FACT CHECK: പട്ടാളക്കാരന്‍റെ തോക്കിന് നേരെ ചെറിയ കുട്ടി ഫോര്‍ക്ക് ചൂണ്ടി എതിരിടുന്ന ഈ ചിത്രം 2016 ലെതാണ്…

അന്തര്‍ദേശിയ൦ കലാപം

പ്രചരണം 

പാലസ്തിന്‍- ഇസ്രയേല്‍ സംഘര്‍ഷം തുടരുകയാണ്. ഇരു രാജ്യങ്ങളും പരസ്പരം ആക്രമണം തുടരുകയാണ് എന്നാണ് വാര്‍ത്തകളില്‍ നിന്നും അറിയാന്‍ കഴിയുന്നത്. ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷിച്ചാല്‍ ഇരു  രാജ്യങ്ങള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുന്ന രണ്ടു ചേരിയില്‍ പെട്ടവരെ കാണാം. ഒരു കൂട്ടര്‍ ഇസ്രയേല്‍ ആക്രമണത്തിന് ഇരകളായ  പാലസ്ഥിനില്‍ നിന്നുള്ളവരുടെ ദയനീയ കാഴ്ചകള്‍ പങ്കുവയ്ക്കുമ്പോള്‍ മറുവിഭാഗം ഇസ്രയേലില്‍ നിന്നുള്ള ദുരിത കാഴ്ചകളാണ് പങ്കുവയ്ക്കുന്നത്. 

പാലസ്തിനില്‍ നിന്നുള്ള ഒരു ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വളരെ വൈറല്‍ ആകുന്നുണ്ട്. ചിത്രത്തില്‍ തോക്ക് ചൂനി നില്‍ക്കുന്ന പട്ടാളക്കാരന്‍റെ നേര്‍ക്ക് തീന്മേശയില്‍ ഉപയോഗിക്കുന്ന ഫോര്‍ക്ക് സധൈര്യം ചൂണ്ടി എതിരിടാന്‍ ശ്രമിക്കുന്ന ഒരു ചെറിയ കുട്ടിയെ കാണാം. കുട്ടിയുടെ അമ്മയാവണം സമീപത്ത് ഭയന്ന് നിലത്തിരിക്കുന്നുണ്ട്. അമ്മയെ ആക്രമണത്തില്‍ നിന്ന്  സംരക്ഷിക്കാനാണ് കുട്ടി ശ്രമിക്കുന്നത്.

ചിത്രത്തോടൊപ്പം നല്‍കിയിരിക്കുന്ന വിവരണം ഇങ്ങനെയാണ്: ജനിച്ച മണ്ണിൽ സ്വന്തം വീട്ടുമുറ്റത്ത് സ്വന്തം മാതാവിന്റെ നെഞ്ചിലേക്ക് ചൂണ്ടിയ തോക്കിനെ ഒരു മുള്ളുകൊണ്ട് പ്രതിരോധിക്കുന്ന തീവൃവാതo    നിർവചനങ്ങൾ എന്തായാലും കണ്ണിൽ ചോരയില്ലാത്ത ജൂതന്റെ നെഞ്ചകം പിളർക്കുന്ന ദിവസം ലോകം കാണുക തന്നെ ചെയ്യും

അള്ളാഹുവേ  ഫലസ്തീൻ മക്കൾക്ക്‌ വിജയം കൊടുക്കണേ , ആമീൻ..

archived linkFB post

നിലവിലെ ഇസ്രായേലി ആക്രമണത്തില്‍ പാലസ്തിനില്‍ നിന്നുള്ള കാഴ്ച എന്ന തരത്തിലാണ് ചിത്രം പങ്കുവച്ചിട്ടുള്ളത്. എന്നാല്‍ ചിത്രം വളരെ പഴയതാണെന്നും നിലവിലെ ഇസ്രയേല്‍ പാലസ്തിന്‍ സംഘര്‍ഷവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല എന്നും ഞങ്ങള്‍ കണ്ടെത്തി.

വസ്തുത ഇങ്ങനെ 

പലരും ചിത്രം ഇതേ വിവരണത്തോടെ തന്നെ പങ്കുവയ്ക്കുന്നുണ്ട്.

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഈ ചിത്രം ഏതാണ്ട് 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ് എന്ന് കണ്ടു. 2016, 17, 18 വര്‍ഷങ്ങളില്‍ പല വെബ്സൈറ്റുകളും ഇതേ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2016 ല്‍  വാന്‍ഗാര്‍ഡ് എന്ന വെബ്സൈറ്റില്‍ നല്‍കിയ വിവരണ പ്രകാരം ചിത്രം സിറിയയില്‍ നിന്നുള്ളതാണ് എന്ന് അവകാശപ്പെടുന്നു. പട്ടാളക്കാരന്‍ ഇതു രാജ്യത്ത് നിന്നുള്ളയാളാണ് എന്ന് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ല. 

archived link

ഫാര്‍വാ ന്യൂസ്‌ എന്ന പേര്‍ഷ്യന്‍ ഭാഷയിലെ മാധ്യമ വാര്‍ത്ത അനുസരിച്ച് കുട്ടിയുടെ നേര്‍ക്ക് തോക്ക് ചൂണ്ടുന്നത് തീവ്രവാദിയാണ്. പട്ടാളക്കാരനല്ല. ഏതായാലും പഴയ റിപ്പോര്‍ട്ടുകള്‍ നോക്കിയാല്‍ ചിത്രം 2016 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമാണ്.  

അന്വേഷണത്തിനിടയില്‍ ഞങ്ങള്‍ക്ക് ഗ്രീക്ക് ഭാഷയില്‍ പ്രസിദ്ധീകരിച്ച ഒരു വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചു. ഈ ഫോട്ടോ യഥാര്‍ത്ഥത്തിലുള്ളത് അല്ലെന്നും വെറും ഫോട്ടോ ഷൂട്ട്‌ മാത്രമാണെന്നുമാണ് എല്ലിനിക ഹോക്സസ് എന്ന ഫാക്റ്റ് ചെക്ക് വെബ്സൈറ്റ് അവകാശപ്പെടുന്നത്. 

അവര്‍ വസ്തുതകള്‍ വിശദമാക്കുന്നത് ഇങ്ങനെയാണ്:

“2016 മുതൽ ഇന്റർനെറ്റ് ഉപയോക്താക്കൾ പങ്കുവയ്ക്കുന്ന  മുകളിലുള്ള ചിത്രം വ്യാജമാണ്. ഫോട്ടോയുടെ യഥാർത്ഥ ഉറവിടം യഥാര്‍ത്ഥത്തില്‍ അജ്ഞാതമാണെങ്കിലും ഇത് പലസ്തീനിൽ നിന്നോ സിറിയയിൽ നിന്നോ ആണെന്ന് അവകാശപ്പെട്ടാണ് പലരും പങ്കുവയ്ക്കുന്നത്.

ചിത്രത്തിലുള്ളത്  ഒരു ഇസ്രായേലി പട്ടാളക്കാരനല്ലെന്ന് ആദ്യം തന്നെ പറയാം. ‌ കാരണം ഇയാള്‍ ധരിച്ചിരിക്കുന്ന കാമോഫ്ലേജ് യൂണിഫോമും  എകെ -47 (കലാഷ്‌നികോവ്) ഉം ഇസ്രായേലി സൈന്യം ഉപയോഗിക്കുന്നില്ല. ബുള്ളറ്റ് പ്രൂഫ് വെസ്റ്റ്, ഹെൽമെറ്റ്, അവരുടെ ദൗത്യങ്ങളിൽ ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ ഇയാള്‍ ധരിച്ചിട്ടില്ല. വ്യക്തമായ വ്യത്യാസങ്ങൾ കാണാൻ ഇസ്രായേൽ സൈനികരുടെ ഫോട്ടോകൾ ഒറ്റനോട്ടത്തിൽ നോക്കിയാല്‍ മാത്രം മതി

ഫോട്ടോ സിറിയയിൽ നിന്നുള്ളതാണെന്ന വാദവും ശരിയല്ല. ഫോട്ടോയിലെ എകെ -47 വ്യാജമാണ്. യഥാർത്ഥ എകെ -47 നുമായി ചിത്രത്തിലെ തോക്കിന് നല്ല വ്യത്യാസങ്ങള്‍ ഉണ്ട്. അതിനു പുറമെ, ഇത് വളരെ ചെറുതാണ്. ഇതൊരു പ്ലാസ്റ്റിക് കളിപ്പാട്ടത്തെ അനുസ്മരിപ്പിക്കുന്നു.

താഴെ നല്‍കിയിരിക്കുന്ന താരതമ്യ ചിത്രം ശ്രദ്ധിക്കുക 

അന്വേഷണത്തില്‍ ചിത്രത്തിന് നിലവിലെ ഇസ്രയേല്‍ പാലസ്തിന്‍ കലാപവുമായി യാതൊരു ബന്ധവുമില്ലെന്നും 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍  ലഭ്യമായ  ഒരു പഴയ ഒരു ചിത്രം ഈ സന്ദര്‍ഭത്തില്‍ പ്രചരിപ്പിക്കുകയാണെന്നും വ്യക്തമായിട്ടുണ്ട്.

നിഗമനം

പോസ്റ്റിലെ ചിത്രം നിലവിലെ ഇസ്രയേല്‍ പാലസ്തിന്‍ കലാപത്തില്‍ നിന്നുള്ളതല്ല. 2016 മുതല്‍ ഇന്‍റര്‍നെറ്റില്‍ പ്രചരിക്കുന്ന പഴയ ചിത്രം ഈ സന്ദര്‍ഭത്തില്‍ പലസ്തിനുമായി തെറ്റായി ബന്ധപ്പെടുത്തി പ്രചരിപ്പിക്കുകയാണ്.

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalam ഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:പട്ടാളക്കാരന്‍റെ തോക്കിന് നേരെ ചെറിയ കുട്ടി ഫോര്‍ക്ക് ചൂണ്ടി എതിരിടുന്ന ഈ ചിത്രം 2016 ലെതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •