വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

പ്രാദേശികം | Local രാഷ്ട്രീയം | Politics

ലോക്സഭാ തെരെഞ്ഞെടുപ്പ് ഫലം ജൂണ്‍ നാലിന് പുറത്തു വരാനിരിക്കുന്നതിന് മുമ്പായി പല മാധ്യമങ്ങളും നടത്തിയ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ എല്‍‌ഡി‌എഫിന് ഭൂരിപക്ഷം പ്രവചിച്ചും അതല്ല, യു‌ഡി‌എഫ് കൂടുതല്‍ സീറ്റ് നേടുമെന്ന് പറഞ്ഞും ബി‌ജെ‌പി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്നും ഇല്ലെന്നും പ്രവചനം നടത്തിയും ഓരോ എക്സിറ്റ് പോളും വിഭിന്നവും വ്യത്യസ്തവുമാണ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ ബി‌ജെ‌പി സ്ഥാനാര്‍ത്ഥിയും കേന്ദ്ര മന്ത്രിയുമായ വി മുരളീധരന്‍ ജയിക്കുമെന്ന് ചില മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ പുറത്ത് വന്നതിനു പിന്നാലെ  ഒരു പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

പ്രചരണം 

വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കുറച്ച് ബി‌ജെ‌പി പ്രവര്‍ത്തകര്‍ പതാകയുമേന്തി പ്രകടനം നടത്തുന്നുവെന്ന് അവകാശപ്പെട്ട് ഒരു ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ എക്സിറ്റ് പോള്‍ ഫലത്തെ തുടര്‍ന്ന് ആഹ്ളാദ പ്രകടനം നടത്തുന്ന ദൃശ്യമാണിത് എന്നു സൂചിപ്പിച്ച് ഒപ്പമുള്ള വാചകങ്ങള്‍ ഇങ്ങനെ: “എക്സിറ്റ് പോളിൽ വിജയിച്ച ആറ്റിങ്ങൽ മണ്ഡലം ബിജെപി സ്ഥാനാർഥി വി മുരളീധരന് അഭിവാദ്യങ്ങൾ അർപ്പിച്ചു ബിജെപി പ്രവർത്തകര്‍ നടത്തിയ ആഹ്ലാദ പ്രകടനം”

FB postarchived link

എന്നാല്‍ പൂര്‍ണ്ണമായും വ്യാജ പ്രചരണമാണിതെന്ന് അന്വേഷണത്തില്‍ ഫാക്റ്റ് ക്രെസന്‍ഡോ കണ്ടെത്തി. 

വസ്തുത ഇതാണ് 

എക്സിറ്റ് പോളിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ മണ്ഡലം ബി‌ജെ‌പി പ്രവര്‍ത്തകര്‍ ഇങ്ങനെ ഒരു ആഹ്ളാദ പ്രകടനം നടത്തിയോ എന്നറിയാനായി ഞങ്ങള്‍ ആറ്റിങ്ങല്‍ ബി‌ജെ‌പി മണ്ഡലം പ്രസിഡന്‍റ് സന്തോഷുമായി സംസാരിച്ചു. പൂര്‍ണ്ണമായും തെറ്റായ പ്രചരണമാണിതെന്നും ഇത്തരത്തില്‍ യാതൊരു ആഹ്ളാദ പ്രകടനങ്ങളും ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആറ്റിങ്ങലില്‍ നടത്തിയിട്ടില്ലെന്നും വ്യാജ പ്രചരണത്തിനെതിരെ  നിയമ നടപടികള്‍ സ്വീകരിക്കുമെന്നും സന്തോഷ് ഞങ്ങളുടെ പ്രതിനിധിയെ അറിയിച്ചു. 

തുടര്‍ന്ന് ഞങ്ങള്‍ പോസ്റ്റിലെ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. ചിത്രത്തില്‍ കാണുന്നത് കായംകുളം കൃഷ്ണപുരം പഞ്ചായത്തിലെ ബി‌ജെ‌പി പഞ്ചായത്ത് മെമ്പര്‍മാരും പ്രവര്‍ത്തകരുമാണ്.  2022 ല്‍ ഉത്തർപ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടി ഉണ്ടായ വിജയത്തിൽ ബി‌ജെ‌പി കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദപ്രകടനം നടന്നിരുന്നു. പാറയില്‍ രാധാകൃഷ്ണന്‍, ശരത്ത് കുമാര്‍  പാട്ടത്തില്‍, കൃഷ്ണപുരം പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് മഞ്ജു അനില്‍ തുടങ്ങിയവരെയാണ് പ്രകടനത്തിന്‍റെ മുന്‍നിരയില്‍ കാണുന്നത്. 

വിശദാംശങ്ങള്‍ക്കായി ഞങ്ങള്‍ കൃഷ്ണപുരം പഞ്ചായത്ത് മെമ്പറും ബി‌ജെ‌പി സ്റ്റേറ്റ് കൌണ്‍സിലുമായ പാറയില്‍ രാധാകൃഷ്ണനുമായി സംസാരിച്ചു. “2022 മാര്‍ച്ചില്‍ അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പില്‍ നാലിലും ബി‌ജെ‌പി മികച്ച വിജയം നേടിയപ്പോള്‍ കൃഷ്ണപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍  2022 മാര്‍ച്ച് 10-11 തിയതികളില്‍ നടത്തിയ ആഹ്ളാദ പ്രകടനത്തില്‍ നിന്നുള്ള ചിത്രമാണിത്. ആറ്റിങ്ങളുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഞങ്ങളുടെ ചിത്രം ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കും.” –എന്നാണ് അദ്ദേഹം പ്രതികരിച്ചത്. 

നിഗമനം 

പോസ്റ്റിലേത് വ്യാജ പ്രചരണമാണ്. 2022 ല്‍ നാലു സംസ്ഥാനങ്ങളിലെ ബി‌ജെ‌പിയുടെ തെരെഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കായംകുളം കൃഷ്ണപുരം ബി‌ജെ‌പി പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ളാദ പ്രകടനത്തിന്‍റെ പഴയ ചിത്രമാണ് പോസ്റ്റിലുള്ളത്. 2024 ലോക്സഭാ തെരെഞ്ഞെടുപ്പ് എക്സിറ്റ് പോള്‍ ഫലങ്ങളില്‍ വി മുരളീധരന്‍ ജയിക്കുമെന്ന പ്രവചനം പുറത്തു വന്നതിനെ തുടര്‍ന്ന് ആറ്റിങ്ങല്‍ മണ്ഡലം ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന വ്യാജ പ്രചരണത്തിനായി പഴയ ചിത്രം ദുരുപയോഗം ചെയ്യുകയാണ്. 

ഞങ്ങളുടെ WhatsApp ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് ഫോളോ ചെയുക.

വ്യാജ വാര്‍ത്തയ്ക്കെതിരെയുള്ള പോരാട്ടത്തില്‍ ഞങ്ങളോടൊപ്പം ചേരൂ:

Facebook | Twitter | Instagram | WhatsApp (9049053770)

Avatar

Title:വി മുരളീധരന്‍ വിജയിക്കുമെന്ന എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ആറ്റിങ്ങലില്‍ ബി‌ജെ‌പി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തിയെന്ന് വ്യാജ പ്രചരണം…

Written By: Vasuki S 

Result: False

Leave a Reply

Your email address will not be published. Required fields are marked *