FACT CHECK:മിന്നല്‍ പ്രളയത്തിന് ശേഷം പാലായിലെ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

രാഷ്ട്രീയം സാമൂഹികം

കഴിഞ്ഞ രണ്ട് ദിവസം കേരളത്തിൽ പെയ്ത കനത്ത മഴ കോട്ടയം ഇടുക്കി ഇടുക്കി ജില്ലകളിലെ ചില ഭാഗങ്ങളിൽ കനത്ത നാശനഷ്ടം ഉണ്ടാക്കുകയും ഇതുവരെ 26 പേരുടെ ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കുകയും ചെയ്ത വാര്‍ത്ത നാമെല്ലാം മാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും അറിഞ്ഞിരുന്നു. 

 പ്രചരണം 

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളും ചിത്രങ്ങളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘കേരളത്തിൽ ലഹരി ജിഹാദുണ്ട്’ എന്ന പ്രസ്താവനയിലൂടെ വിവാദത്തിലായ  പാലയിലെ ബിഷപ്പുമായി ബന്ധപ്പെട്ട ഒരു പ്രചരണം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറല്‍ ആകുന്നുണ്ട്. പാലാ ബിഷപ്പ് ഹൌസില്‍ നിന്നും വെള്ളം ഇറങ്ങിയ ശേഷം മുസ്ലിം സന്നദ്ധ പ്രവര്‍ത്തകര്‍ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്നു എന്ന് വാദിക്കുന്ന ചിത്രമാണ് പ്രചരിക്കുന്നത്. ഇത് സൂചിപ്പിച്ച് നല്‍കിയിട്ടുള്ള പ്രചാരം ഇങ്ങനെയാണ്: “പാലാ വിശപ്പ് ഹൗസ് ഇന്ന് ക്ലീൻ ചെയ്തത് ഈരാറ്റുപേട്ടയിലെ ജിഹാദികൾ ആയിരുന്നു..ഒരു മാസങ്ങൾക്ക് മുമ്പു വർഗീയ ഭ്രാന്ത് പിടിച്ചു താൻ അസഭ്യം പറഞ്ഞ അതേ സമുദായക്കാർ.. അന്ന് പിന്തുണ തരാനും,ഒട്ടി നിക്കാനും, കാക്കമാരെ തെറി പറയാനും നിന്ന സംഘികൾ,ക്രിസ്ത്യൻ തീവ്രവാദികൾ ആരെയും ഇതിൻ്റെ ഏഴയലത്തു ഇന്ന് കണ്ടില്ല.”

archived linkFB post

ഞങ്ങൾ ചിത്രത്തെ കുറിച്ച് അന്വേഷിച്ചു. രണ്ടു കൊല്ലം മുമ്പുള്ള  പഴയ ഒരു ചിത്രം ബിഷപ്പ് ഹൌസിന്‍റെ  പേരിൽ ഇപ്പോള്‍ പ്രചരിപ്പിക്കുകയാണ് എന്ന് കണ്ടെത്തി.

വസ്തുത  ഇങ്ങനെ

ഞങ്ങൾ ചിത്രത്തിന്‍റെ റിവേഴ്സ് ഇമേജ് അന്വേഷണംനടത്തി നോക്കിയപ്പോൾ 2018 ലെ പ്രളയ സമയത്ത് ചാലക്കുടിയിലെ ഒരു പള്ളി വൃത്തിയാക്കുന്ന മുസ്ലിം സന്നദ്ധ പ്രവർത്തകരുടെ ചിത്രമാണിത് എന്ന് സൂചിപ്പിക്കുന്ന ചില ട്വീറ്റുകള്‍ ലഭിച്ചു.

ഈ സൂചന ഉപയോഗിച്ച് വീണ്ടും തിരഞ്ഞപ്പോള്‍ കോഴിക്കോട് മുസ്ലിം അഹമ്മദീയ ജമാ അത്തിന്‍റെ കൂടെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന, ഹ്യുമാനിറ്റി ഫസ്റ്റ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകര്‍ 2018  പ്രളയ സമയത്ത് ചാലക്കുടിയിലെ ക്രൈസ്തവ ദേവാലയം വൃത്തിയാക്കുന്നു എന്ന് വിവരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ലഭിച്ചു. 

സൂചനയെ പിന്തുടര്‍ന്ന് ഞങ്ങള്‍ കോഴിക്കോട് മുസ്ലിം അഹമ്മദീയ ജമാ അത്ത് സംഘടനയുടെ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. സംഘടനയുടെ പ്രസിദ്ധീകരണമായ സത്യദൂതന്‍ മാസികയുടെ മാനേജര്‍ ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: ചിത്രത്തില്‍ പള്ളി വൃത്തിയാക്കുന്നത് ഹുമാനിറ്റി ഫസ്റ്റ് സംഘടനയുടെ പ്രവര്‍ത്തകരാണ്, 2018 ലെ പ്രളയ സമയത്തെതാണ്. കൂടുതല്‍ വിവരങ്ങള്‍ സംഘടനയുടെ വോളണ്ടിയര്‍മാര്‍ നല്‍കും.”

 അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ ഹ്യുമാനിറ്റി ഫസ്റ്റ്  സംഘടനയുടെ ദേശീയ മെമ്പറും സൌത്ത് ഇന്ത്യയുടെ ചുമതലയുള്ള വാളണ്ടിയറുമായ ഷമീനുമായി സംസാരിച്ചു. അദ്ദേഹം ഞങ്ങളെ അറിയിച്ചത് ഇങ്ങനെയാണ്: “പോസ്റ്റിലുള്ളത് തെറ്റായ പ്രചരണമാണ്. ചിത്രം പാലാ ബിഷപ്പ് ഹൌസില്‍ നിന്നുള്ളതല്ല. ഞങ്ങള്‍ ചാലക്കുടിയിലെ രണ്ടു ക്രൈസ്തവ ദേവാലയങ്ങളും ചില വീടുകളും 2018 ലെ പ്രളയ സമയത്ത് വൃത്തിയാക്കിയിരുന്നു. അവിടെ നിന്നുള്ള ചിത്രമാണിത്.  ചിത്രങ്ങള്‍ ഞങ്ങളുടെ വെബ്സൈറ്റില്‍ ചിലപ്പോള്‍ കാണും. ലോകം മുഴുവന്‍ 91 രാജ്യങ്ങളിലായി സേവനം നടത്തുന്നുണ്ട് എങ്കിലും കൂടുതല്‍ പരസ്യ പ്രചരണങ്ങള്‍ക്ക് ഞങ്ങള്‍ ശ്രമിക്കാറില്ല. സംഘടനയുടെ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഞങ്ങള്‍ രാഷ്ട്രീയമോ മതമോ നോക്കിയല്ല, മനുഷ്യത്വം നോക്കിയാണ് സന്നദ്ധ സേവനങ്ങള്‍ നടത്തുന്നത്. പ്രളയ സമയത്ത് മാത്രമല്ല, എല്ലാ അടിയന്തിര സാഹചര്യങ്ങളിലും ഞങ്ങളുടെ വോളണ്ടിയര്‍മാര്‍ സേവനങ്ങള്‍ ചെയ്യാറുണ്ട്.”

കഴിഞ്ഞ ദിവസമുണ്ടായ പ്രളയശേഷം  പാലാ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്ന ചിത്രമല്ല ഇതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

നിഗമനം 

പോസ്റ്റിലെ പ്രചരണം പൂര്‍ണ്ണമായും തെറ്റാണ്. കഴിഞ്ഞ ദിവസത്തെ മിന്നല്‍ പ്രളയത്തിന്  ശേഷം മുസ്ലിം വോളണ്ടിയര്‍മാര്‍  പാലാ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്ന ചിത്രം എന്ന പേരില്‍ പ്രചരിപ്പിക്കുന്നത് 2018  ലെ പ്രളയ ശേഷം ഹുമാനിറ്റി ഫസ്റ്റ് എന്ന സംഘടനയുടെ പ്രവര്‍ത്തകര്‍ ചാലക്കുടിയിലെ ഒരു ക്രൈസ്തവ ദേവാലയം വൃത്തിയാക്കുന്നതിന്‍റെതാണ്. 

ഞങ്ങളുടെ ഏറ്റവും പുതിയ ഫാക്റ്റ് ചെക്കുകള്‍ ലഭിക്കാനായി ഞങ്ങളുടെ Telegram ചാനല്‍ Fact Crescendo Malayalamഈ ലിങ്ക് ഉപയോഗിച്ച് സബ്സ്ക്രൈബ് ചെയുക.

Avatar

Title:മിന്നല്‍ പ്രളയത്തിന് ശേഷം പാലായിലെ ബിഷപ്പ് ഹൌസ് വൃത്തിയാക്കുന്നു എന്ന് പ്രചരിപ്പിക്കുന്ന ചിത്രത്തിന്‍റെ സത്യമിതാണ്…

Fact Check By: Vasuki S 

Result: False

  •  
  •  
  •  
  •  
  •  
  •  
  •  
  •