടു പോകുന്നവരുടെ ദൃശ്യങ്ങളല്ല.  2020 ഏപ്രിൽ മാസത്തില്‍ കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി നിർബന്ധിത ക്വാറന്റൈന് ശേഷം പാക്കിസ്ഥാനിൽ നിന്നും മാതൃരാജ്യമായ അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നവരുടെ ദൃശ്യങ്ങളാണിത്. നിലവിലെ അഫ്ഗാനിസ്ഥാൻ സംഘർഷവുമായി ദൃശ്യങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ല.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:വീഡിയോ ദൃശ്യങ്ങളില്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിനെ തുടര്‍ന്ന് അഫ്‌ഗാനിസ്ഥാനില്‍ നിന്നും പാകിസ്ഥാനിലേയ്ക്ക് ഓടി രക്ഷപ്പെടുന്നവരല്ല, സത്യം അറിയൂ…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •