FACT CHECK: മുസ്ളിം ദേവാലയത്തില്‍ നമസ്ക്കരിക്കുന്ന സിഖുകാരന്‍റെ ചിത്രം 2017 ലേതാണ്… കര്‍ഷക സമരവുമായി ബന്ധമില്ല…

ദേശീയം രാഷ്ട്രീയം

വിവരണം 

ഡല്‍ഹിയില്‍ മാറ്റമില്ലാതെ തുടരുന്ന കര്‍ഷക സമരത്തില്‍ ഇപ്പോള്‍ സുപ്രീം കോടതി ഇടപെട്ടതായി വാര്‍ത്തകള്‍ അറിയിക്കുന്നു. വാര്‍ത്ത ഇങ്ങനെ: “വിവാദമായ പുതിയ കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തു. ദില്ലി അതിർത്തിയിൽ പ്രതിഷേധിക്കുന്ന കേന്ദ്രവും കർഷക യൂണിയനുകളും തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കാൻ 4 അംഗ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, വി രാമസുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇത് പ്രാബല്യത്തിൽ വരുത്തുമെന്ന് അറിയിച്ചു”

കാര്‍ഷിക സമര മുഖത്തു നിന്നുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ പലതും നിലവിലെ സമരവുമായി യാതൊരു ബന്ധവുമില്ലാത്തതായിരുന്നു  എന്ന് അന്വേഷണത്തില്‍ നിന്നും ഞങ്ങള്‍ മനസ്സിലാക്കി. ഇവയുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ ഞങ്ങളുടെ വെബ്സൈറ്റിലും ഫേസ്ബുക്ക് പേജിലും പരിശോധിക്കാം. 

ഇപ്പോള്‍ വീണ്ടും ഇത്തരത്തില്‍ ഒരു ചിത്രം പരച്ചരിച്ചു തുടങ്ങിയിട്ടുണ്ട്. സിഖ് തലപ്പാവ് ധരിച്ച ഒരു വ്യക്തി മുസ്ലിം പള്ളിയില്‍ നമസ്ക്കരിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഒപ്പം നല്‍കിയിട്ടുള്ള അടിക്കുറിപ്പ് പ്രകാരം കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ വന്ന വ്യക്തി ആണിത്. “കർഷക സമരത്തിനിടയിൽ നിന്ന് ഓടി മസ്ജിദിൽ എത്തി. പക്ഷേ നിസ്കരിക്കാനുള്ള തിടുക്കത്തിനിടയിൽ തലപ്പാവ് അഴിക്കാൻ മറന്നുപോയ ഒരു “പഞ്ചാബി കർഷകൻ”

ദേശദ്രോഹികളും ഖാലിസ്ഥാൻ വാദികളുമാണ് ഡൽഹിയിൽ സമരം ചെയ്യുന്നത്. അന്ന ദാദാക്കളായ കർഷകർ അവരുടെ കൃഷിയിടങ്ങളിൽ തന്നെയുണ്ട്. അതുകൊണ്ടാണ് സമരം തുടങ്ങി മാസം രണ്ടായിട്ടും മാർക്കറ്റിൽ കാർഷികോല്പന്നങ്ങൾ സുലഭമായി ലഭിക്കുന്നത്.”

archived linkFB post

എന്നാല്‍ ഈ ചിത്രത്തിന് കര്‍ഷക സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ഇതൊരു പഴയ ചിത്രമാണെന്നും ഫാക്റ്റ് ക്രെസണ്ടോ അന്വേഷണത്തില്‍ കണ്ടെത്തി.

വസ്തുതാ വിശകലനം 

പലരും ഇതേ പോസ്റ്റ് ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നുണ്ട്. 

ഞങ്ങള്‍ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണം നടത്തി നോക്കിയപ്പോള്‍ ഇത് 2017 മുതല്‍ പ്രചരിക്കുന്നുണ്ട് എന്ന് വ്യക്തമായി. 

ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ചിത്രത്തിന് നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് ഇങ്ങനെയാണ്: “ഈ സിഖ് തലപ്പാവുകാരന്‍ ഒരു പള്ളിയിൽ പ്രവേശിച്ച് വുദു ചെയ്യുകയും അതിശയകരമായി “അല്ലാഹു അക്ബർ” എന്ന് ഉറക്കെ ചൊല്ലുകയും എല്ലാവരുടെയും മുന്നിൽ വച്ച്  പ്രാർത്ഥിക്കുകയും ചെയ്തു. അല്ലാഹു ഈ മനോഹരമായ മതം ലോകമെമ്പാടും പ്രചരിപ്പിക്കട്ടെ.”

facebook | archived link

സംഭവം നടന്നത് എവിടെ ആണെന്നോ ഈ സിഖ് തലപ്പാവ് കെട്ടിയ വ്യക്തി ആരാണെന്നോ ഒരുപാട് തിരഞ്ഞെങ്കിലും ഫലങ്ങളൊന്നും ലഭ്യമായില്ല. ഒരു കാര്യം ഉറപ്പാണ്. 2017 മുതല്‍ പ്രചരിക്കുന്ന  ഈ ചിത്രത്തിന് നിലവിലെ കാര്‍ഷിക സമരവുമായി യാതൊരു ബന്ധവുമില്ല.  

നിഗമനം

പോസ്റ്റിലെ വാര്‍ത്ത തെറ്റാണ്. പ്രസ്തുത ചിത്രം നിലവിലെ കാര്‍ഷിക സമരത്തില്‍ നിന്നുള്ളതല്ല. ഇത് 2017 മുതല്‍ പ്രചരിക്കുന്ന ചിത്രമാണ്.

Avatar

Title:മുസ്ളിം ദേവാലയത്തില്‍ നമസ്ക്കരിക്കുന്ന സിഖുകാരന്‍റെ ചിത്രം 2017 ലേതാണ്… കര്‍ഷക സമരവുമായി ബന്ധമില്ല…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •